ലോകപ്രശസ്തയും, ഇന്ത്യക്കാരിയും, മലയാളിയും, അക്ഷരപ്പോരാളിയുമായ എഴുത്തുകാരി. ഒരു സാമൂഹ്യപ്രവർത്തക കൂടിയായ ഇവരുടെ ചിന്തയിലും വാക്കിലും സ്ത്രീയുടെ മഹത്വം കളയാതെ തൻ്റേടത്തോടെ ഉറച്ചശബ്ദവും ശക്തമായ തൂലികയുമായി വാക്കുകളേയും തൂലികയേയും പടവാളാക്കിക്കൊണ്ട് അനീതിക്കെതിരെ മുഴങ്ങിക്കൊണ്ടിരുന്ന സ്ത്രീശബ്ദം. അതാണ് അരുന്ധതിറോയ്.
1961 നവംബർ 24 ന് ഇന്ത്യയിലെ മേഘാലയിലെ ഷില്ലോങ്ങിൽ കോട്ടയം അയ്മനം സ്വദേശി മേരിറോയിയുടേയും ബംഗാളിസ്വദേശി രാജീബ് റോയിയുടേയും മകളായി ജനിച്ചു. മാൻബുക്കർ പുരസ്ക്കാരത്തിനർഹയായ ആദ്യ ഇന്ത്യൻ വനിത. അവരുടെ ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് ക്രുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്കാണ് 1997ലെ ബുക്കർ പുസ്ക്കാരം ലഭിച്ചത്.
ഇ.കെ. നായനാർ, ഇഎം.എസ് നമ്പുതിരിപ്പാട്, അയ്ജാസ് അഹമ്മദ് തുടങ്ങിയ പ്രശസ്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ ഈ കൃതിയെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നും ലൈംഗിക അരാജകത്വം നിറഞ്ഞത് എന്നും മുദ്രകുത്തി. ബൂർഷ്വാ സമൂഹത്തിലെ അപചയത്തിൻ്റെ സാഹിത്യം എന്നാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് ഈ കൃതിയെ വിലയിരുത്തിയത്.
ആരേയും വിമർശിക്കാനോ, കുറ്റപ്പെടുത്താനോ ഈ കഥയിൽ നോവലിസ്റ്റ് തുനിയുന്നില്ല.അരുന്ധതിയുടെ വിശകലനത്തിൽ ഇതൊരു മരണാനന്തര കഥയാണ്. ആത്മകഥാപരമായ അംശവും കുടുംബാംഗങ്ങളുടെ ചരിത്രവും എല്ലാം കൂട്ടിച്ചേർത്ത് ഫിക്ഷൻ ഏത്, യാഥാർത്ഥ്യം ഏത് എന്ന് വേർതിരിച്ചറിയാൻ പറ്റാത്തവിധം ഇഴുകിച്ചേർന്നിരിക്കുന്നു.
ഈ നോവലിലെ കഥാപാത്രങ്ങളാകട്ടെ ഒരു ഗ്രാമത്തിലെ കൊച്ചുമനുഷ്യരും. കൊച്ചുകൊച്ചു കാര്യങ്ങൾ പറഞ്ഞു കൂട്ടുന്ന ഓരോ വരികളിലൂടെയും ജീവിതത്തിൻ്റെ വലിയ വലിയ ദാർശനികപ്രശ്നങ്ങൾ നിറഞ്ഞുനില്ക്കുന്നതാണ് ഈ ലോകം എന്നതാണ് ഈ നോവലിലൂടെ അവർ വെളിപ്പെടുത്തിയത്.
കേരളത്തിൽ നിലനിന്നിരുന്ന ജാതിയുടേയും സവർണ്ണമുതലാളിത്ത വ്യവസ്ഥിതിയുടേയും തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിൻ്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വികാസത്തേയും കേരളത്തിലുണ്ടായ സാംസ്ക്കാരിക പ്രവർത്തനങ്ങളിലെല്ലാം ഉണ്ടായ മാറ്റങ്ങൾ ഈ നോവലിൽ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട്.
പുസ്തകത്തിൻ്റെ വായനയിലൂടെ സഞ്ചാരം നടത്തുമ്പോൾ നമുക്കു കാണാൻ കഴിയുന്നത് സുന്ദരമായ ഒരു ഗ്രാമീണപഞ്ചാത്തലത്തിൽ നടന്ന ദുരന്തപൂർണ്ണമായ ഒരു പ്രണയത്തിൻ്റെ ബാക്കിപത്രമാണ്. അമ്മു എന്ന സുറിയാനി ക്രിസ്ത്യാനി കുടുംബിനിയുടേയും വെളുത്ത എന്ന പരവയുവാവിൻ്റെയും ദുരന്തവർണ്ണനയാണ് ഈ കഥയിലെ ഇതിവൃത്തം.
അമ്മു വെളുത്തയെ സ്നേഹിക്കുകയും രാത്രിയിൽ മീനച്ചിലാറിൻ്റെ തീരത്ത് സ്ഥിരമായി കണ്ടുമുട്ടുന്നതും മനസ്സിലാക്കിയ സവർണ്ണസുറിയാനി ക്രിസ്ത്യാനി ബന്ധുക്കൾ, ഒരു കമ്മ്യൂണിസ്റ്റായ വെളുത്തയെ രാഷ്ട്രീയമായി ഒതുക്കുവാൻ ഒരു പ്രാദേശികനേതാവിനെ കൂട്ടുപിടിച്ച് വെളുത്ത യെ ഒരു കള്ളവ്യവഹാരത്തിൽ കുടുക്കി പോലീസിനെക്കൊണ്ട് അടിച്ചുകൊല്ലിക്കുന്നതാണ് ഇതിലെ പ്രമേയം.
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിലെ സിറിയൻ ഓർത്തഡോക്സ് കുടുംബമാണ് കഥയിലെ പശ്ചാത്തലം കമ്മ്യൂണിസ്റ്റ് രണ്ടാം ഭരണകാലമായ 1969 കാലത്ത് കഥ നടക്കുന്നതായാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
അമ്മുവും അവളുടെ സഹോദരനും ബ്രിട്ടീഷ് വിദ്യാഭ്യാസം ലഭിച്ചവരായിരുന്നു. അമ്മു, അമ്മുവിൻ്റെ ഇരട്ടക്കുട്ടികൾ , സഹോദരൻ സഹോദരൻ്റെ ഭാര്യ അവരുടെ മകൾ, അമ്മുവിൻ്റെ അച്ഛനുമമ്മയും വെളുത്തയും എന്നിവരാണു ഇതിലെ കേന്ദ്രകഥാപാത്രങ്ങൾ.
പിതാവിൻ്റെ മരണശേഷം അച്ചാർ ഫാക്ടറിയുടെ ചുമതലയും കുടുംബസ്വത്തുക്കളും അമ്മുവിൻ്റെ സഹോദരനായ ചാക്കോയിൽ വന്നുചേരുന്നു. ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ച് വിവാഹം കഴിഞ്ഞ പെൺമക്കൾക്ക് അപ്പൻ്റെ സ്വത്തിൻ അവകാശമില്ല. ഈ നിലയിൽ തൻ്റെ മദ്യപാനിയായ ഭർത്താവിനെ ഉപേക്ഷിച്ച് അമ്മു തൻ്റെ കുഞ്ഞുങ്ങളുമൊത്ത് സ്വന്തം വീട്ടിൽ കഴിഞ്ഞു കൂടുന്നതുകൊണ്ടുള്ള അവഗണനയും ഇരട്ടക്കുട്ടികളോടുള്ള സമീപനവും മാനസിക സംഘർഷവും അമ്മുവിലും കുട്ടികളിലും നിറഞ്ഞുനില്ക്കുന്നതായി അനുവാചകന് അനുഭവപ്പെടുന്നു. പോരാത്തതിന് ആ കുട്ടികളുടെ പിതാവ് ഹിന്ദുവായതും വീട്ടുകാരുടെ നീരസത്തിന് ഇടയായി.
ഒരപ്പൻ്റെ മക്കളായ ചാക്കോയും, അമ്മുവും വിവാഹബന്ധം വേർപെടുത്തിയവരായിട്ടും ഇവരുടെ അമ്മച്ചി മകൻ്റെ പരസ്ത്രീബന്ധത്തെ അനുകൂലിക്കുകയും, മകളുടെ പരപുരുഷ ബന്ധത്തിനു നേരെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. പെറ്റമ്മയിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന ഈ വേർതിരിവ് അമ്മുവിനെ ഏറെ ദുഃഖിപ്പിക്കുന്നു
കുടുംബത്തിൽ സ്നേഹവും സ്ഥാനവും ആണിന് നല്കുകയും, പെണ്ണിനെ അവഗണിച്ചുകൊണ്ടു വീടിനുള്ളിലൊതുക്കുകയും ചെയ്യുന്ന അന്യായത്തിൻ്റെ നേർച്ചിത്രമാണിവിടെ തെളിയുന്നത്. അതുപോലെ ജാതിമതത്തിൻ്റെ പേരിലുള്ള വേർതിരിവും വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു.
മദ്യപാനിയായ ഭർത്താവിനാൽ സംരക്ഷണം ലഭിക്കാത്തതിൻ്റ പേരിൽ ആ വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം സുരക്ഷിതത്വവും സ്നേഹവും സാന്ത്വനവും തേടി സ്വഗൃഹത്തിലെത്തുന്ന അമ്മുവിനേയും മക്കളേയും ചേർത്തു നിർത്താൻ, അവളുടെ അമ്മയ്ക്കോ സഹോദരനോ പറ്റാത്തത് അവരെ ചുറ്റിവരിഞ്ഞു കിടക്കുന്ന മതത്തിൻ്റെ ചങ്ങലയാണ്. തെറ്റായ ആചാരങ്ങളാണ്.
ചാക്കോയുടെ ഇംഗ്ലണ്ടുകാരിയായ ഭാര്യ മാർഗരറ്റ് വിവാഹബന്ധം വേർപെടുത്തിയതാണെങ്കിലും അവധിക്കാലം ചെലവഴിക്കാൻ മകളോടൊത്ത് അയ്മനത്തെത്തുന്നതാണ് കഥയുടെ തുടക്കം.
മാർഗരറ്റിൻ്റെ മകൾ സോഫിയയേയും കൂട്ടി അമ്മുവിൻ്റെ മക്കൾ മീനച്ചിലാറിൻ്റെ തീരത്തുകൂടി അക്കരെയുള്ള സായ്പിൻ്റെ പൂട്ടികിടക്കുന്ന വസതിയിലേക്ക് പോകും വഴി വള്ളം മറിയുകയും ഇരട്ടക്കുട്ടികൾ നീന്തിരക്ഷപ്പെടുകയും ചെയ്യുന്നു. നീന്തലറിയാത്ത സോഫിമോൾ വെള്ളത്തിലാണ്ടു പോകുകയും ചെയ്യുന്നു.
അമ്മുവും വെളുത്തയും തമ്മിലുള്ള ബന്ധമറിഞ്ഞ് അമ്മുവിൻ്റെ അമ്മച്ചി വെളുത്തയെ അധിക്ഷേപിച്ചതിൽ മനംനൊന്ത് അയാൾ ഈ സായ്പിൻ്റെ വീട്ടിലേക്കു പോകുകയും അവിടെ ഉറങ്ങിപ്പോകുകയും ചെയ്യുന്നു. ഇതിനിടയിൽ സോഫി മോളുടെ മൃതദേഹം കണ്ടെത്തുകയും, മറ്റു രണ്ടുകുട്ടികളേയും കാണാനില്ലെന്ന വാർത്ത പരക്കുകയും ചെയ്യുന്നു. തിരച്ചിലിനിടയിൽ വെളുത്തയേയും കുട്ടികളേയും സായ്പിൻ്റെ വീടിനനടുത്ത് കാണാനിടവരുന്നു.
ഈ അവസരം മുതലെടുത്തു അമ്മുവിൻ്റെ അമ്മച്ചി. വെളുത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്നു വരുത്തിത്തീർക്കുകയും ഇതിൻ്റെ പേരിൽ വെളുത്തയെ പോലീസിനെക്കൊണ്ടു തല്ലിച്ചതക്കുകയും അതിൽ അയാൾ മരണപ്പെടുകയും ചെയ്യുന്നു. വീടുവിട്ടുപോകണമെന്ന് ചാക്കോ അന്ത്യശാസനം നൽകിയതോടെ അമ്മു ആൺകുട്ടിയായ എസ്തയെ ആദ്യഭർത്താവിൻ്റെ അടുക്കലേക്ക് അയക്കുന്നു.
കുട്ടികളെ വളർത്താനുള്ള കഷ്ടപ്പാടും രോഗവും നിമിത്തം അമ്മു മരണപ്പെടുന്നു.
അങ്ങനെ ഇരുപത്തിമൂന്ന് വർഷത്തിനു ശേഷം അമ്മുവിൻ്റെ മക്കളായ എസ്തയും രാഹേലും അയ്മനത്തേക്ക് തിരികെ എത്തുന്നു. കോരിച്ചൊറിയുന്ന മഴയത്ത് അയ്മനം വീട്ടിലേക്ക് രാഹേലിൻ്റെ തിരിച്ചുവരവോടെയാണ് നോവലിൻ്റെ ആരംഭം.
ഓർമ്മകളിലൂടെ കാലം ഒരു തിരിച്ചുപോക്ക് നടത്തുന്നു. അടുക്കായും ചിട്ടയായും ആദ്യം മുതൽ അന്ത്യം വരെ കഥപറയുന്ന രീതിയല്ല ഈ നോവലിലുള്ളത്. അമ്മുവിൻ്റേയും ഇരട്ടക്കുട്ടികളിലൊന്നായ രാഹേലിൻ്റേയും ചിന്തകളിലൂടെ ഓരോരോ കൊച്ചരുവിയെപ്പോലെ ഉത്ഭവിക്കുകയും ഒഴുകിയൊഴുകിപ്പോകുകയും ചെയ്യുന്നു.
ഒരു ബോധധാരാ സമ്പ്രദായത്തിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പിടിച്ചിരുത്തി വായിപ്പിക്കാൻ ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്.
കേരളീയസംസ്ക്കാരത്തിനും ഭൂപ്രകൃതിക്കും കലകൾക്കും സംഭവിച്ച മാറ്റത്തെ കൃത്യമായി അവതരിപ്പിച്ചു എന്നതാണ് നോവലിൻ്റെ മറ്റൊരു സവിശേഷത.
ഈ നോവൽ അരുന്ധതിറോയ് സമർപ്പിച്ചിരിക്കുന്നത് അമ്മയായ മേരിറോയിക്കാണ്. ഈ നോവലിൻ്റെ പേര് സൂചിപ്പിക്കുന്നതുപോലെ ദി ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ് അതായത് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ’ നിരവധി സാമ്പത്തിക പ്രശ്നങ്ങളവതരിപ്പിക്കുന്നുണ്ടെങ്കിലും, വളരെ കുഞ്ഞു കാര്യങ്ങളിലൂടെ, കുഞ്ഞുമനസ്സുകളിലൂടെ ഈ കഥ അനേകരുടെ മനസ്സിലിടം പിടിക്കുന്നു.
നല്ല നിരൂപണം