വഞ്ചിപ്പാട്ട് – തിരുവാതിരപ്പാട്ട് – കവിതകള്‍ – ലളിതഗാനങ്ങള്‍ തുടങ്ങിയവ അവതരിപ്പിച്ചിരുന്ന…. റേഡിയോ പ്രേക്ഷകര്‍ക്കേറെ സുപരിചിതമായിരുന്ന…
സിനിമാ – സീരിയൽ – നാടക അഭിനേത്രിയായിരുന്ന കെ.ജി. ദേവകി അമ്മ. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രാധിപരും ആയിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയുമായിരുന്നു.
തിരുവിതാംകൂർ റേഡിയോ നിലയം നിലവിൽ വന്നപ്പോൾ മുതൽ അതിലെ ആർട്ടിസ്റ്റായിരുന്ന ദേവകി അമ്മ വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകൾ ലളിതഗാനങ്ങൾലായ പരിപാടികൾ അവതരിപ്പിച്ച ആ കാലഘട്ടത്തിലെ ആസ്വാദകർക്ക് സുപരിചിതമായിരുന്നു ഇവരുടെ ശബ്ദം. നന്നേ ചെറുപ്പത്തിൽ സംഗീതം അഭ്യസിച്ച ദേവകിയമ്മ എട്ടു വയസ്സുള്ളപ്പോൾ കച്ചേരി നടത്തിയാണ‌് അരങ്ങേറ്റം കുറിച്ചത‌്. ഭാഗവതരായിരുന്ന അച്ഛനാണ‌് ഗുരു. ആ കാലഘട്ടത്തിൽ തന്നെ അച്ഛന്റെ അനുജന്റെ നാടക കമ്പനിയിൽ നാടകങ്ങൾക്ക് മുന്നെയുള്ള ബാലെ പാട്ടിലൂടെ തുടക്കം കുറിച്ചു.
കലാനിലയം കൃഷ്ണൻ നായരുടെ ക്ഷണത്തെ തുടർന്ന‌് കലാനിലയം നാടകങ്ങളിൽ ദേവകിയമ്മ വേഷമിട്ടു. ലാവണ്യ ലഹരിയായിരുന്നു ആദ്യ നാടകം. തിരുവിതാംകൂർ റേഡിയോ നിലയത്തിൽ 1950 വരെ സ്ഥിരം ആർട്ടിസ്റ്റായി പ്രവർത്തിച്ചു. അതിനു ശേഷം ഓൾ ഇന്ത്യ റേഡിയോയിൽ എത്തി. മൂന്നു പതിറ്റാണ്ടു കാലം ആകാശവാണിയിൽ ജോലി ചെയ‌്ത‌് 1980 ൽ വിരമിച്ചു. ആകാശവാണിയിൽ വച്ച് പത്മരാജനുമായുള്ള പരിചയമാണ് ദേവകിയമ്മയെ സിനിമയിൽ എത്തിച്ചത്. ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിൽ ദേവകിയമ്മയെ മനസ്സിൽ കണ്ടു കൊണ്ടാണു പത്മരാജൻ ഒരു അമ്മ വേഷം എഴുതിയത്.
പിന്നീട് കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, വക്കാലത്തു നാരായണൻ കുട്ടി, ശയനം, സൂത്രധാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. താലി, ജ്വാലയായ്, ഇന്നലെ, കുടച്ചക്രം, പവിത്രബന്ധം തുടങ്ങി ഇരുപതോളം സീരിയലുകളിൽ അഭിനയിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്ന ദേവകിയമ്മ
2018 ഡിസംബർ 23 ന് തൊണ്ണൂറ്റി മൂന്നാം വയസ്സിൽ ശുദ്ധസംഗീതത്തിന്റെ സൗരഭവും നടന ചാരുതയും ബാക്കിവച്ച് ലോകത്തോട് വിടപറഞ്ഞു.



