Friday, November 15, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 12 | വെള്ളി

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | ഏപ്രിൽ 12 | വെള്ളി

കപിൽ ശങ്കർ

🔹കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

🔹കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കില്‍ മാസം 8500 വീതം വര്‍ഷം ഒരു ലക്ഷം രൂപ നല്‍കി ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ നല്‍ുന്ന മഹാലക്ഷ്മി പദ്ധതി കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

🔹താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്‌ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രന്‍ നടത്തുന്നത്. സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടില്‍ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിര്‍മിക്കുകയാണ് സംഘപരിവാര്‍ അജണ്ട. അത് ഒരിക്കലും നടക്കാന്‍ അനുവദിക്കില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു.

🔹സംസ്ഥാനത്ത് വിഷുച്ചന്തകൾ ഇന്ന് ആരംഭിക്കും. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെ ഈ മാസം 18 വരെയാണ് ചന്തകൾ നടക്കുക. താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് റംസാൻ – വിഷു ചന്തകൾ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നില്ല. കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്.

🔹സ്വർണ്ണത്തിന് റെക്കോർഡ് വില. പവന്റെ വില 800 രൂപ വര്‍ധിച്ച് 53,760 രൂപയായി. ഗ്രാമിന്റെ വില 100 രൂപ കൂടി 6,720 രൂപയും. ആറ് മാസത്തിനിടെ സ്വര്‍ണവിലയില്‍ 20 ശതമാനത്തോളമാണ് വര്‍ധനവുണ്ടായത്.

🔹കൊട്ടാരക്കര എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചു മണിക്ക്‌ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിന്‍റെ സൈഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറി ഡ്രൈവർ പയനീർ സെൽവത്തെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.ഫയർഫോഴ്സ് സ്ഥലത്തെത്തി ടാങ്കറിലെ വാതക ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.

🔹സുൽത്താൻബത്തേരി: മദ്യലഹരിയിൽ യുവാവ്‌ തോട്ടത്തിന്‌ തീയിട്ടതിനെത്തുടർന്ന്‌ മോട്ടോറുകൾ കത്തിനശിച്ചു. പൂതാടി അരിമുള പീപ്പിൾസ്‌ വില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ്‌ സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ്‌ കൃഷിയിടത്തിൽ തീയിടുകയായിരുന്നു.
തീ ആളിപ്പടർന്നതിനെത്തുടർന്ന്‌ വീടുകളിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്തിരുന്ന മോട്ടോറുകളും പൈപ്പുകളും കത്തിനശിച്ചു. കിണറിലെ വെള്ളവും മലിനമായി. ഇതോടെ പീപ്പിൾസ്‌ വില്ലയിലെ ആറ്‌ കുടുംബങ്ങൾക്ക് കുടിവെള്ളം നിലച്ച അവസ്ഥയിലാണ്‌.
കോഴിക്കോട്‌ ആസ്ഥാനമായുള്ള പീപ്പിൾ ഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടന നിർമിച്ചുനൽകിയ കിണറിലേക്കും മോട്ടോറുകളിലേക്കുമാണ്‌ തീ പടർന്നത്‌. ഇവിടെ ആറു വീടുകൾ നിർമിച്ചുനൽകിയതും പീപ്പിൾ ഫൗണ്ടേഷൻ സംഘടനയാണ്‌. സംഭവത്തിൽ പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട്‌ കുടുംബങ്ങൾ കേണിച്ചിറ പോലീസിൽ പരാതി നൽകി.

🔹കോഴിക്കോട്: മണിയൂരില്‍ ഒന്നരവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണിയൂര്‍ അട്ടക്കുണ്ട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.അട്ടക്കുണ്ട് കോട്ടയില്‍താഴെ ആയിഷ സിയ എന്ന കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസ(28)യെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.
ഫായിസയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

🔹ഇടുക്കി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ഇടുക്കിയിലെത്തുന്നു. പ്രശസ്ത ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ വെള്ളിയാഴ്ച മൂന്ന് മണിക്ക് മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് നടക്കുന്ന ഫുടബോള്‍ മത്സരത്തിന് മുന്നോടിയായി ബസ് സർവീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വിഎം ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് ബസില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, എത്ര ദിവസം ബസ് ഇടുക്കിയില്‍ ഉണ്ടാകും തുടങ്ങിയ വിവരങ്ങള്‍ ഫ്‌ളാഗ് ഓഫ് വേദിയില്‍ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

🔹ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയായ വിസ്താരയിലെ പൈലറ്റുമാർക്ക് പിന്നാലെ പണിമുടക്ക് ഭീഷണി മുഴക്കി രാജ്യത്തെ ഏറ്റവും വലിയ വിമാന അറ്റകുറ്റപ്പണി കമ്പനിയായ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിലെ ജീവനക്കാരുടെ യൂണിയനും കൂടി രംഗത്തെത്തിയതോടെ സമരപരമ്പരയിൽ വലഞ്ഞ് എയർ ഇന്ത്യ. വിമാന സാങ്കേതിക വിദഗ്ധർക്ക് കഴിഞ്ഞ ഏഴ് വർഷമായി പ്രമോഷനുകളൊന്നും നൽകിയിട്ടില്ലെന്നും, ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും കുറ്റപ്പെടുത്തിയാണ് പണിമുടക്ക് ആഹ്വാനം. 2021 ഒക്ടോബറിൽ സർക്കാർ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് വിറ്റിരുന്നു. അതേ സമയം എയർ ഇന്ത്യയുടെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളായ എഐ എഞ്ചിനീയറിംഗ് സർവീസസ് , എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് , റീജിയണൽ എയർലൈൻ അലയൻസ് എയർ എന്നിവ ലയനത്തിന്റെ ഭാഗമായിരുന്നില്ല. എയർഇന്ത്യക്ക് വേണ്ടി വിമാനങ്ങളുടെ അറ്റകുറ്റപ്പണി നിർവഹിക്കുന്നത് എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ആണ്.

🔹തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ‘ജീ പേ’ പോസ്റ്ററുകള്‍. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ക്യൂ.ആര്‍. കോര്‍ഡ് അടങ്ങിയ പോസ്റ്ററുകളില്‍ സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം എന്നും എഴുതിയിട്ടുണ്ട്. ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ തിരഞ്ഞെടുപ്പ് ബോണ്ട് ഉള്‍പ്പെടെയുള്ള വിവിധ അഴിമതി ആരോപണങ്ങളുള്ള വീഡിയോയിലേക്കാണ് എത്തുക.

🔹കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു.കെ. വരുമാനപരിധി 18,600 പൗണ്ടില്‍ നിന്ന് 29,000 പൗണ്ടായി ഉയര്‍ത്തി. കുടിയേറ്റം കുറയ്ക്കുന്നതിനുവേണ്ടി പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പുതിയ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.

🔹ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യസിന് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. 61 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസിയുടേയും 50 റണ്‍സെടുത്ത രജത് പടീദാറിന്റേയും 53 റണ്‍സെടുത്ത ദിനേശ് കാര്‍ത്തികിന്റേയും കരുത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് 8 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യസ് വെറും 15.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 34 പന്തില്‍ 69 റണ്‍സെടുത്ത ഇഷാന്‍ കിഷനും 19 പന്തില്‍ 52 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമാണ് മുംബൈയുടെ രണ്ടാംജയം എളുപ്പമാക്കിയത്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത ജസ്പ്രീത് ബുംറയാണ് രാജസ്ഥാന്‍ റോയല്‍സിനെ 196 ല്‍ ഒതുക്കിയത്.

🔹ഷെയ്ന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. സംഗീതത്തിന് പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന പ്രണയകഥ സംവിധാനം ചെയ്യുന്ന പ്രശാന്ത് വിജയകുമാര്‍ ആണ്. ഓര്‍ഡിനറി, മധുര നാരങ്ങ, തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ ഒരേ സമയം റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍ ആയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. മെയ് ആദ്യവാരത്തോടെ കോഴിക്കോട് വെച്ച് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കോഴിക്കോട്, മൈസൂര്‍, ജോര്‍ദ്ദാന്‍ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഹാലിന്റെ ചിത്രീകരണം നടക്കുക. ജെവിജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കാര്‍ത്തിക് മുത്തുകുമാര്‍ ആണ് ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. നന്ദു ആണ് സംഗീതം.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments