വ്യത്യസ്തമായ അനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി നാടക രംഗത്ത് നിറഞ്ഞു നിന്ന നടിയാണ് മീനാ ഗണേഷ്. എത്രയോ വർഷങ്ങളിലെ അഭിനയ കരുത്തിൻ്റെ പിൻബലവും പരിചയസമ്പന്നതയുമായാണ് പിന്നീട് ഇവർ വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ചത്. 1942 ജൂലായ് പതിനഞ്ചിന് ജനിച്ച ഇവർ നന്നെ ചെറുപ്പത്തിലേ നാടക രംഗത്ത് കാലുറപ്പിച്ചു. 1976-ൽ 34 -ാം വയസ്സിൽ പി.എ.ബക്കറിൻ്റെ മണിമുഴക്കത്തിലൂടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചുവെങ്കിലും നല്ലകാലം തെളിയുവാൻ പിന്നേയും കാത്തിരിക്കേണ്ടി വന്നു.1991 ൽ സുരേഷ് ഉണ്ണിത്താൻ്റെ സംവിധാനത്തിൽ ജയറാമും ഉർവ്വശിയും നായികാനായകൻമാരായി പ്രദർശനത്തിനെത്തിയ മുഖചിത്രം എന്ന സിനിമയിലെ പാത്തുമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിൽ സജീവമായ അവർ പിന്നീട് നൂറോളം സിനിമകളിൽ വേഷമിട്ടു.2024 ഡിസംബർ 19 ന് എൺപത്തി രണ്ടാം വയസ്സിൽ ചമയങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങി.
സിനിമയുടെ പ്രതാപമോ സാമ്പത്തിക ഭദ്രതയോ ഗ്ലാമറോ ഒന്നും ഇവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല. മാത്രമല്ല പ്രയാസങ്ങൾ നന്നായി ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട് .പക്ഷേ അഭിനയിച്ച ഒരു രംഗം കണ്ടവർക്ക് ഈ നടിയെ മറക്കാനാവില്ല .അത്രമേൽ പൂർണതയാണ് സ്വാഭാവികതയാണ് അസാമാന്യ സർഗ്ഗശേഷിയുള്ള ഈ നടി തൻ്റെ കഥാപാത്രങ്ങൾക്ക് നൽകിയത്.
നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന സാധാരണ മനുഷ്യരുടെ നിഷ്കളങ്കതയും പോരും, കുനിട്ടും, സ്നേഹവും , വാത്സല്യവും ഒക്കെ ഈ നടി ആവിഷ്ക്കരിക്കുമ്പോൾ വിസ്മയത്തോടെയാണ് അവരെ ആസ്വാദകർ ഹൃദയത്തോട് ചേർത്തത്. ജീവിക്കാനുള്ളനെട്ടോട്ടത്തിനിടയിൽ പ്രാരബ്ധങ്ങളിൽ വലഞ്ഞ് പരുക്കൻ ഭാവങ്ങൾ ശീലിച്ചുപോയവർ, ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ വീണ് അതിജീവനത്തിനായി പൊരുതുന്ന സാധു സ്ത്രീകൾ, ജീവിതാവസ്ഥ കൊണ്ട് കലഹപ്രിയരായി മാറേണ്ടി വന്നവർ, സമൂഹത്തിൽ ഇല്ലായ്മയുടെ, നിസ്സഹായതയുടെ വേദനയുടെ നേർചിത്രങ്ങൾ വരയ്ക്കുന്നവർ. മീനാഗണഷിനെ തേടിവന്ന കഥാപാത്രങ്ങൾ ഏറെയും ഇത്തരത്തിലുള്ളവയായിരുന്നു. അവതരണത്തിൽ അവയ്ക്കെല്ലാം നൂറിൽ നൂറ് മാർക്ക് തന്നെയാണ്. ഇതെഴുതുമ്പോൾ എത്രയെത്ര കഥാപാത്രങ്ങളാണ് മനസ്സിലൂടെ കടന്നുപോകുന്നത് എന്നോ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മിഴി രണ്ടിലും, , മീശ മാധവൻ, നന്ദനം …. അങ്ങനെയങ്ങനെ എത്രയെത്ര സിനിമകൾ, എത്രയെത്ര കഥാപാത്രങ്ങൾ .
ഭർത്താവ് എ .എൻ ഗണേഷ് മികച്ച നടനായിരുന്നു. നാടകകൃത്തായിരുന്നു. സാംസ്കാരിക പ്രവർത്തകനായിരുന്നു. നാടകമായാലും സിനിമയായാലും ഇവരെല്ലാം ഭാവങ്ങളാൽ അത്ഭുതം തീർത്തവർ. ഈ ദമ്പതികൾക്ക് രണ്ട് മക്കൾ മകൻ മനോജ് കൃഷ്ണൻ .മകൾ സംഗീത.
വളരെ മുമ്പൊരിക്കൽ ശ്രീ . എ.എൻ ഗണേഷിനെ ഞാൻ ഷൊർണൂരിൽ വെച്ച് കണ്ടിട്ടുണ്ട് .അന്ന് ചകോരം, വളയം എന്നീ സിനിമകളിലെ അദ്ദേഹത്തിൻ്റെ അഭിനയ പൂർണതയെ കുറിച്ച് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. സന്തോഷം പങ്കുവെച്ച് അദ്ദേഹം സംസാരിച്ചു. ഒരുനാട്ടുകാരണവരുടെ സ്നേഹം നിറഞ്ഞ ശൈലിയിൽ ഭാഷയിൽ . അന്നദ്ദേഹം ചോദിച്ച ഒരു ചോദ്യം മനസ്സിലുണ്ട്.
“മീനയെ അറിയില്ലേ? എൻ്റെ ഭാര്യയാണ്.”
“പിന്നെന്താ
അറിയാതെ ”
എൻ്റെ മറുപടി.
മനസ്സിൽ ആദരവ് തോന്നിയ തോന്നിപ്പിച്ച ആ അഭിനേതാക്കളിൽ .
ശ്രീ .എ എൻ .ഗണേഷ് 2009 ലാണ് മരണപ്പെട്ടത്.
വേണ്ടത്ര അല്ലെങ്കിൽ അർഹിക്കുന്ന പേരും പെരുമയും അംഗീകാരവും
ഈ നടനും നടിക്കും ലഭിച്ചില്ല .അതുകൊണ്ടുതന്നെ സിനിമയെ അത്രമേൽ താൽപര്യത്തോടെ സമീപിച്ചവർക്ക് മാത്രമേ മീനഗണേഷ് എന്ന ഇവരുടെ പേരറിയൂ എന്ന് പറഞ്ഞാൽ സമ്മതിക്കാം അത് സത്യമാണെന്ന്. എന്നാൽ ഇവർ ജീവൻ നൽകിയ കഥാപാത്രങ്ങൾ ആ സിനിമ കണ്ടവരുടെ മനസ്സിൽ ശക്തമായി പതിഞ്ഞിട്ടുണ്ടോ? എന്ന ചോദ്യത്തിന് ഉത്തരം തേടുക. തെല്ല് അത്ഭുതത്തോടെ തന്നെ അവർ ആ രംഗങ്ങൾ ഓർത്തുവെക്കുന്നുണ്ടോ ?എന്നു ചോദിക്കുക .സംശയിക്കേണ്ട .ലഭിക്കുന്ന ഉത്തരം തീർച്ചയായും എന്നു തന്നെയാകും. തിളക്കം കുറയാത്ത ഒരു താരമായി തന്നെ ആസ്വാദക മനസ്സിൽ നിൽക്കുന്നുണ്ട് ഈ അഭിനേത്രി. ഒരാൾക്കും അനുകരിക്കാനാകാത്ത ആ അഭിനയശേഷിക്കു മുന്നിൽ ആ ധന്യമായ ഓർമ്മകൾക്കു മുന്നിൽ ആദരവോടെ നമിക്കുന്നു
തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ
thilakkam-kurayatha-tharangal-23-by-suresh-thekkeettil




👍