Logo Below Image
Monday, July 14, 2025
Logo Below Image
Homeസിനിമതിളക്കം കുറയാത്ത താരങ്ങൾ: (23) ' മാമുക്കോയ ' ✍സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ: (23) ‘ മാമുക്കോയ ‘ ✍സുരേഷ് തെക്കീട്ടിൽ

മാമുക്കോയ .സ്വതസിദ്ധമായ അഭിനയ രീതിയും കൃത്രിമത്വം ഒട്ടുമില്ലാതെ തനി നാടൻ സംഭാഷണ ശൈലിയുമായി നാല് പതിറ്റാണ്ടോളം മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായി നിന്ന നടൻ.മാമുക്കോയയുടെ മരണത്തോടെ
സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഒരു ശൂന്യതയുണ്ടായി എന്ന് തന്നെ പറയാം. കാരണം പച്ചയായ ജീവിതങ്ങളോട് അത്രമേൽ ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് അവരിലൊരാളായി മാറിയ പ്രിയ നടനാണല്ലോ വിടവാങ്ങിയത്. മാമുക്കോയക്ക് മുമ്പ് ആ സ്ഥാനത്ത് ആരായിരുന്നു എന്ന ചോദ്യത്തിനർത്ഥമില്ല . ശേഷമാര്? എന്ന ചോദ്യത്തിന് ഉത്തരവുമില്ല. മാമുക്കോയ അവതരിപ്പിച്ച പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിനു മാത്രം പൂർണത നൽകാൻ കഴിയുന്നതായിരുന്നു എന്ന ധാരണ തന്നെയാണ് അധികപേർക്കുമുണ്ടാകുക. അത്തരത്തിൽ മലയാള മനസ്സിൽ സ്ഥാനവും സ്വാധീനവുമുറപ്പിച്ചു കടന്നു പോയ ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കുതിരവട്ടംപപ്പു, ഇന്നസെൻറ് തുടങ്ങി ഒട്ടേറെ അതുല്യ പ്രതിഭകൾക്കൊപ്പം തന്നെയാണ് മലയാളിയുടെ മനസ്സിൽ ഈ കോഴിക്കോട്ടുകാരനും സ്ഥാനം.

1946 ഏപ്രിൽ 26ന് കോഴിക്കോട് ചാലിക്കണ്ടിയിൽ മുഹമ്മദിൻ്റേയും, ഇം ബാച്ചിആയിഷുമ്മയുടേയും മകനായി ജനിച്ച മാമുക്കോയ നന്നേ ചെറുപ്പത്തിലേ തന്നെ കലാരംഗത്ത് പ്രത്യേകിച്ച് നാടക രംഗത്ത് സജീവമായി.

ആദ്യകാലങ്ങളിൽ ഒരേ ടൈപ്പ് കഥാപാത്രങ്ങൾ മാമുക്കോയക്ക് ഏറെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇല്ലെന്നല്ല. സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സ്ഥിരം വേഷങ്ങളായ കാർഡ്രൈവറും ,കാര്യ സ്ഥനും, ചായക്കടക്കാരനും, ഓഫീസ് പ്യൂണും, വക്കീൽ ഗുമസ്തനും, പാചകക്കാരനുമൊക്കെയായി ഒരു പാട് തവണ ചമയമണിയേണ്ടിവന്നിട്ടുണ്ട് ഇദ്ദേഹത്തിന്. അപ്പോഴും എവിടെയെങ്കിലും സംസാരത്തിലോ ചലനത്തിലോ നോട്ടത്തിലോ ഒരു ചെറു ചിരി പ്രേക്ഷകരിൽ ബാക്കി നിർത്താൻ ഈ നടൻ ശ്രമിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് അഭിനയ ശേഷിക്ക് വെല്ലുവിളിയുയർത്താൻ പ്രാപ്തമായ വ്യത്യസ്തത നിറഞ്ഞ കരുത്തൻ കഥാപാത്രങ്ങൾ തേടിവന്നപ്പോഴൊക്കെമാമുക്കോയയിലെ അതിശക്തനായ നടനെ നാം കാണുകയും അനുഭവിക്കുകയും ചെയ്തു. എന്തിനേറെ,  ആ കഴിവുകൾ എക്കാലത്തേക്കും അടയാളപ്പെടുത്താനും ഓർക്കാനും “പെരുമഴക്കാലം “എന്ന ഒരു സിനിമ മാത്രം മതിയല്ലോ. അളന്നു മുറിച്ച അഭിനയം കൃത്യമായ ഭാവങ്ങൾ വേദനയും നിസ്സഹായതയും നേരിട്ട് പേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറുകയാണുണ്ടായത്. മാമുക്കോയക്ക് ഈ സിനിമയിലെ അഭിനയം 2004-ൽ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തു. പിന്നീട് 2008 ൽ മികച്ച ഹാസ്യനടനുള്ള അവാർഡ് ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലൂടെ മാമുക്കോയയെ തേടിയെത്തുകയും ചെയ്തു .

“ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് ” എന്ന സത്യൻ അന്തിക്കാട് സിനിമയിലെ നായകൻ്റെ സുഹൃത്ത്, “ദൂരെ ദൂരെ ഒരു കൂടുകൂട്ടാം” എന്ന സിബി മലയിൽ ചിത്രത്തിലെ അറബി മാഷ് എന്നീ കഥാപാത്രങ്ങളൊക്കെയാണ് മലയാളത്തിലെ ഈ ചിരി വസന്തത്തിന് ശക്തമായ തുടക്കം നൽകിയത്.തുടർന്ന് നാടോടിക്കാറ്റിലെ “ഗഫൂർ കാ ദോസ്ത്” ഈ നടൻ്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.ഗഫൂർക്കാ ദോസ്ത് എന്ന് മാത്രം വിലാസമെഴുതി എവിടെ നിന്നയച്ചാലും മാമുക്കോയക്ക് കത്ത് കിട്ടുമായിരുന്നത്രേ. അത്രമേൽ മലയാളി മനസ്സിൽ കൊണ്ടു നടക്കുന്നു ഗഫൂറിനെ. കാലിഫോർണിയലിലേക്ക് ചരക്ക് കയറ്റുന്ന ഉരു ദുബായ് കടപ്പുറം വഴി തിരിച്ചുവിടാൻ ആർജ്ജവവും ധൈര്യവുമുള്ള ഉശിരൻ ഗഫൂറിനെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാൻ മലയാളത്തിൽ വേറെയാര്. തട്ടിപ്പുകാരനായിട്ടും നമ്മൾ അയാളെ വെറുക്കുന്നില്ല .മികച്ച പാത്രസൃഷ്ടിയോടൊപ്പം അവതരിപ്പിച്ച നടൻ്റെ രൂപവും ഭാവവുമെല്ലാം ഗഫൂറിന് പിൻബലമായി നിന്നു. റാംജിറാവ് സ്പീക്കിങ്ങിലെ ഹംസക്കോയയിലേക്കൊക്കെ എത്തുമ്പോഴേക്കും ഈ നടൻ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. രൂപം തിരശ്ശീലയിൽ തെളിയുമ്പോഴേ നിർത്താതെ കയ്യടികൾ മുഴങ്ങുന്ന നിലയിലേക്ക് മാമുക്കോയ എന്ന പ്രതിഭ വളർന്നു കഴിഞ്ഞിരുന്നു.

“എല്ലാറ്റിനേയും കുത്തും, കുത്തികൊടലെടുക്കും ഇനി ഞാൻ എൻ്റെ കത്തിക്ക് റെസ്റ്റ് കൊടുക്കൂല” എന്ന് വിളിച്ചലറി കീലേരി അച്ചു നാട് വിറപ്പിക്കുമ്പോൾ തിയേറ്ററുകളിലുയർന്ന കൂട്ടചിരികൾ ആ നടന വൈഭവത്തിനുള്ള വലിയഅംഗീകാരം കൂടിയായിരുന്നു. കൺകെട്ട് എന്ന ശരാശരി വിജയം നേടിയ സിനിമയേക്കാൾ എത്രയോ ഉയരത്തിലാണ് ആ സിനിമയിലെ ഒരു ഇടത്തരം കഥാപാത്രമായ കീലേരി അച്ചു പൊങ്ങിപ്പറന്നത്. അദ്ദേഹം അവിസ്മരണീയമാക്കിയ എത്രയെത്ര കഥാപാത്രങ്ങളെ വേണമെങ്കിലും നമുക്ക് എടുത്തു പറയാം. മുതിരുന്നില്ല. നാടകം, മറ്റു കലാ സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങി നിന്ന് സാധാരണക്കാരിൽ സാധാരണക്കാർക്കിടയിൽ അവരിലൊരാളായി ജീവിച്ചിരുന്ന ജീവിതത്തിൽ ഉയർച്ചകൾ തേടി വന്നപ്പോഴും അങ്ങനെ തന്നെ ജീവിക്കാൻ ആഗ്രഹിച്ച വ്യക്തിത്വം,മലയാള സാഹിത്യത്തെ ലോകനിലവാരത്തിലേക്കുയർത്തിയ മഹാസാഹിത്യകാരൻ വൈക്കം മുഹമദ് ബഷീറുമായി ആത്മബന്ധമുണ്ടായിരുന്ന അക്ഷര സ്നേഹി, ഏത് വിഷയത്തിലും തൻ്റെ വ്യക്തമായ അഭിപ്രായങ്ങൾ കൃത്യമായി പറയാൻ ധൈര്യം കാണിച്ചയാൾ. മാമുക്കോയയുടെ സ്ഥാനം പൊതു സമൂഹത്തിൽ വളരെ ഉയരെത്തന്നെയാണ്. .

ഭാര്യ സുഹറ .രണ്ട് ആൺമക്കൾ രണ്ട് പെൺമക്കൾ .മൂത്ത മകൻ നിസാർ സിനിമാരംഗത്ത് തിരക്കുള്ള താരമായി മാറി കഴിഞ്ഞു.

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ആ മികച്ച കലാകാരൻ്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ.

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ