മുഷിഞ്ഞ ഭാണ്ഡം തലയ്ക്കല്‍ വച്ച് അവള്‍ മാവിന്‍ ചുവട്ടില്‍ ചുരുണ്ടുകിടന്നു.
”എത്ര മാമ്പഴം തന്ന മാവാണിത്.” ആത്മഗതം ഉറക്കെയായത് അവള്‍ അറിയാതെയായിരുന്നു. അതുകേട്ട മുതുക്കന്‍മാവിന്റെ കൊമ്പുകള്‍ സങ്കടത്തിന്റെ കാറ്റില്‍ ഉലഞ്ഞു.
മുഖത്തു വീണ പഴുത്തയില മാവിന്റെ കണ്ണീരാണെന്നറിയാന്‍ മുത്തശ്ശിക്കു പ്രയാസമുണ്ടായില്ല.
”ഞാന്‍ പറഞ്ഞത് നീ കേട്ടു, അല്ലേ ?” അവള്‍ ചോദിച്ചു.”അതോണ്ടല്ലേ നീയ്യ് കണ്ണീരു പൊഴിക്കണത് ?”
”അതല്ല അമ്മേ,” അമ്മയുടെ ശുഷ്കിച്ച മാറില്‍ വീണ മറ്റൊരു മാവില ഒന്നിളകി ചിലച്ചു–
”എത്ര കുട്ടികളെ പാലൂട്ടിയ മാറിടമാണിത് !
പൂവില്‍ നിറഞ്ഞ മധു പോലെ ,
കോമള താമരപൂവു പോലെ ,
എത്ര താരാട്ടുകള്‍ കാത്തുവച്ച ഇടമാണിത്.
പാലും പാട്ടും വറ്റിപ്പോയ അമ്മയെ പോലെയാണ് ഞാനും. ”
അവര്‍ എത്രനേരം അങ്ങനെ സല്ലപിച്ചുകൊണ്ടിരുന്നുവെന്ന് ആര്‍ക്കും അറിയില്ല.കുട്ടികളെ പാലൂട്ടിയെ അമ്മയ്ക്കും അവര്‍ക്കായി മധുരംകിനിയും മാങ്കനി വീഴ്ത്തിക്കൊടുത്ത മാവിനും പറഞ്ഞാല്‍ തീരാത്തത്ര കുട്ടികളുടെ ഉല്ലാസത്തിന്റെ കഥകള്‍ പറയാനുണ്ടായിരുന്നു.മണ്ണാങ്കട്ടക്കു മുകളില്‍ കരിയിലപോലെ മാവിലകള്‍ അമ്മയുടെ വരണ്ട മറിന് കുറെ നേരം കുടപിടിച്ചു.
പഴുത്തമാവിലകള്‍ ഒരു വേനല്‍കാറ്റില്‍ കരിയിലപോലെ പറന്നുപോയതും അമ്മയെ ചിതല്‍ തിന്നതും പണ്ടത്തെ മലയാളപാഠാവലിയുടെ മഞ്ഞത്താളുകളില്‍ ദ്രവിച്ചുപോയത് തുടര്‍ക്കഥയുടെ തുടര്‍ക്കഥയായി തുടരുന്നു.



