സെഷൻസ് കോടതിയില്‍ മുമ്ബ് സമർപ്പിച്ച ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കാനിരിക്കെ, ഈ കേസില്‍ കീഴ്കോടതിയിലും അദ്ദേഹം മറ്റൊരു ഹർജി സമർപ്പിച്ചിരുന്നു. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ രാഹുലിനെ ഇന്നലെ ഉച്ചയ്ക്കുശേഷം തിരികെ പൂജപ്പുര സെൻട്രല്‍ ജയിലിലേക്ക് മാറ്റി. സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ രാഹുല്‍ ഈശ്വർ അഞ്ചാമത്തെ പ്രതിയാണ്. നാലാം പ്രതിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ്, ജഡ്ജി അവധിയായതിനാല്‍ അത് ചുമതലയുള്ള മറ്റൊരു കോടതിയിലേക്ക് മാറ്റിയത്.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഇടയാകുന്ന കുറ്റം ചെയ്തിട്ടില്ലെന്നും രാഹുല്‍ ഈശ്വർ വാദിക്കുന്നു. പരാതിക്കാരിയുടെ പേര് അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ജാമ്യഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ പ്രവേശിച്ചതുമുതല്‍ നിരാഹാരമാണ് അദ്ദേഹം. പൊലീസ് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
വെള്ളം മാത്രം മതിയെന്ന ആവശ്യവും അതുമായി ബന്ധപ്പെട്ട രേഖയും ജയില്‍ സൂപ്രണ്ടിന് അദ്ദേഹം നല്‍കിയിരുന്നു. ആരോഗ്യനില ക്ഷയിച്ചതിനെ തുടർന്ന് ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ച് ഡ്രിപ്പ് നല്‍കിയിരുന്നു.
പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ ഇരുപത് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്



