ജപ്പാനിലെ മിഷിമയിൽ വെള്ളിയാഴ്ച്ച വൈകുന്നേരം യോക്കോഹാമ റബ്ബർ കമ്പനിയിലാണ് കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ 15 പേർക്ക് പരുക്കേറ്റത്. മദ്ധ്യജപ്പാനിലെ ഒരു റബ്ബർ ഫാക്ടറിയിലാണ് സംഭവം. 38 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രതി ഒരു അജ്‍ഞാത ദ്രാവകം സ്പ്രേ ചെയ്ത ശേഷമാണ് കത്തികൊണ്ട് ആക്രമണം നടത്തിയത്.
പരുക്കേറ്റവരിൽ ചിലർക്ക് ദ്രാവകം സ്പ്രേ ചെയ്തത് വഴിയാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ അക്രമിയെ പൊലീസ് കീഴടക്കി. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.മാസ്ക് ധരിച്ചത്തിയാണ് പ്രതി ആക്രമം നടത്തിയത്. എന്നാൽ ആക്രമണത്തിന്റെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല.
പെതുവെ കൊലപാതക നിരക്ക് കുറഞ്ഞ രാജ്യമാണ് ജപ്പാൻ. കൂടാതെ തോക്ക് കൈവശം വയ്ക്കുന്നതിനുൾപ്പെടെ കർക്കശമായ നിയമങ്ങളും അവിടെ നിലനിൽക്കുന്നുണ്ട്. 2022 ൽ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വധവും പിന്നീടുള്ള സമാന ആക്രമണങ്ങളും രാജ്യത്തെ സുരക്ഷാ നയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് വഴിതുറന്നിരുന്നു. 2023-ൽ വെടിവെപ്പും കത്തിക്കുത്തും ഉൾപ്പെട്ട ഒരു കൂട്ടക്കൊലയ്ക്ക് ഒരു ജാപ്പനീസ് പൗരനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ അന്ന് കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ആദ്യം മെയ് മാസത്തിൽ ടോക്കിയോയിലെ ടോഡമേ മെട്രോ സ്റ്റേഷനിൽ കത്തിക്കുത്തിനെ തുടർന്ന് 43കാരനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു.



