ന്യൂഡൽഹി; ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ(നീറ്റ്)യിൽ തെറ്റായകാര്യങ്ങള്‍ സംഭവിച്ചെങ്കില്‍ അത് അംഗീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും ദേശീയ ടെസ്റ്റിങ് ഏജൻസിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു.
ആയിരത്തിലൊരംശമെങ്കിലും കൃത്യവിലോപമുണ്ടായാലും ശക്തമായ നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചു. ക്രമക്കേട് ആരോപിച്ച് അധ്യാപകനായ നിതിൻ വിജയ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, എസ് വി ഭാട്ടി എന്നിവരുടെ ബെഞ്ചിന്റെ ശക്തമായ നിരീക്ഷണം. തെറ്റുപറ്റിയെങ്കിൽ എൻടിഎ അത് ഏറ്റുപറയാൻ തയ്യാറാകണം. തിരുത്തൽ നടപടി എന്തെന്നും വെളിപ്പെടുത്തണം.
കേന്ദ്രത്തിനും എൻടിഎയ്‌ക്കും നോട്ടീസയച്ച കോടതി മറുപടി നൽകാൻ രണ്ടാഴ്‌ച അനുവദിച്ചു. 0.001 ശതമാനം കൃത്യവിലോപമുണ്ടായാൽപ്പോലും ശക്തവും സമഗ്രവുമായി കൈകാര്യം ചെയ്യണം. ഇത്തരം ഹർജികളെ ശത്രുതാ മനോഭാവത്തോടെ സമീപിക്കരുത്. പരീക്ഷാത്തട്ടിപ്പ് നടത്തിയ ഒരാൾ ഭാവിയിൽ ഡോക്ടറായാൽ സമൂഹത്തിനുതന്നെ അപകടകരമാണ്.
അങ്ങേയറ്റം കടുപ്പമുള്ള മത്സരപരീക്ഷയ്‌ക്ക് കഠിനാധ്വാനം ചെയ്യുന്ന കുട്ടികളെപ്പറ്റി കോടതി ബോധവാന്മാരാണ്.
പരീക്ഷയിൽ തട്ടിപ്പ് കാണിക്കാൻ മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്‌തതടക്കം പരിശോധിക്കണം–- കോടതി നിരീക്ഷിച്ചു. മറ്റു ഹർജികൾക്കൊപ്പം ജൂലൈ എട്ടിന് ഈ ഹർജിയും കേൾക്കും.