കൊച്ചി: ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഹാല്‍ സിനിമയിലെ ചില സീനുകള്‍ വെട്ടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ബീഫ് ബിരിയാണി സീന്‍ ഒഴിവാക്കണം, രാഖിയെന്ന പേരില്‍ ചിലര്‍ കെട്ടുന്ന ചരട് അവ്യക്തമാക്കണം തുടങ്ങിയ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് കോടതി നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. അവയെല്ലാം വെട്ടിയ ശേഷം സെന്‍സര്‍ ബോര്‍ഡിന് വീണ്ടും സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കണം.
സിനിമയിലെ കോടതി നടപടികളുമായി ബന്ധപ്പെട്ട സീനുകളും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. നിര്‍മാതാക്കള്‍ അപേക്ഷ നല്‍കിയാല്‍ രണ്ടാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് കോടതി നിര്‍ദേശം നല്‍കി.
സെപ്റ്റംബര്‍ 12ന് സിനിമ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. ബിരിയാണി സീന്‍, നായിക ബുര്‍ഖ ധരിച്ച സീന്‍, പോലിസ് ചോദ്യം ചെയ്യുന്ന സീന്‍, കോളജിന്റെ പേര് അവ്യക്തമാക്കല്‍ എന്നിവയായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍.
കൂടാതെ താമരശേരി ബിഷപ്പ് ഹൗസ് കാണിക്കാനുള്ള അനുമതി, കോടതി മുറി കാണിക്കാനുള്ള അനുമതി എന്നിവ കാണിക്കാനും നിര്‍ദേശിച്ചു. തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതിന് പിന്നാലെ കേസില്‍ കത്തോലിക കോണ്‍ഗ്രസും ഇടപെടല്‍ അപേക്ഷ നല്‍കി. പിന്നീട് ആര്‍എസ്എസും കേസില്‍ കക്ഷിയായി.



