കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്.ൽ ഉജ്ജ്വലമായ വിളംബരജാഥ നടന്നു. ജി.വി.എച്ച്. എസ്. എസ്. വിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ നടന്ന ജാഥയ്ക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.ഐ. അവിനാഷ് കുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത ജാഥ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സമാപിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് എസ്.പി.സി. യൂണിറ്റിന്റെ ഫ്ലാഷ് മോബ് ശ്രദ്ധനേടി. എൻസിസി, എസ്.പി.സി., എൻ.എസ്.എസ്., ഗൈഡ്സ് എന്നീ വിഭാഗങ്ങളിലെ കുട്ടികളും വിവിധ സ്കൂൾ സംഘങ്ങളും പരിപാടിയെ വർണാഭമാക്കി.പ്രോഗ്രാം കൺവീനർ ഇ.കെ. സുരേഷ്, പബ്ലിസിറ്റി കൺവീനർ അസ്ലം, പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ.വി., വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ എന്നിവരും മറ്റു സംഘാടകരും നേതൃത്വമേറ്റു.
ഈ മാസം 24 മുതൽ 28 വരെ അഞ്ചുദിവസം നീണ്ട് നിൽക്കുന്ന കലോത്സവം കൊയിലാണ്ടിയിലെ 22 വേദികളിലായി നടക്കും. യുപി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളായി 13,000-ത്തിലധികം വിദ്യാർത്ഥികൾ 319 മത്സര ഇനങ്ങളിൽ പങ്കെടുത്തു കഴിവുതെളിയിക്കും.
അറബി കലോത്സവവും സംസ്കൃതോത്സവവും സമാന്തരമായി സംഘടിപ്പിച്ചിട്ടുമുണ്ട്. 24-ാം തീയതി രാവിലെ 9 മുതൽ ജി.വി.എച്ച്.എസ്.എസ്. വേദിയിൽ രചനാമത്സരങ്ങൾ ആരംഭിക്കും.ചൈൽഡ് പ്രൊഡിജി പുരസ്കാര ജേതാവായ ആധികേഷ് പി 25-ാം തീയതി രാവിലെ 10 മണിക്ക് കലോത്സവ ഉദ്ഘാടനം നിർവഹിക്കും. 28-ാം തീയതി വൈകുന്നേരം 5 മണിക്ക് ചരിത്രകാരൻ ഡോ. എം.ആർ. രാഘവ് വാര്യർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.ഭക്ഷണശാല ബി.ഇ.എ.എം.യുപി. സ്കൂൾ പരിസരത്താണ് ഒരുക്കിയിരിക്കുന്നത്. മേളയോടനുബന്ധിച്ച് 25, 26, 27 തീയതികളിൽ വൈകുന്നേരം ബസ് സ്റ്റാൻഡിനടുത്തുള്ള ഓപ്പൺ സ്റ്റേജിൽ സാംസ്കാരിക സദസുകളും അരങ്ങേറും.



