ചികിത്സാപ്പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് സഹായവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. വിനോദിനിക്ക് കൃത്രിമ കൈ വച്ചുനല്‍കാമെന്ന് വിഡി സതീശൻ, കുട്ടിയുടെ മാതാപിതാക്കൾക്ക് ഉറപ്പ് നല്‍കി
ചെലവ് മുഴുവന്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞതായി വിനോദിനിയുടെ അച്ഛന്‍ അറിയിച്ചു. വിഡി സതീശന്‍ നേരിട്ട് വിളിച്ചെന്നും മകള്‍ക്കു സന്തോഷമായെന്നും വിനോദിനിയുടെ അമ്മയും മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ കൈയ്ക്ക് പരിക്കേറ്റത്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൈയില്‍ നീർക്കെട്ട് ഉണ്ടായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്. അന്നത്തെ സംഭവത്തിൽ രണ്ട് ഡോക്ടര്‍മാരെ സസ്‌പെൻഡ് ചെയ്തതിനപ്പുറം പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല.പണം കടംവാങ്ങിയാണ് വിനോദിനിയുടെ രക്ഷിതാക്കൾ ചികിത്സ നടത്തിയത്.
മാസങ്ങളോളം ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രി അധികൃതർ വരുത്തിയ ഗുരുതര വീഴ്ചയ്ക്ക് നഷ്ടപരിഹാരമെങ്കിലും വേണമെന്നാണ് ആവശ്യം.



