ഇന്നസെൻ്റ് – മലയാള സിനിമയിലെ നിലയ്ക്കാത്ത ചിരി.
മലയാള സിനിമയിൽ ഹാസ്യത്തിനും, അഭിനയത്തിനും വ്യത്യസ്തമായ ഭാവവും ശൈലിയും സമ്മാനിച്ച് വേറിട്ടു നിൽക്കുന്ന ആസ്വാദനം പകർന്നു നൽകിയ നടനവൈഭവമാണ് ഇന്നസെൻ്റ് . ആ അഭിനയ രീതിക്കും, ചലനങ്ങൾക്കും മുമ്പെവിടേയും നാം കണ്ടതോ കണ്ടു മറന്നതോ ആയ ഒരു ഛായയുമുണ്ടായിരുന്നില്ല. തൻ്റേതു മാത്രമായ ഒരു രീതി അദ്ദേഹത്തിലൂടെ ആ മനോധർമ്മത്തിലൂടെ സൃഷ്ടിക്കപ്പെടുകയായിരുന്നു.അതു വരെയുള്ള ഒരഭിനേതാവിനോടും അല്പം പോലും സാമ്യമില്ലാത്ത ഒന്ന്.ഏറെ പുതുമയുള്ള ഒന്ന്. പതിയെ പതിയെ നാമത് അംഗീകരിച്ചു. സ്വീകരിച്ചു .ശീലിച്ചു . ഇന്നസെൻ്റിനെ എത്ര നേരവും കണ്ടിരിക്കാനിഷ്ടമായിരുന്നു മലയാളികൾക്ക് . പ്രേക്ഷകരുടെ മനസ്സിൽ ഒട്ടും മടുപ്പുളവാക്കാത്ത ആ പ്രത്യേക ശൈലി പിന്നീട് മറ്റൊരാൾക്കും അനുകരിക്കാൻ കഴിയാതിരുന്നതും, അല്ലെങ്കിൽ ആരും അതിന് ധൈര്യപ്പെടാതിരുന്നതും ഇനിയും ആരും അതിന് മുതിരില്ലെന്നുറപ്പുള്ളതും അത്രമേൽ അത് ജനഹൃദയങ്ങളിൽ ഇന്നസെൻ്റ് എന്ന പേരിനൊപ്പം ലയിച്ചു ചേർന്നത് കൊണ്ടു കൂടിയാണ്.ഒരു ഹൃദ്യമായ ചിരിയായി സരസഭാഷണമായി അത് നമ്മിലേക്ക് നാമറിയാതെ തന്നെ ലയിച്ചു ചേർന്നു. ഒരു പ്രത്യേക മൂളൽ , തല ചെരിച്ച ഒരു നോട്ടം, മുഖഭാവം, സംഭാഷണശൈലി എല്ലാം മലയാള സിനിമയുള്ള കാലത്തോളം ഒട്ടും മങ്ങാതെ തന്നെ നിലനിൽക്കും .
1948 മാർച്ച് നാലിന് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട താലൂക്കിൽ ചിറക്കൽ പഞ്ചായത്തിൽ തെക്കേതല വറീതിൻ്റെയും മാർഗലീത്തയുടേയും എട്ട് മക്കളിൽ അഞ്ചാമനായാണ് ഇന്നസെൻ്റിൻ്റെ ജനനം. കഷ്ടതയാർന്ന പല വഴികളിലൂടേയും സഞ്ചരിച്ച് തളരാത്ത ആത്മവിശ്വാസവുമായി വിജയത്തിലേക്ക് നടന്നു കയറിയ ചരിത്രം കൂടിയാണ് ആ ജീവിതം .
സിനിമാ നിർമ്മാതാവ് എന്ന നിലയിൽ ശക്തമായി രംഗത്ത് വന്ന ശേഷം അഭിനയരംഗത്ത് സജീവമാകുകയായിരുന്നു അദ്ദേഹം. 1972 ൽ പുറത്തു വന്ന നൃത്തശാലയായിരുന്നു ആദ്യ ചിത്രം. പിന്നീട് ഒളിഞ്ഞും തെളിഞ്ഞും ചെറുതും വലുതുമായ കുറച്ചു കഥാപാത്രങ്ങൾ.1982ൽ ഭരതൻ സംവിധാനം ചെയ്ത ഓർമയ്ക്കായി എന്ന സിനിമ വ്യത്യസ്തനായ ഒരു നടൻ്റെ ശക്തമായ വരവറിയിച്ചു.അധികം താമസിയാതെ തന്നെ ആ സാന്നിദ്ധ്യം പ്രത്യേകത എല്ലാം ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമൊക്കെ ചെയ്തു എന്നത് സത്യം. എന്നാൽ ആ ശൈലിക്കും തൃശ്ശൂർ ഭാഷയ്ക്കും അതിയായ പ്രശസ്തിയും സ്വീകാര്യതയും കൈവന്നത് 1989ൽ പുറത്തു വന്ന റാംജിറാവ് സ്പീക്കിങ്ങിലെ മാന്നാർ മത്തായിയിലുടെയാണെന്നു തന്നെ പറയാം. വേലക്കാരൻ, ഡ്രൈവർ, പരദൂഷണക്കാരൻ, പലചരക്കുകടക്കാരൻ, അയൽവാസി, അമ്മാവൻ , നാട്ടിലെ ഒരുപ്രമാണി തുടങ്ങിയ സ്ഥിരം ചെറു വേഷങ്ങളിൽ നിന്നും ഈ പ്രതിഭ മലയാള സിനിമയിലെ ഒഴിവാക്കാൻ കഴിയാത്ത ഘടകമായി മുൻനിരയിലേക്ക് കയറി നിന്നതും അവിടെ സ്ഥിര സ്ഥാനമുറപ്പിച്ചതും സിദ്ധിഖ് ലാലിൻ്റെ ആദ്യ സിനിമയായ റാംജിറാവ് സ്പീക്കിങ്ങിൽ കൂടെയായിരുന്നു. മലയാള സിനിമയുടെ അതുവരെയുള്ള ചരിത്രം തിരുത്തിയെഴുതി ഈ ചിത്രം. ഫാസിൽ നിർമ്മിച്ച ഈ ചിത്രം വലിയ വിജയമായതോടെ ഇന്നസെൻ്റിനായി ആ മാനറിസങ്ങൾ ഉൾക്കൊള്ളുന്ന പ്രധാനകഥാപാത്രങ്ങൾ രൂപപ്പെടുവാൻ തുടങ്ങി.
ഹാസ്യത്തോടൊപ്പം തന്നെ മികച്ച സ്വഭാവനടൻ എന്ന നിലയിലേക്ക് ഈ അഭിനേതാവ് ദ്രുതഗതിയിൽ വളരുന്നതും പിന്നെ നാം കണ്ടു. കാണികളിൽ വിസ്മയമുണർത്തിയ അത്തരം എത്ര കഥാപാത്രങ്ങൾ വേണമെങ്കിലും എടുത്തു പറയാം. കാബൂളിവാല എന്ന സിദ്ധിഖ്ലാൽ ചിത്രം, മണി ചിത്രത്താഴ് എന്ന ഫാസിൽ ചിത്രം, സിദ്ധിഖിൻ്റെ തന്നെ ഹിറ്റ്ലർ എന്ന സിനിമയിൽ ഹിറ്റ്ലർ മാധവൻകുട്ടിയുടെ പിതാവിൻ്റെ വേഷം, സത്യൻ അന്തിക്കാടിൻ്റെ പൊൻ മുട്ടയിടുന്ന താറാവിലെ പണിക്കർ , മഴവിൽക്കാവടിയിലെ മേനോൻ, രസതന്ത്രത്തിലെ മൂത്താശാരി, സിബി മലയിലിൻ്റെ മാലയോഗത്തിലെ വൈദ്യർ, ദേവാസുരത്തിലെ വാര്യർ,കേളിയിൽ മനസ്സിലെ ക്രൂരത മറച്ചുവെച്ചു മാന്യൻ ചമയുന്ന കുതന്ത്രക്കാരനായ കടുപ്പമേറിയ വില്ലൻ, വില്ലൻ ശൈലിയ്ക്ക് പുതിയ രൂപഭാവം നൽകിയ അപൂർവ്വം ചിലരിലെ പത്രോസ്, കിലുക്കത്തിലെ കിട്ടുണ്ണി, വേഷത്തിലേയും തുറുപ്പുഗുലാനിലേയും, നരനിലേയും അച്ഛൻ വേഷങ്ങൾ, പ്രാദേശിക വാർത്തകളിലെ റിട്ടേർഡ് പോലീസ്കാരൻ, ജാതകത്തിലെ ആനയില്ലാതെ തോട്ടി മാത്രമായി നടക്കുന്ന ആനക്കാരൻ,കോട്ടയം കുഞ്ഞച്ചനിലെ ഉറച്ച ദൈവവിശ്വാസിയും പരമസാധുവുമായ കപ്യാർ, ഗജകേസരി യോഗത്തിലേയും, ഡോ:പശുപതിയിലേയുമൊക്കെ നായകവേഷങ്ങൾ
തിയേറ്റർ വിട്ടിറങ്ങിയാലും ഓർത്തോത്തു ചിരിക്കാൻ വക നൽകുന്ന വേഷങ്ങൾ പോലെ തന്നെ നീറൽ മാറാത്ത നൊമ്പരമായി പിന്തുടരുന്ന വേഷങ്ങളും ഇന്നസെൻ്റിൽ ഭദ്രമായി . പ്രിയദർശൻ്റെ മിഥുനത്തിലെ നായകൻ്റെ കുടിയനും ശല്യക്കാരനുമായ ചേട്ടൻ കഥാപാത്രം ആദ്യ ഗണത്തിൽ മുൻപന്തിയിൽ നിൽക്കുന്നു .ജഗതിക്കായി നെടുമുടി നടത്തുന്ന മഹാമന്ത്രവാദ സമയത്തെ കൈ കെട്ടിയുള്ള ആ പ്രത്യേക നിൽപ്പ്, മോഹൻലാലിൻ്റെ ബിസ്ക്കറ്റ് കമ്പനി സി.ഐ പോൾ ഇൻസ്പെക്ഷൻ നടത്തുന്ന സമയത്തെ സ്വതസിദ്ധമായ ഭാവങ്ങളോടെയുള്ള ആ സംഭാഷണങ്ങളും ശരീരഭാഷയും ഒരു തവണ സ്ക്രീനിൽ ആസ്വദിച്ചവർക്ക് ഏതുകാലവും മനസ്സിൽ സൂക്ഷിക്കാനും ഓർത്തോർത്ത് ചിരിക്കാനും പാകത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. ആരംഗങ്ങളിൽ കൂടെ അഭിനയിച്ച എല്ലാ പ്രഗത്ഭരേയും നിഷ്പ്രഭരാക്കുന്ന വിധത്തിലായിരുന്നു ഇന്നസെൻ്റിൻ്റെ ലളിതമായ എന്നാൽ അതിഗംഭീരമായ നിറഞ്ഞാട്ടം .എന്നാൽ പത്താം നിലയിലെ തീവണ്ടി രണ്ടാം ഗണത്തിൽ പെടുന്നു. ഈ ഒരു സിനിമ മാത്രം മതി ഈ നടനിലെ അഭിനയശേഷിയുടെ മാറ്ററിയാൻ. 2009-ൽ ഈ സിനിമ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഇന്നസെൻ്റിനു നേടിക്കൊടുത്തത് ഈ സിനിമയാണ്. അതിനു മുമ്പ് 1989-ൽ മഴവിൽക്കാവടിയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയിരുന്നു ഇന്നസെൻ്റ്. രാവണപ്രഭു, വേഷം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം എന്നീ സിനിമകളും ഇദ്ദേഹത്തിന് അംഗീകാരങ്ങൾ നേടികൊടുത്തു.
ഇന്നസെൻ്റ് രസകരമായി അഭിനയിച്ചും ജീവിച്ചും കാണിച്ച വേഷങ്ങളെ കുറിച്ച് പറയാനും എഴുതാനും തുടങ്ങിയാൽ എത്രയാണ് നാം പറയേണ്ടി വരിക. എഴുന്നൂറിലധികം സിനിമകളിലായി പരന്നു കിടക്കുകയാണ് ഈ പ്രതിഭയുടെ മിന്നുന്ന പ്രകടനങ്ങൾ.
2002മുതൽ 2018 വരെ 16 വർഷങ്ങൾ അദ്ദേഹം അമ്മ എന്ന താരസംഘടനയുടെ പ്രസിഡണ്ട് പദവി വഹിച്ചു. 2014 മുതൽ 2019 വരെ ഇന്ത്യൻ പാർലമെൻ്റിൽ സി.പി.എം സ്വതന്ത്രനായി ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. അതിനു എത്രയോ മുമ്പേ ഇരിങ്ങാലക്കുട മുൻ സിപ്പൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. അക്കാലത്ത് ആർ.എസ് .പി തൃശൂർ ജില്ലാ നേതാവായിരുന്ന ഇന്നസെൻ്റ് .
നിർമ്മാതാവ് എന്ന നിലയിൽ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത് അഞ്ചു ചിത്രങ്ങൾ .ഡേവിഡ് കാച്ചപ്പള്ളിയുമായി ചേർന്ന് ശത്രുകമ്പയിൻസ് എന്ന ബാനറിനു കീഴിലാണ് ചിത്രങ്ങൾ വന്നത്. ശത്രു എന്നാണ് ആ കൂട്ടുകെട്ടിന് പേര് നൽകിയത് എന്നും മറ്റൊരു രസകരമായ പ്രത്യേകത. വിട പറയും മുമ്പേ, ഇളക്കങ്ങൾ, ഓർമയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ അഞ്ച് മികച്ച ചിത്രങ്ങൾ . പാവം ഐ.എ. ഐവാച്ചൻ, കീർത്തനം എന്നീ സിനിമകളുടെ കഥയും ഇന്നസെൻ്റിൻ്റെ തായിരുന്നു .
നടൻ എന്ന നിലയിൽ മാത്രമല്ല ഹൃദ്യമായ ഭാഷയും ശൈലിയുമുള്ള എഴുത്തുകാരൻ എന്ന നിലയ്ക്കും ഇന്നസെൻ്റ് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചിരുന്നു. ജീവിതം ചാലിച്ചെഴുതുന്ന കുറിപ്പുകൾക്കും ലേഖനങ്ങൾക്കും വായനക്കാരേറെയായിരുന്നു. ഏതൊരാളേയും തന്നിലേക്ക് ചേർത്തു നിർത്താൻ കഴിയുന്ന വശ്യതയുണ്ടായിരുന്നു ആ എഴുത്തിന് . ക്യാൻസർ എന്ന മഹാദുരന്തത്തെ മനോധൈര്യത്തോടെ നേരിട്ട നാളുകൾ ഉൾപ്പെടെ പകർത്തിയ “ക്യാൻസർ വാർഡിലെ ചിരി ” എന്ന പുസ്തകവും, ഞാൻ ഇന്നസെൻ്റ്, മഴക്കണ്ണാടി തുടങ്ങിയ കൃതികളും “ചിരിക്കു പിന്നിൽ ” എന്ന ആത്മകഥയുമെല്ലാം ഇരുകൈകളും നീട്ടിയാണ് വായന സമൂഹം സ്വീകരിച്ചത്. ഈ കൃതികൾ മലയാളികളിൽ സൃഷ്ടിച്ച ആത്മവിശ്വാസവും, ശുഭ ചിന്തയും പകർന്നു നൽകിയ ധൈര്യവും വാക്കുകൾക്കപ്പുറമായിരുന്നു. അദ്ദേഹത്തിൻ്റെ അഭിമുഖങ്ങൾ സമ്മാനിച്ചതും അതേ വികാരങ്ങൾ തന്നെയായിരുന്നു. എഴുതുമ്പോഴും പറയുമ്പോഴും കുടുംബത്തെ ചേർത്തു നിർത്തുന്നത് ആ വ്യക്തിത്വത്തിൻ്റെ എടുത്തു പറയേണ്ടതായ സവിശേഷതയായി തോന്നിയിട്ടുണ്ട്. സംഭാഷണങ്ങളിൽ ആലീസിനെ കുറിച്ച് ഒരു വാക്കെങ്കിലും പറയാതിരിക്കാൻ അദ്ദേഹത്തിനാവില്ലായിരുന്നു .അഭിമുഖങ്ങളിൽ എല്ലായ്പ്പോഴും ആലീസും അവശ്യ ഘട്ടങ്ങളിൽ ഏകപുത്രൻ സോണറ്റും പരാമർശിക്കപ്പെട്ടു. അത്രമേൽ ഇഴയടുപ്പം ആ ആ ബന്ധങ്ങളിലുള്ളതായി ഏവരും തിരിച്ചറിഞ്ഞിട്ടുമുണ്ടാവും. സിനിമയിലും എഴുത്തിലും ജീവിതത്തിലും നന്നായി വിജയിച്ചയാളായ ഇന്നസെൻറിനു മുന്നിൽ മരണംപോലും ഒന്നു മടിച്ചു നിന്നു.
ഇന്നസെൻ്റ് എന്ന വ്യത്യസ്തനായ നടൻ , നല്ല എഴുത്തുകാരൻ, നിർമ്മാതാവ്, രാഷ്ടീയക്കാരൻ, മികച്ച സംഘാടകൻ എല്ലാ മുഖങ്ങളും നാടറിഞ്ഞതും നാടാകെ അംഗീകരിച്ചതുമാണ്.
ഹാസ്യത്തിനും അഭിനയത്തിനും വേറിട്ട ശൈലി നൽകി ചിരിയുടെ തമ്പുരാൻ എന്നറിയപ്പെട്ട മനുഷ്യ സ്നേഹി 2023 മാർച്ച് 26ന് തൻ്റെ എഴുപത്തഞ്ചാം വയസ്സിൽ വിടവാങ്ങി. ആ മനുഷ്യ സ്നേഹിക്ക് അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾക്ക് ആ കഥാപാത്രങ്ങൾ പകർന്ന ചിരിക്ക് മലയാളികളുടെ മനസ്സിൽ മരണമില്ല .
മികച്ച വായനാനുഭവം
തിളക്കം കുറയാത്ത താരങ്ങളെ ക്കുറിച്ചെഴുതുന്ന തിളക്കം കൂടിയ താരത്തിന് അഭിനന്ദനങ്ങൾ….


