ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂൾ’ എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ഉൾപ്പെടെ 24 പേരാണ് കുറ്റപത്രത്തിൽ പ്രതികൾ. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ നമ്പള്ളി കോടതിയിലെ 9ാം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെയാണ് പൊലീസ് സമർപ്പിച്ചത്.
2024 ഡിസംബർ നാലിന് ഹൈദരാബാദിലെ ആർടിസി എക്സ് റോഡ്സിലുള്ള സന്ധ്യാ തിയേറ്ററിലായിരുന്നു നാടിയെ നടുക്കിയ ദാരുണ സംഭവം. തിയേറ്ററിലേക്ക് അല്ലു അർജുൻ എത്തുന്നത് അറിഞ്ഞ് ആരാധകർ തടിച്ചു കൂടുകയായിരുന്നു. ഈ തിരക്കിൽ പെട്ടാണ് 35 വയസുകാരി രേവതിയുടെ മരണം. ഇവരുടെ പ്രായപൂർത്തിയാകാത്ത മകൻ ശ്രീതേജിനും സാരമായി പരിക്കേറ്റിരുന്നു.
തെലുങ്ക് നടൻ അല്ലു അർജുൻ
ജേക്സ് ബിജോയ്; മലയാളത്തിന് ഹിറ്റൊരുക്കിയ സംഗീതം
മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും കടുത്ത അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. നടൻ വരുമെന്ന് അറിഞ്ഞിട്ടും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിൽ പരാജയപ്പെട്ടതിനാണ് സന്ധ്യാ തിയേറ്റർ ഉടമകളെയും മാനേജ്മെന്റിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ ജനക്കൂട്ടം ഉള്ളതിനാൽ അപകടസാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും സന്ദർശനവുമായി മുന്നോട്ട് പോയതിനും പ്രാദേശിക അധികാരികളുമായി കൃത്യമായ ഏകോപനം നടത്താത്തതിനുമാണ് നടനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
പ്രതികളായ 24 പേരിൽ അല്ലു അർജുന്റെ പേഴ്സണൽ മാനേജറും മറ്റ് സ്റ്റാഫ് അംഗങ്ങളും ഏട്ട് പ്രൈവറ്റ് ബൗൺസേഴ്സും ഉൾപ്പെടുന്നു. ഇവരുടെ പ്രവൃത്തി ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. ഇവർ ജനകൂട്ടത്തിന് നേരെ നടത്തിയ ചില ആംഗ്യങ്ങളാണ് തിരക്ക് വർധിക്കാൻ കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്.



