മുംബൈ: മുംബൈയിൽ യുവാവ് ആൾക്കൂട്ടം നോക്കി നിൽക്കെ തിരക്കുള്ള റോഡിൽ വച്ച് മുൻ കാമുകിയെ സ്പാനറു കൊണ്ട് അടിച്ചുകൊന്നു. രോഹിത്ത് യാദവ് (20) വാണ് മുൻ കാമുകി ആരതി യാദവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ആരതി പുതിയ ബന്ധം ആരംഭിച്ചെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം. ആരതിയെ സ്പാനറുമായി പിന്തുടർന്ന യാദവ്, ഇവരുടെ ശ്വാസം നിലയ്ക്കുന്നതുവരെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ആരതി ജോലിക്ക് പോകവെ സായിയിലെ കിഴക്ക് ചിഞ്ച്പട മേഖലയിൽ രാവിലെ 8.30 ഓടെയായിരുന്നു കൊലപാതകം. തിരക്കുള്ള റോഡിലൂടെയാണ് ആരതി നടന്നു പോയിരുന്നത്. പിന്നിലൂടെ രോഹിത് പാഞ്ഞടുത്ത് തലയ്ക്ക് സ്പാനറുകൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ ആരതി താഴെ വീണു. തല ഉയർത്താൻ ശ്രമിച്ചെങ്കിലും രോഹിത്ത് യാദവ് 15 തവണ ആരതിയുടെ തലയ്ക്ക് സ്പാനറുകൊണ്ട് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ആരതി മരിച്ചു. ആരതി അനങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് ഇയാൾ ആക്രമണം നിർത്തിയത്.
രോഹിത്തിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ആരതി ബന്ധം അവസാനിപ്പിച്ചതോടെ രോഹിത്ത് അസ്വസ്ഥനായിരുന്നു. ആരതി മറ്റൊരാളുമായി ബന്ധത്തിലാണെന്ന സംശയം ഇയാൾക്കുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.