ദില്ലി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സാബു സ്റ്റീഫൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും നിലവിലെ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികളിലെ സുതാര്യതയില്ലായ്മ ഹർജിയിൽ പ്രധാനമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ശതമാനക്കണക്കിൽ അല്ലാതെ കൃത്യമായി എത്ര പേർ വോട്ട് ചെയ്തു എന്നതിൻ്റെ എണ്ണം കമ്മീഷൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ കണക്കുകൾ ഉടൻ പ്രസിദ്ധീകരിക്കാനും,
ഓരോ മണ്ഡലത്തിലെയും വോട്ടിങ് സംബന്ധിച്ച വിശദമായ വിവരങ്ങൾ അടങ്ങിയ ഫോം 20 പ്രസിദ്ധീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.വോട്ടെണ്ണലിലെയും മറ്റുമുള്ള ക്രമക്കേടുകൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ഹർജിക്കാരൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.



