ക്ഷേത്രസംസ്കാരത്തിനു നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച്, ശ്രീ പി ജി അനീഷ് ആചരിയ്ക്ക് ‘മള്ളിയൂർ ഭാഗവതഹംസം ജയന്തി ആദരവ്’ ലഭിച്ചു. തൃശ്ശൂർ പള്ളിക്കുന്നേൽ ശ്രീ ഗോപി ആചാരിയുടെയും ശ്രീമതി ചന്ദ്രികയുടെയും ഇരട്ടപ്പുത്രന്മാരിൽ രണ്ടാമനാണ് ചരിത്രഗവേഷകനും എഴുത്തുകാരനുമായ അനീഷ് ആചാരി.
ഒരു നാടിന്റെ സംസ്കാരത്തെ ലോകം അടയാളപ്പെടുത്തുന്നത് അവിടുത്തെ കലകളുടെയും നിർമ്മിതികളുടെയും അടിസ്ഥാനത്തിലാണ്.. കേരളം ലോകസാംസ്കാരിക ഭൂപടത്തിൽ മുഖ്യസ്ഥാനം നേടിയതും കേരളീയകലകളുടെയും വാസ്തുവിദ്യയാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളും അവിടുത്തെ വിഗ്രഹങ്ങളും ആഭരണങ്ങളും ആയുധങ്ങളുമൊക്കെ കൂടിച്ചേരുന്ന സംസ്കാരത്തനിമയിലാണ്. പുരാതനമായ ക്ഷേത്രങ്ങൾ കേരളത്തിന്റെ സാംസ്കാരികപൈതൃകത്തിന് മാറ്റ് കൂട്ടുന്ന അമൂല്യമായ നിർമ്മിതികളാണ് .ഒരു ക്ഷേത്രമെന്നാൽ ആരാധനാലയം മാത്രമല്ല. കലകളുടെയും അറിവിന്റെയും സാംസ്കാരികന്ദ്രവും കൂടിയാകുന്നു.
നമ്മുടെ പുരാതനമായ നിരവധി ക്ഷേത്രങ്ങൾ കാലപ്പഴക്കത്താലും വേണ്ടപ്പെട്ടവരുടെ അനാസ്ഥകൊണ്ടും നശിച്ചുപോയിട്ടുണ്ട്. ചരിത്രപഠനത്തിനായുള്ള യാത്രയിൽ അത്തരം ക്ഷേത്രങ്ങളുടെ ചരിത്രം ശേഖരിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുകയും ചെയ്യാൻ അനീഷ് ആചാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ശ്രമഫലമായി പല ക്ഷേത്രങ്ങളുടെയും അധികാരികളും നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കുകയും വാമൊഴികളിലെ കഥകളായിത്തീരുമായിരുന്ന പല ക്ഷേത്രങ്ങളും പുനർനിർമ്മിക്കപ്പെടുകയും ചെയ്തു. ദേവസ്വത്തിന്റെ അധികാരത്തിലുള്ള ക്ഷേത്രങ്ങളുടെ ദുരവസ്‌ഥയിൽവരെ അനീഷ് ആചാരി സധൈര്യം ഇടപെട്ടിട്ടുണ്ട്.സാംസ്കാരികകേരളത്തിന് പി ജി അനീഷ് ആചാരി നൽകിയ സംഭാവനകൾ ഒട്ടും ചെറുതല്ല.
കേരളത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഭാഗവതപണ്ഡിതനായിരുന്നു ശ്രീ മള്ളിയൂർ ശങ്കരൻ നമ്പൂതിരി. ഭാഗവതത്തിലുള്ള അഗാധമായ പാണ്ഡിത്യമാണ് അദ്ദേഹത്തിന് ഭാഗവതഹംസം എന്ന സ്ഥാനപ്പേര് നേടിക്കൊടുത്തത് .1945ൽ ശങ്കരൻ തിരുമേനി അക്കാലത്തെ പ്രസിദ്ധനായ ഭാഗവതാചാര്യൻ നീലകണ്ഠൻ നമ്പൂതിരിയിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു ഭഗവതോപദേശം സ്വീകരിച്ചു. മള്ളിയൂർ ഗണപതിക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന അദ്ദേഹം അന്നുമുതൽ ധ്യാനശ്ലോകം ചൊല്ലേണ്ട ഗണപതിക്ഷേത്രത്തിൽ ഭാഗവതം ചൊല്ലി തുടങ്ങി. കയ്യിലുണ്ടായിരുന്ന സാളഗ്രാമം ഗണപതിവിഗ്രഹത്തിന് സമീപം അർപ്പിച്ചുകൊണ്ട് നീണ്ട നാലുപതിറ്റാണ്ട് മുടങ്ങാതെ ഭാഗവതം ചൊല്ലിയ നിഷ്ക്കാമഭക്തനായ ശങ്കരൻ നമ്പൂതിരിയുടെ സാന്നിധ്യത്താൽ മള്ളിയൂരിലെ പ്രതിഷ്ഠ ഗണപതിയുടെ മടിയിലിരിക്കുന്ന ഉണ്ണിക്കണ്ണനായി.ജീർണ്ണാവസ്ഥയിലായിരുന്ന മള്ളിയൂർക്ഷേത്രം ഈ കാലയാളവിലാണ് ഇന്ന് കാണുന്ന അഭിവൃദ്ധി നേടിയത്.
ഗണപതിഭഗവാന്റെ അപൂർവസങ്കല്പമായബീജഗണപതിയാണ് മള്ളിയൂരിലെ പ്രതിഷ്ഠ.മനുഷ്യന്റെ ചിന്തയും പ്രവർത്തിയും തമ്മിലുള്ള ഐക്യഭാവമാണ് ഈ പ്രതിഷ്ഠ നൽകുന്ന സന്ദേശം. ബുദ്ധിയുടെയും അറിവിന്റെയും പ്രതീകമായ ഗണപതിയുടെ മടിയിലിരുന്നു ഭഗവതകഥ കേൾക്കുന്ന ഉണ്ണിക്കണ്ണൻ, മനുഷ്യന് ലഭിക്കുന്ന സിദ്ധിയുടെ പ്രതീകമാണ്. മുതിർന്നവരും യുവജനങ്ങളും നാടിന്റെ നന്മയ്ക്കായി ഏകഭാവത്തോടെ നിലകൊള്ളണമെന്നുള്ള മഹത്തായ സന്ദേശമാണ് മള്ളിയൂർ ശങ്കരൻ തിരുമേനി ലോകത്തിന് പകർന്നു നൽകിയത്. തീർച്ചയായും ക്ഷേത്രമെന്നാൽ അറിവിന്റെയും കലകളുടെയും കേന്ദ്രമാകുന്നു.
2000ത്തിൽ രൂപംകൊണ്ട മള്ളിയൂർക്ഷേത്രം ട്രസ്റ്റ്, എല്ലാവർഷവും അഖിലഭാരത ശ്രീമദ് ഭാഗവതാമൃതസത്രം നടത്തിവരാറുണ്ട്.2011ഓഗസ്റ്റ് രണ്ടിന് ശങ്കരൻ നമ്പൂതിരി ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 2012മുതൽ ട്രെസ്റ്റ് എല്ലാവർഷവും മള്ളിയൂർ ഭാഗവതഹംസം ജയന്തി ആചരിക്കുന്നു.അനുഗ്രഹീതനായ ശങ്കരൻ നമ്പൂതിരിയുടെ പേരിലുള്ള ആദ്യത്തെ ആദരവ് ഏറ്റുവാങ്ങിയത് ഭാരതത്തിന്റെ മുൻ രാഷ്ട്രപതി ശ്രീ എ പി ജെ അബ്‌ദുൾകലാമാണ്. ഈ ആദരവ് ലഭിക്കുന്ന പ്രഗത്ഭരായവരിൽ പതിനാലാമനാണ് ശ്രീ പി ജി അനീഷ് ആചാരി
26-01-2025ൽ ഭഗവതമഹാസത്രവേദിയിൽ വച്ചു പൊതുപ്രവർത്തകനായ ശ്രീ ശ്രീജിത് പണിക്കർ അനീഷ് ആചാരിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ശങ്കരൻ നമ്പൂതിരിയുടെ മകൻ ശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉപഹാരം നൽകി.വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ നിസ്വാർത്ഥസേവനത്തിന്റെ പ്രതിഫലമായി ഏറ്റവും ശ്രേഷ്ഠമായ ആദരവിന് അർഹനായ അനീഷ് ആചാരി എന്ന ചാലക്കുടിക്കാരൻ ഒരു ചരിത്രപുസ്തകം സാംസ്കാരികകേരളത്തിന് സംഭാവന ചെയ്യാനുള്ള തിരക്കിലാണ്.