ചെന്നൈ: തെരുവോരത്ത് നിന്ന് ലഭിച്ച 45 ലക്ഷം രൂപയുടെ സ്വർണനാണയങ്ങൾ പോലീസിനെ ഏല്പിച്ച ശുചീകരണത്തൊഴിലാളി പത്മയ്ക്ക് അഭിനന്ദനവുമായി നടൻ രജനീകാന്ത്. ചെന്നൈയിൽ ശുചീകരണ ജോലി ചെയ്യുന്നതിനിടെയാണ് പത്മയ്ക്ക് സ്വർണമടങ്ങിയ സഞ്ചി ലഭിച്ചത്.
പത്മയുടെ അസാമാന്യമായ സത്യസന്ധതയെ പ്രകീർത്തിച്ച രജനീകാന്ത്, അവരെ നേരിട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും സ്വർണമാല സമ്മാനമായി നൽകുകയും ചെയ്തു. നേരത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പത്മയെ നേരിട്ട് കണ്ട് ഒരു ലക്ഷം രൂപ പാരിതോഷികം നൽകി ആദരിച്ചിരുന്നു.ജനുവരി 11-ന് ചെന്നൈ ത്യാഗരാജ നഗറിൽ ജോലി ചെയ്യുന്നതിനിടെയാണ് പത്മയ്ക്ക് ഈ തുണിസഞ്ചി ലഭിക്കുന്നത്.
ഉടൻതന്നെ അവർ ഇത് പോണ്ടിബസാർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉടമസ്ഥനായ രമേഷിനെ കണ്ടെത്തുകയും സ്വർണം കൈമാറുകയും ചെയ്തു.സ്വർണവില കുതിച്ചുയരുന്ന കാലത്ത് പത്മ കാണിച്ച ഈ വലിയ സത്യസന്ധത ഇപ്പോൾ തമിഴ്നാട്ടിലുടനീളം വലിയ ചർച്ചയായിരിക്കുകയാണ്.



