ഭാവിയിലെ യുദ്ധക്കപ്പലുകളിൽ ആണവോർജ്ജം ഉപയോഗിക്കുന്നതിനെക്കുറിച്ച് നാവികസേന ആലോചനകൾ തുടങ്ങിയതായി റിപ്പോർട്ട്. നിലവിൽ ആസൂത്രണം ചെയ്തിട്ടുള്ള പ്രോജക്റ്റ്-𝟭𝟴 ക്ലാസ് ഡിസ്ട്രോയറുകൾക്ക് ശേഷം, ഫോസിൽ ഇന്ധനത്തിനുപകരം ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലുകളുടെ നിർമ്മാണത്തിലേക്ക് കടക്കാനാണ് സാധ്യത. ഇതിനായി 𝟭𝟬𝟬 മെഗാവാട്ട് ശേഷിയുള്ള ഇരട്ട റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുദ്ധക്കപ്പലുകളാകും നിർമ്മിക്കുക.
ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് സംഘർഷസമയങ്ങളിൽ യുദ്ധക്കപ്പലുകളുടെ ഓപ്പറേഷണൽ റേഞ്ചിനെയും (𝗢𝗣𝗘𝗥𝗔𝗧𝗜𝗢𝗡𝗔𝗟 𝗥𝗔𝗡𝗚𝗘) കൂടുതൽ സമയം പ്രവർത്തിക്കാനുള്ള ശേഷിയെയും ബാധിക്കും. ഇന്ധനം തീരുന്നതിനുമുമ്പ് തിരികെ നാവികതാവളത്തിലേക്ക് എത്തേണ്ടിവരുന്നത് തന്ത്രപ്രധാനമായ സാഹചര്യങ്ങളിൽ തിരിച്ചടിയുണ്ടാക്കും. മാത്രമല്ല, അടുത്ത 𝟯𝟬 മുതൽ 𝟰𝟬 വർഷത്തിനുള്ളിൽ ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത, വില, വിതരണശൃംഖല എന്നിവയിൽ ഉണ്ടായേക്കാവുന്ന അനിശ്ചിതത്വം നാവികസേനയെ ആശങ്കപ്പെടുത്തുന്നുമുണ്ട്.
ഇൻഡോ-പസഫിക് മേഖലയിൽ സാന്നിധ്യം ശക്തമാക്കാനും പ്രവർത്തനവ്യാപ്തി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. മേഖലയിലെ പ്രധാന നാവികശക്തിയായി നിലനിൽക്കണമെങ്കിൽ ഇന്ധനം നിറയ്ക്കാൻ ഇടയ്ക്കിടെ തീരത്തെത്താതെതന്നെ ദീർഘകാലം കടലിൽ തുടരാനും അതിവേഗം സഞ്ചരിക്കാനും കഴിയുന്ന യുദ്ധക്കപ്പലുകൾ വേണം. അതിനാലാണ് പുതിയതരം യുദ്ധക്കപ്പലുകളെപ്പറ്റി നാവികസേന ആലോചനകൾ ആരംഭിക്കുന്നത്.
ആണവ റിയാക്ടറുകളുടെ നിർമ്മാണത്തിൽ ഇന്ത്യക്ക് മികച്ച പരിചയസമ്പത്തുണ്ട്. ആണവ അന്തർവാഹിനികൾക്കായി ഇന്ത്യ ഇതിനകംതന്നെ 𝟴𝟯 മെഗാവാട്ട് ശേഷിയുള്ള റിയാക്ടറുകൾ വികസിപ്പിച്ചിട്ടുണ്ട്. ഇവ ഉപയോഗിക്കുന്ന അരിഹന്ത് ക്ലാസ് അന്തർവാഹിനികൾ നിലവിൽ നാവികസേനയുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, അടുത്ത ഘട്ടത്തിലുള്ള തദ്ദേശീയമായ വലിയ ആണവ അന്തർവാഹിനികൾക്കുവേണ്ടിയുള്ള 𝟭𝟵𝟬-𝟮𝟮𝟬 മെഗാവാട്ട് ശേഷിയുള്ള റിയാക്ടറുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. ഇവ പൂർത്തിയായാൽ അത്തരം റിയാക്ടറുകളെ യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കാനുള്ള നീക്കമാണ് പരിഗണനയിലുള്ളത്.



