മലയാളത്തിൽ വീണ്ടുമൊരു ചിത്രം റീ റിലീസിനെത്തുന്നു. മോഹൻലാൽ – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിലിറങ്ങിയ ഹിറ്റ് ചിത്രം ഉദയനാണ് താരമാണ് റീ റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 06ന് റീ റിലീസ് ചെയ്യുമെന്ന മോഹൻലാലിൻ്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 21 വര്‍ഷത്തിനുശേഷം 4K ദൃശ്യമികവോടെയാണ് തിയേറ്ററില്‍ എത്തുന്നത്.
മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വന്‍വിജയം നേടിയ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ എത്തിയ ‘ഉദയനാണ് താരം’. റോഷന്‍ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരനാണ് നിര്‍മിച്ചത്.
ദീപക് ദേവിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ‘കരളേ, കരളിന്റെ കരളേ’ എന്ന ഗാനം ഉള്‍പ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളുമായി മികച്ച പ്രേക്ഷക- നിരൂപക ശ്രദ്ധനേടിയ ചിത്രവുമാണ് ‘ഉദയനാണ് താരം’. ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ജഗതി ശ്രീകുമാറിന്റെ പച്ചാളം ഭാസിയായുള്ള തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സിനിമയില്‍ മീന, മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരും വേഷമിട്ടിട്ടുണ്ട്.
സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍, ഛോട്ടാ മുംബൈ, റൺ ബേബി റൺ എന്നീ ചിത്രങ്ങള്‍ വൻ സ്വീകാര്യതയോടെയാണ് തിയേറ്ററുകള്‍ വിട്ടത്. ഉദയനാണ് താരവും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ.
ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. എ.കെ. സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നത്.
എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, കളറിസ്റ്റ്: രാജ പാണ്ഡ്യൻ(പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), 4k റീ മാസ്റ്ററിങ്: പ്രസാദ് ലാബ്, മിക്സിംഗ്: രാജാകൃഷ്ണൻ, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഒ.: പി. ശിവപ്രസാദ്.



