തൃശ്ശൂർ മറ്റത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി വിജയിച്ച മുഴുവൻ പഞ്ചായത്തംഗങ്ങളും ബിജെപിയിൽ ചേർന്നതിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മരുന്നിനുപോലും ഒരാളെ ബാക്കിവെയ്ക്കാതെ ബിജെപി അവരെ അങ്ങെടുത്തുവെന്നും കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല അതെന്നും മുഖ്യമന്ത്രി വിമർശിച്ചു.2016ൽ അരുണാചൽ പ്രദേശിൽ നടന്ന കോൺഗ്രസ് എംഎൽഎമാരുടെ കൂറുമാറ്റവും 2021ൽ പുതുച്ചേരിയിൽ എൻഡിഎ അധികാരത്തിലെത്തിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ഇതിൻ്റെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നും ആ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്റ് അധികാരത്തിൽ വരുന്നത് തടയാനാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയോടൊപ്പം പോയതെന്നും അതവർ തുറന്നുസമ്മതിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.



