ന്യൂഡൽഹി: രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സുപ്രീം കോടതിയുടെ ശക്തമായ വിമർശനം. റിപ്പോർട്ട് സമർപ്പിക്കാത്തതിൽ കേരള സർക്കാരിനോടുള്ള അതൃപ്തി കോടതി പ്രത്യേകമായി രേഖപ്പെടുത്തി.ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് റിപ്പോർട്ട് സമർപ്പിക്കാനായി മൂന്നാഴ്ചത്തെ സമയം കൂടി അനുവദിച്ചു. ഈ സമയപരിധിക്കുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് കോടതി കർശനമായ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ എട്ട് മാസത്തിനിടെ രാജ്യത്ത് 11 കസ്റ്റഡി മരണങ്ങൾ ഉണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശം. നിലവിൽ 11 സംസ്ഥാനങ്ങൾ മാത്രമാണ് നിർദേശത്തോട് പ്രതികരിച്ച് മറുപടി നൽകിയിട്ടുള്ളതെന്ന് വിഷയത്തിൽ അമിക്കസ് ക്യൂറിയായി നിയോഗിക്കപ്പെട്ട മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെ കോടതിയെ അറിയിച്ചു. കൂടാതെ, ദേശീയ ഏജൻസികളുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് കേന്ദ്രസർക്കാർ സമർപ്പിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഭരണനിർവഹണത്തിന് പേരുകേട്ടതും വളരെ മുന്നാക്കം നിൽക്കുന്നതുമായ സംസ്ഥാനം എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മടിക്കുന്നതെ”ന്ന് ജസ്റ്റിസ് സന്ദീപ് മേഹ്ത കേരളത്തെ ലക്ഷ്യമാക്കി ചോദ്യമുയർത്തി.
കേസ് സുപ്രീം കോടതി ഡിസംബർ 16-ന് വീണ്ടും പരിഗണിക്കും.



