Logo Below Image
Tuesday, April 1, 2025
Logo Below Image
Homeസിനിമതിളക്കം കുറയാത്ത താരങ്ങൾ (17) ' മങ്കൊമ്പ് ഗോപാലകൃഷ്ണൻ ' ✍അവതരണം: സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ (17) ‘ മങ്കൊമ്പ് ഗോപാലകൃഷ്ണൻ ‘ ✍അവതരണം: സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടപറയുമ്പോൾ.

ചിലരെ കുറിച്ച് ഏറെയൊന്നും എഴുതേണ്ടതില്ല. അവരെ അറിയാൻ കൂടുതൽ വിവരണങ്ങൾ ആവശ്യവുമില്ല. അവരേക്കാൾ പേരെടുത്തതാകും അവരുടെ വരികൾ. അവരെയോർക്കാൻ അവർ എഴുതിയ ഒരു ഗാനം മുഴുവനോ ഗാനത്തിലെ കുറച്ചു വരികൾ പോലുമോ വേണ്ടി വരില്ല.എന്തിന് ഒരു വരി പോലും മഴുവനായി വേണ്ട. ഒരു വരിയിലെ ഒന്നോ രണ്ടോ വാക്കുകൾ തന്നെ ധാരാളം. അത് കുറിച്ചാൽ മതി പറഞ്ഞാൽ മതി കേട്ടാൽ മതി.
ഉദാഹരണമായി.

“ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ……”

അല്ലെങ്കിൽ

“ഇളം മഞ്ഞിൻ കുളിരുമായൊരു ”

“നാദങ്ങളായി നീ വരൂ രാഗങ്ങളായി ….”

“സ്വയം വര ശുഭദിന മംഗളങ്ങൾ ….”

ഇതല്ലെങ്കിൽ

“ആഷാഡ മാസം ആത്മാവിൽ മോഹം… ”
ഇനി ഇതൊന്നുമല്ലെങ്കിൽ വേറൊന്ന് അങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ….
അതെ വിട പറഞ്ഞ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന അത്ഭുത സിദ്ധി യുള്ള ഗാനരചയിതാവ് ഈശ്വരസാന്നിധ്യമുള്ള ഹൃദ്യമായ വരികളിലൂടെ മലയാളികളുടെ മനസ്സിൽ തീർത്ത മഹനീയസ്ഥാനം എങ്ങനെയാണ് എഴുതിഫലിപ്പിക്കുക. എത്ര കാലം കഴിഞ്ഞാലും കൗമാര ശോഭയോടെ അല്ലെങ്കിൽ യൗവനത്തിൻ്റെ നിറവോടെ ആ ഗാനങ്ങൾ മലയാള ചലച്ചിത്ര വിഹായസ്സിൽ മിന്നിതിളങ്ങി കൊണ്ടേയിരിക്കും.

ആലപ്പുഴ ജില്ലയിലെ കുട്ടനാടുള്ള ഒരു ഗ്രാമമാണ് മങ്കൊമ്പ് എന്നറിയുന്നവരും അറിയാത്തവരുമുണ്ടാകാം. എന്നാൽ മധുരിക്കും ഗാനങ്ങളനവധി ഒഴുകി വന്ന ഒരു തൂലികയെ കുറിച്ചറിയാത്തവരുണ്ടാകില്ല? ആ തൂലികയുടെ ഉടമയുടെ പേരിനൊപ്പം മങ്കൊമ്പ് എന്ന ദേശ നാമമുണ്ട് എന്നറിയാത്തവർ ഉണ്ടാകില്ല. കുട്ടനാട്ടിലെ മങ്കൊമ്പിൽ 1947 എപ്രിൽ 25ന് ഗോവിന്ദൻ നായരുടേയും ദേവകിയമ്മയുടേയും മകനായി ജനനം. എം.എ ബിരുദധാരി. ഭാര്യ കനകമ്മ. മക്കൾ രാഖി, ദിവ്യ, യദുകൃഷ്ണൻ കവിതയെഴുത്തിൽ തുടങ്ങി മാസികയുടെ പത്രാധിപർ എന്ന നിലയിലൊക്കെ പ്രവർത്തിച്ച് വളർത്തിയെടുത്ത അക്ഷരബന്ധങ്ങൾ. വലിയ സൗഹൃദങ്ങൾ. സിനിമകൾക്ക് തിരക്കഥയും സംഭാഷണമെഴുതിയും വ്യത്യസ്ത മേഖലയിൽ കഴിവു തെളിയിച്ചും സിനിമാ നിർമ്മിച്ചുമൊക്കെ ആ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തി. അതോടൊപ്പം തന്നെ വിവിധ ഭാഷാ ചിത്രങ്ങൾ മൊഴി മാറ്റുന്നതിൽ ഏറ്റവും ശ്രദ്ധേയനായി. അതിൽ ബാഹുബലി എന്ന സിനിമ വരെ ഉൾപ്പെട്ടു. ആറ് സിനിമകൾക്ക് കഥയെഴുതി, നാല് സിനിമകൾക്ക് തിരക്കഥയെഴുതി ,36 സിനിമകൾക്ക് സംഭാഷണമെഴുതി. ഇങ്ങനെ വിവിധ മേഖലകൾ കയ്യടക്കി എങ്കിലും ആർക്കും കയ്യെത്താ ദൂരത്തിൽ ആ നാമം ഉയർന്നു വന്നതും നിന്നതും ഗാനരചനാ രംഗത്ത് തന്നെ എന്നത് കാലം തെളിയിച്ച വലിയ സത്യം. ഇരുന്നൂറോളം സിനിമകളിലായി അഞ്ഞൂറോളം ഗാനങ്ങളിലായി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന അനുഗൃഹീതനായ എഴുത്തുകാരൻ്റെ പ്രതിഭ ലയിച്ചു ചേർന്ന് വിസ്മയ സൗന്ദര്യം പൊഴിച്ചു കൊണ്ടേയിരിക്കുന്നു.

പ്രപഞ്ച ഹൃദയ വിപഞ്ചിയിലുണരും….. എന്ന വരികളുമായി 1971 ൽ വിമോചന സമരം എന്ന സിനിമയിലൂടെ ഗാന രചനാ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം അതിശക്തമായ സാന്നിധ്യമായത് 1974ൽ പുറത്തു വന്ന അയലത്തെ സുന്ദരി എന്ന ഹരിഹരൻ സിനിമയിലെ നാടുണർത്തിയ ആറ് ഗാനങ്ങളിലൂടെയാണ്. ആ സിനിമക്കായി എഴുതിയ ഗാനങ്ങൾ നാടാകെ ഏറ്റു പാടിയപ്പോൾ മധുര ഗാനങ്ങൾക്ക് പര്യായമായി മാറി മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്ന പേര്. ലക്ഷാർച്ചന കഴിഞ്ഞു മടങ്ങുമ്പോളൊരു ലജ്ഞയിൽ മുങ്ങിയ മുഖം കണ്ടു എന്ന് ഒരിക്കലെങ്കിലും ഒന്നു മൂളാത്ത യുവാക്കളുണ്ടാകുമോ അക്കാലത്ത്. സാധ്യതയില്ല .
അയലത്തെസുന്ദരിയിലെ തന്നെ “ത്രയംബകം വില്ലൊടിഞ്ഞു ത്രേതായുഗം കുളിരണഞ്ഞു, നീലമേഘക്കുട നിവർത്തി ,സ്വർണ ചെമ്പകം പൂത്തിറങ്ങിയ, ചിത്രവർണപുഷ്പജാല മൊരുക്കി വെച്ചു എന്നീ ഗാനങ്ങളൊക്കെ വലിയ തോതിൽ ജനപ്രീതി നേടി.

പാട്ടെഴുത്തിൽ സജീവമായ അരനൂറ്റാണ്ട് പിന്നിട്ട മഹാപ്രതിഭ 2025 മാർച്ച് 17 ന് ജീവിതത്തിൽ നിന്നും യാത്ര പറയുമ്പോൾ നാടാകെ ഉയർന്ന തേങ്ങലുകൾ അവർ എത്രയോ കാലമായി മനസ്സിൽ ചേർത്തു വെച്ച ഇഷ്ടങ്ങളുടേയും ഇനിയില്ലല്ലോ എന്ന യാഥാർത്ഥ്യബോധം നൽകിയ തിരിച്ചറിവിൽ നിന്നുണ്ടായ നഷ്ടബോധത്തിൽ നിന്നുമായിരുന്നു.

“ഇവിടമാണീശ്വര സന്നിധാനം ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം, പത്മതീർത്ഥക്കരയിൽ ഒരു പച്ചില മാളിക കാട്, , നാടൻ പാട്ടിൻ്റെ മടിശീല കിലുങ്ങുമീ നാട്ടിൻ പുറമൊരു യുവതി…” മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് പാട്ടുകൾ വിവിധ കാലഘട്ടങ്ങളിൽ പിറന്നു വീണതല്ല. 1975 ൽ ബാബുമോൻ എന്ന സിനിമക്കു വേണ്ടി മങ്കൊമ്പ് രചിച്ചതാണീ ഗാനങ്ങളെല്ലാം .അതു പോലെ തന്നെ “ധർമ്മ സമരം വിജയിച്ചു, ത്രിശങ്കു ലോകത്തെ തമ്പുരാട്ടി, ഇന്ദ്രധനുസ്സ് കൊണ്ടിലക്കുറി വരച്ച..” തെമ്മാടി വേലപ്പൻ എന്ന സിനിമക്കായി രചിച്ച ഗാനങ്ങൾ. അങ്ങനെ എഴുതാനെങ്കിൽ ജന മനസ്സുകളിൽ മായാതെ മങ്ങാതെ എത്രയെത്രഗാനങ്ങൾ. അപാരമായ ആ കഴിവുകൾക്കു മുന്നിൽ സർവ്വാദരങ്ങളോടെ നമിക്കുന്നു എന്നു മാത്രമെഴുതി നിർത്തട്ടെ. പ്രണാമം.

അവതരണം: സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments