ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ ബിജെപി പ്രവർത്തകയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് മർദ്ദിച്ചതായും വസ്ത്രങ്ങൾ വലിച്ചുകീറിയതായും ആരോപണം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മേഖലയിൽ വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്.
ഒരു ബസിനുള്ളിൽ വെച്ച് പുരുഷ-വനിതാ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് വനിതാ പ്രവർത്തകയെ വളയുന്നതും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. തടങ്കലിലാക്കുന്നതിനെ ഇവർ എതിർത്തതോടെ പൊലീസ് മർദ്ദിക്കുകയും വസ്ത്രങ്ങൾ അലക്ഷ്യമായി വലിച്ചു കീറുകയും ചെയ്തുവെന്നാണ് ആരോപണം.
കോൺഗ്രസ് കോർപ്പറേറ്റർ സുവർണ കല്ലകുണ്ട്‌ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ വനിതാ പ്രവർത്തകയെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നു. വോട്ടർ പട്ടികയിൽ നിന്ന് ചില പേരുകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരെ സഹായിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് പരാതി നൽകിയത്. എന്നാൽ ഈ ആരോപണം ഇവർ നിഷേധിച്ചിട്ടുണ്ട്.നേരത്തെ കോൺഗ്രസ് പ്രവർത്തകയായിരുന്ന ഇവർ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. ഇതും തർക്കങ്ങൾക്ക് കാരണമായതായി കരുതപ്പെടുന്നു. ഈ സംഭവത്തെത്തുടർന്ന് ഹുബ്ബള്ളിയിൽ ബിജെപി പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ബിജെപിയും കോൺഗ്രസും പരസ്പരം പരാതികൾ നൽകിയിട്ടുള്ളതിനാൽ പ്രദേശത്ത് ഇപ്പോഴും രാഷ്ട്രീയ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.



