അഹമ്മദാബാദ്: ഗുജറാത്തിലെ മൊദാസയിൽ കുടുംബവുമായി പോയ ആംബുലൻസിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം നാല് മരണം. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകവെയാണ് തീപിടിച്ചതെന്ന് ആരവല്ലി പോലീസ് സൂപ്രണ്ട് (എസ്‌പി) മനോഹർസിങ് ജഡേജ പറഞ്ഞു.
സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിനാണ് തീപിടിച്ചത്. മൊദാസ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പുലർച്ചെ 12:45 ഓടെ ഓടിക്കൊണ്ടിരിക്കുന്ന ആംബുലൻസിൽ തീപിടുത്തമുണ്ടായി.
മരിച്ച നാല് പേരിൽ ഡോക്ടറും നഴ്‌സും നവജാത ശിശുവും ഉൾപ്പെടുന്നു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ടിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നും എസ്പി കൂട്ടിച്ചേർത്തു.
കുഞ്ഞിന്റെ മുത്തശ്ശി ഉൾപ്പെടെയുള്ള കുടുംബം മഹിസാഗറിലെ ലുനാവാഡയിൽ നിന്ന് ചികിത്സയ്ക്കായി മൊദാസയിൽ എത്തിയതായിരുന്നു. കുഞ്ഞിന്റെ അവസ്ഥ വഷളായതിനെ ത്തുടർന്ന്, കൂടുതൽ ചികിത്സയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



