മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൂനെ എരണ്ട്‌വാനിലെ ‘കൽമാഡി ഹൗസിൽ’ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വൈകുന്നേരം 3.30 ന് നവി പേട്ടിലെ വൈകുണ്ഡ് ശ്മശാനഭൂമിയിൽ സംസ്കാരം.
ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായും സുരേഷ് കൽമാഡി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ 2010ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും കരിനിഴൽവീഴ്ത്തി. ഗെയിംസ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്നായിരുന്നു കേസ്. അഴിമതി നിരോധന നിയമപ്രകാരം 2011 ഏപ്രിലിൽ അദ്ദേഹം അറസ്റ്റിലായി. പിന്നാലെ കോൺഗ്രസ് കൽമാഡിയെ സസ്‌പെൻഡ് ചെയ്തിരുന്നു.



