സെൻട്രൽ ലേബർ കമ്മിഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ച വിജയമായതോടെ മാർച്ച് 24,25 തിയതികളിൽ രാജ്യവ്യാപകമായി നടത്താനിരുന്ന ദ്വിദിന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവച്ചതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അറിയിച്ചു .
കരാർ, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, എല്ലാ തസ്തികളിലും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, ബാങ്ക് ഓഫീസർമാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, പഞ്ചദിന ബാങ്കിങ് നടപ്പിലാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്കരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്കിങ് മേഖലയിലെ ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു പണിമുടക്കിന് ആഹ്വാനം ചെയ്തത്
യുഎഫ്ബിയുവും ഇന്ത്യൻ ബാങ്ക് അസോസിയേഷനും കേന്ദ്ര ലേബർ കമീഷണറും തമ്മിൽ നടത്തിയ ചർച്ചയെതുടർന്നാണ് പണിമുടക്ക് മാറ്റിയത്. തൊഴിലാളികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഉറപ്പ് നൽകി. വിഷയത്തിൽ ഏപ്രിൽ ആദ്യം വീണ്ടും ചർച്ച നടക്കും.