ബംഗളൂരു: ബംഗളൂരു രാമ നഗറിലെ അപ്പാർട്മെന്റിലുണ്ടായ അഗ്നിബാധയിൽ മംഗളൂരു സ്വദേശിയായ സോഫ്റ്റ്വെയർ എൻജിനീയർ ശ്വാസംമുട്ടി മരിച്ചു. മംഗളൂരു കാവൂർ സ്വദേശിനി ഷർമിളയാണ് (39) മരിച്ചത്. സുബ്രഹ്മണ്യ ലേഔട്ടിലെ അപ്പാർട്മെന്റ് സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രാത്രി 11 ഓടെയാണ് സംഭവം.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം മുറികളിലൊന്നിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു. മിനിറ്റുകൾക്കുള്ളിൽ തീ പടരുകയും കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. പുക നിറഞ്ഞ അപ്പാർട്മെന്റിനുള്ളിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് ഇവർ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കിടക്കകളും കർട്ടനുകളും ഉൾപ്പെടെ ഫർണിച്ചർ പൂർണമായും കത്തിനശിച്ചു. രാമമൂർത്തി നഗർ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനക്ക് കുടുംബത്തിന് വിട്ടുകൊടുത്തു.



