ഫ്ലോറിഡ: 2024 സെപ്റ്റംബറിൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്സിൽ വെച്ച് അന്നത്തെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച റയാൻ റൗത്തിന് (59) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റർനാഷണൽ ഗോൾഫ് ക്ലബ്ബിൽ വെച്ചായിരുന്നു റൗത്തിന്റെ വധശ്രമം.
ഗോൾഫ് കോഴ്സിലെ കുറ്റിക്കാട്ടിൽ തോക്കുമായി ഒളിച്ചിരുന്ന റൗത്തിനെ സീക്രട്ട് സർവീസ് ഏജന്റ് കണ്ടെത്തുകയും വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് രക്ഷപെടാൻ ശ്രമിച്ച ഇയാളെ സമീപത്തുനിന്നും പിടികൂടുകയായിരുന്നു.
മാസങ്ങളോളം നീണ്ട ആസൂത്രണം, പശ്ചാത്താപമില്ലായ്മ, ആരെയും കൊല്ലാനുള്ള മനോഭാവം എന്നിവ കണക്കിലെടുത്താണ് ജഡ്ജി ഐലീൻ കാനൻ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
വിചാരണവേളയിൽ തനിക്ക് വേണ്ടി തന്നെ വാദിച്ച റൗത്ത്, ട്രംപിനെ ഗോൾഫ് കളിക്കാൻ വെല്ലുവിളിക്കുകയും ഹിറ്റ്‌ലറെയും പുടിനെയും പരാമർശിക്കുകയും ചെയ്തിരുന്നു. വിധി വന്നതിന് പിന്നാലെ കോടതിയിൽ വെച്ച് ഇയാൾ സ്വയം കുത്തിപ്പരിക്കേൽപ്പിക്കാനും ശ്രമിച്ചു.
ഇയാൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് സ്കോപ്പുള്ള റൈഫിളും ട്രംപിന്റെ യാത്രാ വിവരങ്ങളടങ്ങിയ കുറിപ്പുകളും പോലീസ് കണ്ടെടുത്തിരുന്നു.
2024-ൽ ട്രംപിന് നേരെ നടന്ന രണ്ടാമത്തെ വധശ്രമമായിരുന്നു ഇത്. നേരത്തെ ജൂലൈയിൽ പെൻസിൽവേനിയയിൽ നടന്ന റാലിക്കിടെയും അദ്ദേഹത്തിന് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു.



