Logo Below Image
Friday, September 19, 2025
Logo Below Image
Homeപുസ്തകങ്ങൾഅതിജീവനപഠനത്തിന് ഒരു ആമുഖം ✍ഡോ.തോമസ് സ്കറിയ

അതിജീവനപഠനത്തിന് ഒരു ആമുഖം ✍ഡോ.തോമസ് സ്കറിയ

അതിജീവനത്തിൻ്റെ പ്രാധാന്യം ജീവിതത്തിൻ്റെ മൂല്യത്തെ അതു വിളംബരം ചെയ്യുന്നുവെന്നതാണ്. പ്രതികൂല പരിതസ്ഥിതികളുമായുള്ള മനുഷ്യൻ്റെ ഏറ്റുമുട്ടലുകളെ അത് വ്യാഖ്യാനിക്കുന്നു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും അതിജീവനം പ്രധാനമാണ്. പ്രകൃതിനിയമങ്ങളുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. അതിജീവനത്തിന് അനുയോജ്യമായ ഏതൊരു പ്രവർത്തനത്തിൻ്റെയും ബൗദ്ധിക ന്യായീകരണമാണ് അതിജീവനപാഠം ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് മിക്ക സർവ്വകലാശാലകളിലും അതിജീവന പഠനം ഒരു അക്കാദമിക് വിഷയമായി മാറിയിട്ടുണ്ട്. ആ പശ്ചാത്തലത്തിൽ പരിഗണിക്കേണ്ട ഒരു പുസ്തകമാണ് വിനീത ജെ പാല്യത്ത് തയ്യാറാക്കിയ അതിജീവനപാഠങ്ങൾ. മനുഷ്യർ അതിജീവനത്തിനായി നടത്തിയ പോരാട്ടങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഒരു പുസ്തകമാണിത്. ഏതു അക്കാദമിക് പഠനത്തിനും സൈദ്ധാന്തികമായ ഒരടിത്തറ ഉണ്ടായിരിക്കേണ്ടതുണ്ട്. അതിജീവന പഠനത്തിൻ്റെ സൈദ്ധാന്തികവും സൈദ്ധാന്തികേതരവുമായ മേഖലകളെ വിശദമായി സ്വർശിക്കുന്നുണ്ട് വിനീത എന്നതാണ് ഈ പുസ്തകത്തിൻ്റെ ഒരു സവിശേഷത എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. അതിജീവനത്തെ സന്ദർഭത്തെ മുൻനിർത്തി ജൈവികം, മനശ്ശാസ്ത്രപരം, സാമൂഹികം, സാമ്പത്തികം,അസ്തിത്വപരം, സാംസ്കാരികം എന്നിങ്ങനെ ആറു തലങ്ങളിൽ വർഗീകരിച്ച് പഠിക്കുന്നു. ഓരോന്നും ജീവജാലങ്ങളുടെ ജീവിതത്തിൽ വഹിക്കുന്ന നിർണ്ണായക പങ്കുകൾ വ്യക്തമാക്കുകയും ചെയ്യുന്നു. ഡാർവിൻ മുതൽ ആധുനികർ വരെയുള്ളവരെ പരാമർശിച്ചും പരിഗണിച്ചും തയ്യാറാക്കിയ ഈ പുസ്തകത്തിൽ ട്രോമയും, ഗയിം തീയറിയുമൊക്കെ വിവരിക്കുന്നുണ്ട്.

സാഹിത്യത്തിലെ അതിജീവനമാണ് ഈ പുസ്തകത്തിൻ്റെ മറ്റൊരു പഠന മേഖല. റോബിൻസൺ ക്രൂസോ, ഈച്ചകളുടെ തമ്പുരാൻ തുടങ്ങിയ കൃതികൾ അതിജീവന പ്രമേയങ്ങൾ അവതരിപ്പിക്കുന്നവയാണ്. സാഹിത്യം പോലെത്തന്നെ സിനിമയും അതിജീവിനത്തെ എങ്ങനെ ആവിഷ്കരിച്ചു എന്നും വിനീത വിവരിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ അതിജീവനമാണ് ഈ പുസ്തകത്തിലെ മറ്റൊരു പ്രധാന പഠനവിഷയം. വിവിധ കാലങ്ങളിൽ വിവിധ സർഗ്ഗാത്മക മേഖലകളിൽ അതിജീവനമെങ്ങനെ പരാമർശ വിഷയവും പ്രതിപാദ്യവുമായി മാറിയെന്നതിൻ്റെ ഒരടയാളപ്പെടുത്താലായി അതിജീവനപാഠങ്ങളെ വിലയിരുത്താം. മൗലികമായ ഒട്ടേറെ നിരീക്ഷണങ്ങൾ ഈ പുസ്തകത്തിലുണ്ട്. എഴുത്തുകാരിയുടെ വിപുലമായ വായനയുടെയും ചിന്തയുടെയും ഉല്പന്നമാണ് ഈ പുസ്തകം . ചേർത്തല സ്വദേശിയായ വിനീത കവയിത്രിയും നോവലിസ്റ്റും ജീവചരിത്ര രചയിതാവുമാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവചരിത്രം The Legend എന്ന കൃതി വിനീതയുടെ അന്വേഷണ ത്വരയെ വെളിപ്പെടുത്തുന്നു.

രോഗവും വാർദ്ധക്യവും ദാരിദ്യവും എങ്ങനെ മനുഷ്യരിൽ ആഘാതമായി മാറുന്നുവെന്ന് വിനീത അതിജീവനപാഠങ്ങളിൽ പറയുന്നുണ്ട്. പി.എ. നാസിമുദ്ദിൻ്റെയും റഫീക്ക് അഹമ്മദിൻ്റെയും അജിത് എം. പച്ചനാടൻ്റെയും ഓരോ കവിതകൾ വിശദമായി വിലയിരുത്തുന്നുമുണ്ട്. നിർവ്വചിക്കുക, അപഗ്രഥിക്കുക, വിലയിരുത്തുക എന്ന ക്രമത്തിലാണ് ഈ പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്. സാഹിത്യസ്നേഹികളും വിദ്യാർത്ഥികളും നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. എങ്ങനെ നോക്കിയായാലും അക്കാദമിക് പഠനമേഖലയ്ക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടാണെന്നു നിസ്സംശയം പറയാം.

ഡോ. തോമസ് സ്കറിയ

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com