‘കോളിനോസ് പുഞ്ചിരി’ യുള്ള നടൻ – മലയാള സിനിമയിലെ ആദ്യത്തെ റൊമാന്റിക് ആക്ഷൻ ഹീറോ – ജെയിംസ് ബോണ്ട് എന്ന പേരിൽ 1970 കാലഘട്ടത്തിലെ ചെറുപ്പക്കാർക്കിടയിൽ അറിയപ്പെട്ടിരുന്ന നടൻ വിൻസന്റ്. മനോഹരമായി ചിരിക്കുകയും എതിരാളികളെ ഒറ്റയ്ക്ക് ഇടിച്ചു പതം വരുത്തുകയും ചെയ്യുന്ന നസീർ കഴിഞ്ഞാൽ സിനിമയിൽ മനോഹരമായ ഗാനരംഗങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ച
വിൻസന്റിനോട് കറ കളഞ്ഞ ആരാധനയായിരുന്നു ആ കാലഘട്ടത്തിലെ മലയാള സിനിമാപ്രേമികൾക്ക്.
പെൺപട, പെൺപുലി, പട്ടാളം ജാനകി എന്നീ സിനിമകളിലെ
വീരശൂര പരാക്രമിയായ കൗബോയ് നായകൻ. മൊബൈലും സെൽഫിയുമൊന്നും സങ്കൽപ്പങ്ങളിൽ പോലും ഇല്ലാത്ത കാലത്ത് നമ്മുടെ നാടിന്റെ വിവിധ പ്രദേശങ്ങളിൽ ഷൂട്ടിംഗിനായെത്തുന്ന പ്രിയതാരത്തെ കാണാനും ആകാലഘട്ടത്തിലെ ക്യാമറയുമായി ഫോട്ടോയെടുക്കാനും ആളുകൾ തിരക്കുകൂട്ടിയതും സ്ഥിരം കാഴ്ചയായിരുന്നു.
1948 നവംബർ 15 ന് എറണാകുളത്ത് ജനനം. മദ്രാസിൽ ഒരു ഓട്ടോമൊബൈൽ വർക്ക് ഷോപ്പിൽ ജോലിയിൽ ചെയ്യുന്നതിനിടെ നടി ജയഭാരതിയുടെ കുടുംബവുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്കുള്ള വഴിതെളിച്ചത്. 1969 ൽ ശശികുമാർ സംവിധാനം ചെയ്ത ‘റസ്റ്റ് ഹൗസ്’ എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്തു തുടങ്ങി. 1970-ൽ റിലീസ് ചെയ്ത ‘മധുവിധു’ എന്ന ചിത്രത്തിലെ ഇരട്ടവേഷങ്ങളും ‘സ്വപ്നങ്ങളി’ലെ നായകവേഷവും അദ്ദേഹത്തെ താരപദവിയിലേക്കുയർത്തി. ജയനു മുൻപ് ഡ്യൂപ്പ് ഇല്ലാതെ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചിരുന്നതിനാൽ മലയാളത്തിന്റെ ‘ജയിംസ് ബോണ്ട്’ എന്ന് വിളിച്ചിരുന്നത്. പ്രേംനസീർ, ഉമ്മർ എന്നിവരോടൊപ്പം മൂന്നു നായകന്മാരിൽ ഒരാളായി അഭിനയിച്ച ‘കനൽക്കട്ടകൾ’ എന്ന ചിത്രത്തിൽ ഇന്നത്തേപ്പോലെ സാങ്കേതിക സഹായങ്ങൾ അധികം ലഭ്യമായ കാലത്ത്
വിൻസന്റ് കാട്ടുവള്ളിയിൽ തൂങ്ങിവരുന്ന സംഘട്ടന രംഗങ്ങളും ഗാനരംഗങ്ങളും അതിസാഹസികമായാണ് ചിത്രീകരിച്ചത്.
ലേഡീസ് ഹോസ്റ്റൽ, ലൗ ലെറ്റർ, ബോയ് ഫ്രണ്ട്, പ്രിയേ നിനക്കുവേണ്ടി, ആലിംഗനം, മധുരം തിരുമധുരം, രാജാങ്കണം, പാവാടക്കാരി, കോളേജ് ബ്യൂട്ടി മുതലായ റൊമാന്റിക് ഹിറ്റ് പട്ടികയിലുള്ള ചിത്രങ്ങളാണ്. രാത്രിവണ്ടി, ടാക്സി കാർ, പഞ്ചവടി, പത്മവ്യൂഹം, കാട്, പെൺപട, കുട്ടിച്ചാത്തൻ, ചന്ദനച്ചോല, ക്രിമിനൽസ്, യുദ്ധഭൂമി, പെൺപുലി, പട്ടാളം ജാനകി, ആനയും അമ്പാരിയും, പോക്കറ്റടിക്കാരി, ആനക്കളരി, സൂത്രക്കാരി, കനൽക്കട്ടകൾ, ടൈഗർ സലിം, പുത്തരിയങ്കം, ആൾമാറാട്ടം, ബ്ലാക്ക് ബെൽറ്റ്, അടിയ്ക്ക് അടി തുടങ്ങിയവ ഹിറ്റ് ആയ ആക്ഷൻ ചിത്രങ്ങളാണ്.
കൊച്ചനിയത്തി, ആരാധിക, കാലചക്രം, സതി, അഴകുള്ള സെലീന, അച്ചാണി, കവിത, കേണലും കളക്ടറും, പല്ലവി, വേഴാമ്പൽ, അനുഭവം, അഭിനന്ദനം, അയൽക്കാരി, അംഗീകാരം, അന്തർദ്ദാഹം, സിന്ദൂരം,പ്രിയംവദ, പ്രവാഹം, അനുഗ്രഹം, രാജപരമ്പര, മനസ്സൊരു മയിൽ, ഭാര്യാവിജയം, വരദക്ഷിണ, അവൾ വിശ്വസ്തയായിരുന്നു, സംഗമം, താലപ്പൊലി, സ്നേഹത്തിന്റെ മുഖങ്ങൾ, ജലതരംഗം, സ്വർഗദേവത, സ്നേഹം ഒരു പ്രവാഹം, ഇനിയും കാണാം തുടങ്ങിയ കുടുംബ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലും തിളങ്ങി.
1973 ൽ മുട്ടത്തുവർക്കിയുടെ കഥയിൽ തോപ്പിൽ ഭാസി തിരക്കഥയൊരുക്കി കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത പ്രേംനസീർ പ്രതിനായക വേഷം ചെയ്ത ‘അഴകുള്ള സെലീന’ എന്ന ചിത്രത്തിലെ നായക വേഷം ചെയ്തതോടെ കുടുംബ പ്രേക്ഷകർക്കും പ്രിയങ്കരനായി. ‘കാട്’ എന്ന പേരിൽ കാടിന്റെയും ആദിവാസികളുടെയും അവരെ ചൂഷണം ചെയ്യുന്നവരുടെയും കഥ പറഞ്ഞ സാഹസിക ചിത്രത്തിൽ വീരൻ എന്ന ആദിവാസി യുവാവിനെ അവതരിപ്പിച്ചത്. ഒരു അന്വേഷണോദ്യോഗസ്ഥന്റെ വേഷത്തിൽ രണ്ടാം നായകനായി മധു അഭിനയിച്ചത് അന്നത്തെ പ്രത്യേകത ആയിരുന്നു. എസ്.എൽ. പുരം സദാനന്ദന്റെ തിരക്കഥയിൽ പി. സുബ്രമണ്യം സംവിധാനം ചെയ്ത ഈ ചിത്രവും 1973 ലെ ഹിറ്റ് ആയിരുന്നു. സത്യൻ നായകനായി അഭിനയിച്ച ഭീകര നിമിഷങ്ങൾ, കരകാണാക്കടൽ, മൂന്നുപൂക്കൾ എന്നീ ചിത്രങ്ങളിൽ വിൻസന്റ് സഹനടനായിരുന്നു. മൂന്ന്‌പൂക്കളിൽ പ്രേം നസീറും മധുവും സത്യനൊപ്പം നായകന്മാരായിരുന്നു. അക്കാലത്തെ നായകനടന്മാർ ഒന്നിച്ചഭിനയിക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്ത. കഥാപാത്രത്തിന്റെ യാതൊരു വലിപ്പച്ചെറുപ്പവും വലിയ പ്രശ്നം ആയിരുന്നില്ല.
നായകനായി അഭിനയിച്ചിരുന്ന കാലത്താണ് ‘ജീസസ്’ എന്ന ചിത്രത്തിൽ ക്രിസ്തുവിന്റെ ശിഷ്യനായ യോഹന്നാനെ വിൻസന്റ് അവതരിപ്പിച്ചത്. പിന്നീട് പ്രേംനസീർ – വിൻസന്റ് കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു. അച്ചാണി, പഞ്ചവടി, അനുഗ്രഹം, പ്രവാഹം, പത്മവ്യൂഹം, ഇനിയും കാണാം തുടങ്ങിയവ ഉദാഹരണങ്ങളാണ്. മധു – വിൻസന്റ്, ഉമ്മർ – വിൻസന്റ് കൂട്ടുകെട്ടുകളിലും ഏതാനും നല്ല ചിത്രങ്ങളുണ്ടായി. സമകാലീനരായ യുവ നായകന്മാരുടെ കൂട്ടത്തിൽ രാഘവൻ അഭിനയത്തിൽ പ്രേം നസീറിനെയും മധുവിനെയും അനുകരിച്ചപ്പോഴും സുധീർ തനിക്കു വഴങ്ങാത്ത സത്യൻ ശൈലി അനുകരിച്ചപ്പോഴും വിൻസന്റ് അഭിനയത്തിൽ ആരെയും അനുകരിച്ചില്ല എന്നതു ശ്രദ്ധേയമാണ്. ജനപ്രീതിയിലും നായകനായി അഭിനയിച്ച ചിത്രങ്ങളുടെ കാര്യത്തിലും മറ്റു യുവതാരങ്ങളെ അദ്ദേഹം ബഹുദൂരം പിന്നിലാക്കി.
വിൻസന്റിനൊപ്പം നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചതു ജയഭാരതിയാണ്. ഇന്ത്യയിലെ എക്കാലത്തെയും സൂപ്പർ നായികമാരിൽ മുൻ നിരയിലുള്ള ശ്രീദേവി ആദ്യമായി നായികയായി അഭിനയിച്ചത് വിൻസന്റിനോടൊപ്പമാണ്. ഐ. വി. ശശി സംവിധാനം ചെയ്ത ‘ആലിംഗന’ത്തിൽ. ശ്രീവിദ്യ, റാണി ചന്ദ്ര, വിധുബാല, റീന, ശോഭന, സുമിത്ര, സാധന, രേണുക, വിജയലളിത, രാജകോകില, കനകദുർഗ, പ്രമീള, ഉണ്ണിമേരി, സീമ, ശുഭ തുടങ്ങിയ നായിക നടിമാർക്കൊപ്പവും നിരവധി ചിത്രങ്ങളിൽ വിൻസന്റ് തിരശ്ശീലയിലെ നായകനായി പാടിത്തകർത്തു.
പ്രേംനസീർ കഴിഞ്ഞാൽ ഗാനരംഗങ്ങളിൽ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്ന നായകൻ വിൻസന്റ് ആയിരുന്നു. സത്യൻ അന്തിക്കാട് രചിച്ച ഗാനങ്ങളിൽ ഏറ്റവും പ്രശസ്തമായ
🎶 ഒരു നിമിഷം തരൂ നിന്നിലലിയാൻ…. അപ്പൻ തച്ചേത്ത് എന്ന ഗാനരചയിതാവ് ഓർമ്മിക്കപ്പെടുന്ന
🎶 ദേവീ നിൻ ചിരിയിൽ… എന്നീ ഗാനങ്ങൾ തിരശ്ശീലയിൽ വിൻസന്റ് അവതരിപ്പിച്ചതിൽ ഉൾപ്പെടുന്നു.
🎶 ആദ്യസമാഗമ ലജ്ജയിലാതിരാ താരകം…
🎶 ഇലഞ്ഞി പൂമണമൊഴുകി വരുന്നു…
🎶 എന്തിനെന്നെ വിളിച്ചു നീ വീണ്ടും…
🎶 പുഷ്പതല്പത്തിൽ നീ വീണുറങ്ങി…
🎶 വാകപ്പൂമരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ… തുടങ്ങി യേശുദാസിന്റെ സ്വരത്തിൽ പിറന്ന മനോഹര ഗാനങ്ങൾ ഇന്നും ഓർമിക്കപ്പെടുന്ന മികച്ച ഗാന രംഗങ്ങളിൽപ്പെടുന്നു. ജോഷി സംവിധാനം ചെയ്ത ആദ്യചിത്രമായ ടൈഗർ സലീമിലെ നായകനായിരുന്നു.
ഐ.വി. ശശിയുടെ ആദ്യ ചിത്രമായ ഉത്സവത്തിൽ ഉമ്മർ, രാഘവൻ എന്നിവരോടൊപ്പം മൂന്നു നായകന്മാരിൽ ഒരാളായി വിൻസന്റ് ഉണ്ടായിരുന്നു. തുടർന്ന് അനുഭവം, അഭിനന്ദനം, അയൽക്കാരി, അംഗീകാരം, അന്തർദ്ദാഹം, ആലിംഗനം തുടങ്ങി ശശി സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളിൽ വിൻസന്റ് ആയിരുന്നു നായകൻ.
പിൽക്കാലത്തു ശശി സംവിധാനം ചെയ്ത ഇന്നല്ലെങ്കിൽ നാളെ, അടിയൊഴുക്കുകൾ, അങ്ങാടിക്കപ്പുറത്ത്, 1921, നാൽക്കവല തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. സുകുമാരനെ നായകനാക്കി പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ‘ആരതി’യിലെ ചിരിച്ചുകൊണ്ടു ചതിക്കുന്ന വില്ലൻ നായകനേക്കാൾ അക്കാലത്തു ശ്രദ്ധ നേടി. മോഹൻലാലിനെ നായകനാക്കി മണിരത്നം ആദ്യമായി സംവിധാനം ചെയ്ത ‘ഉണരൂ’വിലെ ഇടവക വികാരി ഫാ.വില്യംസ് എന്ന കഥാപാത്രം, ‘ഇത്തിക്കര പക്കി’ യിലെ പൊലീസ് ഓഫീസർ, ജംബുലിംഗത്തിലെ കൊല്ലൻ തുടങ്ങിയവ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പിൽക്കാലത്തെ ശ്രദ്ധേയ കഥാപാത്രങ്ങളിൽപ്പെടുന്നു. 1991 ഓഗസ്റ്റ് 30 ന് അന്തരിച്ചു.



