മലയാള ചെറുകഥാ സമാഹാരത്തിലെ സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ്
മണി മുതുതലയുടെ “നടനയാഗം”. ലളിതമായ യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രപഞ്ചത്തിലേതായ അനുഭവങ്ങളെയും നേർക്കാഴ്ചകളേയും അടർത്തിയെടുത്ത് തനതായ ആശയങ്ങൾ ഉൾക്കൊള്ളിച്ച് വായനക്കാരുടെ മനസ്സിനെ കുളിർ പ്പിക്കുകയും തപിപ്പിക്കുകയും ചെയ്യുന്നതാണ് “നടനയാഗം” എന്ന ഈ കൃതി.
ഉദാത്തമായലാളിത്യം കൊണ്ട് കഥാകൃത്തിന്റെ ഈ കൃതി മറ്റുള്ളവരെ ആകർഷിക്കാൻ പര്യാപ്തമാണ്. ഇതിലെ ഓരോ രചനയും ലളിതകല്പനകളലൂടേയും അനവദ്യ സുന്ദരമായ സാഹിത്യ ഭംഗിയിലൂടേയും കഥയിൽ തനതുഭാവുകത്വം
സൃഷ്ടിച്ചിരിക്കുന്നു.
കഥാകൃത്തിന്റെ ഓരോ കഥയും നൽകുന്ന ആശയവും സന്ദേശവും മനോഹരമാണ്. മനസ്സും ഭാവനയും ഒരേപോലെ ഉണർത്തുന്ന ഈ പുസ്തകം ഏറെ ആസ്വാദ്യകരമാണ്.
വാക്കുകളുടെ ചിട്ടയായ ക്രമീകരണവും മികച്ച ആഖ്യാനശൈലിയും ചാരുതയേറിയ ആശയങ്ങൾകൊണ്ടും സ്വന്തം ഭാവനയിലുള്ള ഒരു സന്ദർഭത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കയാണ് മണി മുതുതല.
വിവിധ ലോകങ്ങൾ.. ഒരുപാട് ജീവിതങ്ങൾ.. അനുഭവങ്ങൾ.. അനുഭൂതികൾ.. സംഭവങ്ങൾ.. സന്ദർഭങ്ങൾ… അനർഘനിമിഷങ്ങൾ എന്നിവയിൽ കൂടിയുള്ള യാത്രയാണ് ‘നടനയാഗം.’
ഒരു സംഭവത്തേയോ, രംഗത്തെയോ, വികാരത്തേയോ, സ്നേഹത്തേയോ, തമ്മിലുള്ള ഏകാഗ്രത നഷ്ടപ്പെടാതെ അത്യധികം ശ്രദ്ധയോടെയാണ് കഥാകൃത്ത് ഇതിവിടെ
ആവിഷ്ക്കരിച്ചിരിക്കുന്നത് .
വൈവിധ്യമായ മാനസിക സംഘർഷങ്ങൾ, ജീവിത വ്യവഹാരങ്ങൾ, സ്നേഹത്തിന്റെ വ്യത്യസ്ത മുഖങ്ങൾ, വേദന അനുഭവിക്കുന്ന മനസ്സുകളിൽ അനുഭൂതി തുടിക്കുന്ന മധുര സ്മരണകൾ, ജീവിതത്തിന്റെ വഴിത്താരയിൽ മുട്ടി നിൽക്കുന്ന പ്രതീക്ഷകളും പ്രതീക്ഷാഭംഗങ്ങളും കണ്ണുനീരും ചിരിയും പ്രത്യാശയുമുതിർത്ത എത്രയോ ചിത്രങ്ങൾ.
ശ്രീ വി. ടി മാഷ് അവതരികയിൽ സൂചിപ്പിച്ചതുപോലെ ” ലോകം സുന്ദരമായി തോന്നുമെങ്കിലും കാഴ്ചക്കപ്പുറം പുഞ്ചിരിപൂശി വെച്ച കരച്ചിലാണ് മണി മുതുതല ഇവിടെ വരച്ചു കാട്ടുന്നത്.”
‘ആർദ്രമാനസങ്ങളിലേ പോസ്റ്റ്മാർട്ടം’ എന്ന കഥയിൽ മനസ്സിനെ ഏറെ സ്പർശ്ശിച്ചതും ഹൃദയത്തെ തൊട്ടുണർത്തുന്നതുമാണ് വിശാൽ അലക്സാണ്ടറും വരലക്ഷ്മിയുമായുള്ള ബന്ധം.
ഗതകാല പ്രണയത്തിന്റെ നഷ്ടപ്പെട്ടുപോയ അനുരാഗത്തിന്റെ സ്മരണകൾ അനുരണം ചെയ്യുന്ന ഓർമ്മകളുടെ സ്പന്ദനമുള്ള കാലത്തിന്റെ ആഴമുള്ള കഥയാണിത്.
കഥാവികാസത്തിൽ നമുക്ക് പരിചിതമല്ലാത്ത യുദ്ധഭൂമിയിൽ കഥാകൃത്ത് നമ്മെ കൂടെ കൂട്ടുന്നുണ്ട്.
“കൊടുമ്പിരികൊണ്ട യുദ്ധത്തിൽ തലങ്ങും വിലങ്ങും യുദ്ധവിമാനങ്ങളുടെ ഇരമ്പൽ. ബോംബുകൾ വർഷിച്ചു പുക പൊങ്ങുമ്പോൾ ഉയരുന്ന കൂട്ടനിലവിളികൾ. നിത്യ സംഭവങ്ങൾ….പ്രവർത്തിക്കാൻ കഴിയാതെ പോയ ഹോസ്പിറ്റലുകൾ. അടഞ്ഞുപോയ മാർക്കറ്റുകൾ.,.. ഞെട്ടി യുണരുന്ന രാവുകൾ..”
ക്ഷണം നിരസിച്ച മരണം അനാഥ ജന്മത്തിന്റെ വേഷത്തിൽ അവളെ മാത്രം ബാക്കിയാക്കുന്ന എഴുത്തിന്റെ കൈവഴക്കം ഒരു സിനിമ കാണുന്ന നിമിഷങ്ങളെ എനിക്കു സമ്മാനിച്ചു എന്നു പറയട്ടെ. വളരെയധികം ഹൃദയവേദനയോടെ മാത്രമേ ഈ കഥ വായിക്കാൻ കഴിയു.
‘വൃദ്ധമാനസം’ എന്ന കഥയിൽ ലങ്കയിലെ ജാഫ്ന മുനമ്പിലെ എലിഫന്റ് പാസില് തമിഴ് പുലികൾ വെച്ച കുഴിബോംബ് നിർവ്വീകാര്യമാക്കുമ്പോൾ മേജർ അർജ്ജുനന് അപകടം സംഭവിക്കുകയും ഒരു കാലും രണ്ടു കണ്ണും നഷ്ടപ്പെട്ട
അർജ്ജുനനും ഉറ്റ സുഹൃത്ത് മമ്മദും തമ്മിലുള്ള അതിവൈകാരികത, മതചിന്തകളുടെ കാലത്ത് മനുഷ്യൻ എങ്ങനെയാവാം എന്നു വളരെ വ്യക്തമാക്കി, ഒറ്റപ്പെടുന്നവരുടെ വേദനയും നിസ്സഹായാവസ്‌ഥയും ഭാഷാലാവണ്യത്തോടെ ഈ കഥയിൽ കൂടി രചയിതാവ് അവതരിപ്പിച്ചിരിക്കുന്നത് വായനയേ അതിശയിപ്പിക്കുന്നു.
‘ചാമ്പക്കടവ് സ്കൂൾ’ എന്ന കഥ വളരെ കാലിക പ്രസക്തിയുള്ളതും ഇന്നിന്റെ ഒരു നേർരേഖ കൂടിയാണ്. ഇന്ന് സാധാരണയായി നടന്നു കൊണ്ടിരിക്കുന്ന വാർത്തയേ അതിന്റെ പദലാളിത്യം ഒട്ടും ചോർന്നു പോകാത്ത വിധത്തിൽ തന്നെ കഥാകൃത്ത് ഭംഗിയായി അവതരിപ്പിച്ചു.
‘കണാരൻ മൂത്താര്’ എന്ന കഥയിൽ തെറ്റു ചെയ്യാതെ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരു മകന്റെയും ഒടുവിൽ തെറ്റു മനസ്സിലാക്കിയ പശ്ചാത്താപവിവശനായ നാട്ടു പ്രചാപതിയായ അച്ഛന്റെ ദയനീയ ചിത്രവും തുടർസംഭവങ്ങളുമാണ്. ഒടുവിൽ ശങ്കർദാസിന്റെ സഖിയായ പ്രിയാദേവി ഈ കഥയിലെ നല്ലൊരു സന്ദേശമാണ്.
“എടുക്കാത്ത നാണയങ്ങൾ” എന്ന കഥയിലൂടെ ഭർത്താവിന്റെ ചേട്ടന്റെ ഉപദ്രവത്തിൽ നിന്നും രക്ഷപ്പെടാനായി ഭുവനേശ്വറിൽ നിന്നും സ്വന്തം മകനെ കൂടി അവിടെ ഉപേക്ഷിച്ചു വന്ന രുഗ്മണി കിഷൻ എന്ന വിധവയുടെ കഥയാണ്. നമുക്ക് അറിയാത്ത ദേശത്ത് നിന്നും ഒരു കഥയുടെ കഷ്ണം കൊണ്ട് നമ്മെ ആശ്ചര്യം കൊണ്ട് ആറാടിച്ചു എന്ന് ഞാനും പറയട്ടെ. നാടോടി സംഘം ഇട്ടുപോയ ഹർഷൻ എന്ന അനാഥ ബാലൻ അവളേയും മകനേയും രക്ഷിക്കുന്നതും അവർക്കൊരു ജീവിതം കൊടുക്കുന്നതും ആണ്. ഏറെ വായനാ സുഖം നൽകുന്ന ഈ കഥ സിനിമയായെങ്കിൽ എന്നു ഞാനും ആഗ്രഹിച്ചെങ്കിൽ അത് കഥ പറച്ചിലിന്റെ മിടുക്ക് തന്നെയാണ്.
‘നടനയാഗം’ എന്ന കഥയിൽ നൃത്തകലക്ക് ജീവിതം സമർപ്പിച്ച ശിവമൂർത്തിയുടേയും ആരതിയുടേയും മകൾ ഇന്ദുമുഖി, കുട്ടിക്കാലത്ത് തന്നെ ഉപേക്ഷിച്ച അമ്മയെ കണ്ടുമുട്ടുന്നത് ഒരു ഉത്തമ കലാ സൃഷ്ടിയാണ്….. വായിക്കാതെ പോകരുത് ഈ കഥയും…..
‘ദൈവം ചിരിക്കുമ്പോൾ’ എന്ന കഥയിൽ എട്ടുവയസ്സുകാരൻ ഗിരിക്കുട്ടന്റെ നിലവിളിയും പനിച്ചുകിടക്കുന്ന അവന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു യാചിക്കുന്നതും കോവിഡ് ബാധിച്ച ചന്ദനമല്ലി ഗിരിക്കുട്ടനെ ഒറ്റക്കാക്കി ജില്ലാ ആശുപത്രിയിൽ വെച്ച് നിത്യതയുടെ മായാക്കൂടാ രത്തിലേക്ക് മടങ്ങിയതും പരിതാപകരമായ അവസ്ഥയാണ്.തുടർന്ന് ഗിരിക്കുട്ടന്റെ ജീവിത പശ്ചാത്തലം കഥാകൃത്ത് വരച്ചു കാട്ടിയത് മനസ്സിനെ വല്ലാത്ത ഒരവസ്‌ഥയിലാക്കി എന്ന് പറയട്ടെ.
‘സ്നേഹവീണ’ എന്ന കഥയിൽ തേജുവും ദാസും ഭാർഗ്ഗവി അമ്മയുമെല്ലാം മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളാണ്. ആരോഗ്യം ക്ഷയിച്ച തേജസ്വിനിയെ ആശുപത്രിയിൽ ചികിത്സക്കായി കിടത്തുന്നതും അതിൽ വിഷമിച്ച ദാസ് ഭ്രാന്തനായി അലയുന്നതും ആടിപ്പാടി പോകുന്നതും മനസ്സിനെ മഥിക്കുന്ന സംഭവമാണ്.
വളരെയധികം ആശയങ്ങളും ഭാവനാ സാമ്പത്തുമുള്ള കഴിവുള്ള വ്യക്തിയാണ് രചയിതാവ് എന്ന് ഈ ബുക്കിലെ ഓരോ കഥയും വിളിച്ചു പറയുന്നുണ്ട്. ഒറ്റവായനയല്ല, വീണ്ടും വായിക്കുകയും ഇതിലെ കഥാപാത്രങ്ങളെ മനസ്സിൽ നിന്നും പറഞ്ഞയക്കണം എന്നു കരുതിയാലും കഴിയാത്ത രീതിയിൽ ഇത്രയും നന്നായി എഴുതിയ കവിയും, സംഗീത സംവിധായകനുമായ രചയിതാവിന്റെ തൂലികയിൽ നിന്നും ഇനിയും ഒരുപാട് നല്ല രചനകൾ പൊട്ടി മുളക്കട്ടെ……
ഈ ബുക്കിന് വളരെ മികച്ച രീതിയിൽ തന്നെ അവതാരിക എഴുതിയ വി. ടി. വാസുദേവൻ മാഷ് അവർകൾക്കും മണി മുതുതല സാറിനും എന്റെ മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ.
നന്നായിട്ടുണ്ട്
മികച്ച വായനാനുഭവം
നല്ല വായനക്കുറിപ്പ്