ജിമെയിൽ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്ലിക്സ് തുടങ്ങി കോടിക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ലോഗിൻ വിവരങ്ങൾ വലിയ തോതിൽ ചോർന്നതായി റിപ്പോർട്ട്. മലയാളികൾ ഉൾപ്പെടെയുള്ള ഉപയോക്താക്കളെ നേരിട്ട് ബാധിക്കുന്ന ഈ ഡാറ്റാ ചോർച്ചയിൽ ഏകദേശം 14.9 കോടി (149 മില്യൺ) അക്കൗണ്ടുകളുടെ യൂസർനെയിമുകളും പാസ്‌വേഡുകളുമാണ് പുറത്തായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ വിവരങ്ങൾ ചോർന്നിരിക്കുന്നത് ജിമെയിലിൽ നിന്നാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രശസ്ത സൈബർ സുരക്ഷാ സ്ഥാപനമായ എക്സ്പ്രസ് വിപിഎൻ (ExpressVPN) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഗുരുതര വിവരങ്ങൾ വ്യക്തമാക്കുന്നത്. സൈബർ സെക്യൂരിറ്റി ഗവേഷകനായ ജെറമിയ ഫൗളർ ആണ് ഈ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയത്.
പാസ്‌വേഡോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഉപയോഗിച്ച് സംരക്ഷിക്കപ്പെടാത്ത ഒരു ഡാറ്റാബേസിലാണ് ഈ വിവരങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 96 ജിബി വലിപ്പമുള്ള ഈ ഡാറ്റാബേസ്, ഇന്റർനെറ്റിൽ ആർക്കും തുറന്ന് പരിശോധിക്കാവുന്ന നിലയിലായിരുന്നുവെന്നതാണ് ആശങ്ക കൂടുതൽ വർധിപ്പിക്കുന്നത്.
ഇത്തരത്തിലുള്ള ഡാറ്റാ ചോർച്ചകൾ അക്കൗണ്ട് ഹാക്കിങ്, സാമ്പത്തിക തട്ടിപ്പ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തുടങ്ങിയ ഗുരുതര ഭീഷണികൾക്ക് വഴിവെക്കാമെന്ന മുന്നറിയിപ്പും സൈബർ വിദഗ്ധർ നൽകുന്നു. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, രണ്ട് ഘട്ട സുരക്ഷ (Two-Factor Authentication) സജീവമാക്കുക തുടങ്ങിയ മുൻകരുതലുകൾ ഉടൻ സ്വീകരിക്കണമെന്ന് ഉപയോക്താക്കൾക്ക് നിർദ്ദേശമുണ്ട്.



