വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യൻ ഐടി കമ്പനികൾക്ക് എച്ച്1ബി വിസ ലഭിക്കുന്നത് കുറയുന്നു. 2025 സാമ്പത്തിക വർഷം ഇന്ത്യൻ കമ്പനികൾക്ക് ലഭിച്ച എച്ച്1ബി വിസകളുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി.
ഏറ്റവും കൂടുതൽ എച്ച്1ബി വിസകൾ നേടിയ കമ്പനികളുടെ പട്ടികയിലെ ആദ്യ അഞ്ചിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) മാത്രമാണ് ഏക ഇന്ത്യൻ കമ്പനി. എന്നാൽ വിസ നീട്ടുന്നതിനായി സമർപ്പിച്ച അപേക്ഷകളിന്മേലുള്ള അംഗീകാര നിരക്ക് (Visa Extension Approval Rate) ടിസിഎസിന് അനുകൂലമല്ല.
നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025 സാമ്പത്തിക വർഷം ഏഴ് പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾക്ക് 4,573 എച്ച്1ബി വിസകൾ മാത്രമാണ് ലഭിച്ചത്. ഇത് 2015നെ അപേക്ഷിച്ച് 70 ശതമാനം കുറവാണ്, 2024നെ അപേക്ഷിച്ച് 37 ശതമാനവും. യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ സർവീസസിൻ്റെ (USCIS) എച്ച്1ബി എംപ്ലോയർ ഡാറ്റാ ഹബ്ബിൽ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കൂടുതൽ എച്ച്1ബി വിസ ലഭിച്ചതിന് പുറമേ, നിലവിലുള്ള എച്ച്1ബി വിസകൾ നീട്ടിനൽകുന്നതിനോ അല്ലെങ്കിൽ പുതുക്കുന്നതിനോ സമർപ്പിച്ച അപേക്ഷകളിന്മേൽ അംഗീകാരം നേടിയ കമ്പനികളുടെ പട്ടികയിലെ ആദ്യ അഞ്ചിൽ ഇടംപിടിച്ചതും ടിസിഎസ് മാത്രമാണ്. എന്നാൽ, ടിസിഎസിൻ്റെ വിസ എക്സ്റ്റൻഷൻ റിജക്ഷൻ റേറ്റ് ഏഴ് ശതമാനമായി ഉയർന്നു. 2024ൽ ഇത് നാല് ശതമാനമായിരുന്നു.
ഈ വർഷം, ടിസിഎസ് വിസ നീട്ടിനൽകുന്നതിനായി സമർപ്പിച്ച 5,293 അപേക്ഷകൾക്ക് അംഗീകാരം നേടി. പുതിയ 846 വിസകൾക്കും അംഗീകാരം ലഭിച്ചു. ഇത് 2024ൽ 1,452 ഉം 2023ൽ 1,174 ഉം ആയിരുന്നു. ഈ വർഷം ടിസിഎസിൻ്റെ പുതിയ എച്ച്1ബി വിസാ അപേക്ഷയുടെ റിജക്ഷൻ റേറ്റ് രണ്ട് ശതമാനമാണ്.
അതേസമയം കൂടുതൽ എച്ച്1ബി വിസകൾ ലഭിച്ച ആദ്യ നാല് കമ്പനികൾ ആമസോൺ, മെറ്റ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയാണ്. കൂടുതൽ എച്ച്1ബി വിസകൾ ലഭിച്ച ആദ്യ 25 കമ്പനികളുടെ പട്ടികയിൽ മൂന്ന് ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികൾ മാത്രമാണുള്ളത്. വിസ നീട്ടിനൽകുന്നതിന് അപേക്ഷിക്കുന്ന മിക്ക ഐടി കമ്പനികൾക്കും റിജക്ഷൻ റേറ്റ് കുറവാണെന്നാണ് റിപ്പോർട്ട്.
ഇൻഫോസിസ്, വിപ്രോ, എൽടിഐമിൻഡ്ട്രി എന്നിവയുടെ റിജക്ഷൻ റേറ്റ് ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനും ഇടയിലാണ്. എന്നാൽ 2025 സാമ്പത്തിക വർഷത്തിൽ പുതിയ വിസകളുടെ റിജക്ഷൻ റേറ്റ് വർധിച്ചു. ഇതിൽ ഏറ്റവും കുറവ് വിസ റിക്ഷൻ റേറ്റുള്ള കമ്പനി ടിസിഎസ് ആണ്, രണ്ട് ശതമാനമാണ് റിജക്ഷൻ റേറ്റ്. എച്ച്‌സിഎൽ അമേരിക്കയ്ക്ക് ആറ് ശതമാനവും എൽടിഐമിൻഡ്ട്രിയ്ക്ക് അഞ്ച് ശതമാനവും കാപ്ജെമിനിക്ക് നാല് ശതമാനവുമാണ്.
നിലവിലുള്ള ജീവനക്കാരുടെ എച്ച്1ബി വിസ പുതുക്കി നൽകുന്നതിലാണ് കമ്പനികൾ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഒരു നിയമ സ്ഥാപനത്തിലെ പാർട്ണറെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഇമിഗ്രേഷൻ പ്ലാറ്റ്‌ഫോമായ ബിയോണ്ട് ബോർഡറിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പ്രകാരം, സോഫ്റ്റ് വെയർ എഞ്ചീനിയർമാരുടെ ലേബർ സർട്ടിഫിക്കേഷൻ അംഗീകാരം കഴിഞ്ഞ നാല് വർഷവും കുറഞ്ഞതോതിൽ നിൽക്കുകയാണ്. എംപ്ലോയ്മെൻ്റ് ബേസ്ഡ് ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിന് മുന്നോടിയായുള്ള ഘട്ടമാണ് ലേബർ സർട്ടിഫിക്കേഷൻ.
എച്ച്1ബി ഗ്രേഡറിൽനിന്നുള്ള വിവരങ്ങൾ പ്രകാരം, സോഫ്റ്റ് വെയർ എഞ്ചിനീയർമാർക്കുള്ള ലേബർ സർട്ടിഫിക്കേഷനുകൾ 2022ൽ 40,378 ആയിരുന്നു. 2025ലെ മൂന്നാം പാദത്തിൽ ഇത് 23,922 ആയി കുറഞ്ഞു. എച്ച്1ബി വിസ പ്രോഗ്രാമിന്മേൽ സൂക്ഷമ പരിശോധന കടുപ്പിച്ചതാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
എച്ച1ബി വിസ അമേരിക്ക പൗരന്മാരുടെ തൊഴിൽ കവരുന്നുവെന്ന ആരോപണം അമേരിക്കയിലെ മാഗാ (മേക്ക് അമേരിക്ക ഗ്രേറ്റ് അമേരിക്ക) വിഭാഗക്കാർക്കിടയിൽ ശക്തമാണ്. അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ ശമ്പളം നൽകുന്നത് ഒഴിവാക്കാനായി കമ്പനികൾ എച്ച്1ബി വിസയിൽ ജീവനക്കാരെ നിയമിക്കുന്നുവെന്നാണ് വാദം.
2024 സാമ്പത്തിക വർഷം, കമ്പ്യൂട്ടർ സംബന്ധമായ ജോലി ചെയ്യുന്ന എച്ച്1ബി ജീവനക്കാരൻ്റെ ശരാശരി വാർഷിക ശമ്പളം 1,36,000 ഡോളർ ആയിരുന്നു എന്നാണ് റിപ്പോർട്ട്. അതായത്, എച്ച്1ബി വിസ പ്രോഗ്രാമിലൂടെയുള്ള നിയമനങ്ങൾ
കുറഞ്ഞ ചെലവിലുള്ള നിയമനങ്ങളല്ലെന്ന് വ്യക്തം.



