ബംഗളൂരുവിൽ ജോലികഴിഞ്ഞ് പോകുകയായിരുന്ന വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം. ഡ്യൂട്ടികഴിഞ്ഞ് റൂമിലേക്ക് പോകുകയായിരുന്ന ഡോക്ടറെ ബംഗളൂരു ചിക്കബനാവരയിൽ വച്ചാണ് ബൈക്കിലെത്തിയ യുവാവ് ആക്രമിച്ചത്.
ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുകയായിരുന്ന ഇവർ ബുധനാഴ്ച രാത്രി ഡ്യൂട്ടികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോകുകയായിരുന്നു. ഇതിനിടയിലാണ് യുവാവ് ബൈക്ക് നിർത്തി വഴി ചോദിച്ചത്. വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ ഇയാൾ ബൈക്കിൽ നിന്നിറങ്ങി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
അപകടം മനസിലാക്കിയ യുവതി ബഹളം വച്ചു. ഇതിനെ തുടർന്ന് യുവാവ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ സമീപ വാസികൾ ഇയാളുടെ പിറകെ അന്വേഷിച്ച് പോയെങ്കിലും പിടികൂടാനായില്ല. സംഭവത്തെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. ഇതുവരെ പ്രതിയെ കണ്ടെത്തിയിട്ടില്ലെന്നും ഊർജിതമായ അന്വേഷണം കണ്ടെത്താനായി നടത്തുകയാണെന്നും പോലീസ് അറിയിച്ചു.



