പി.ജയചന്ദ്രൻ –
മലയാളത്തിൻ്റെ എക്കാലത്തേയും ഭാവഗായകൻ.
………………………….
ഏത് വാക്കുകളിലാണ് ഈ മഹാഗായകനെ വിവരിക്കുക. ഏതെല്ലാം മനോഹരമായ വാക്കുകൾ ഉയോഗിച്ചാലാണ് ആ കഴിവുകളെ പൂർണമായി അടയാളപ്പെടുത്താൻ സാധിക്കുക. ഏത് വരികളിലാണ് അദ്ദേഹം ആലപിച്ച ഗാനങ്ങളെക്കുറിച്ച് എഴുതി ഫലിപ്പിക്കുക. ഏത് പ്രയോഗങ്ങളിലാണ് ആ ശബ്ദ സൗകുമാര്യത്തെ ചിത്രീകരിക്കുക. നമ്മുടെയെല്ലാം നിത്യ ജീവിതത്തിൻ്റെ ഭാഗമായിരുന്നല്ലോ ഈ ഗായകനും ഗാനങ്ങളും. അത്രമേൽ മലയാളവും മലയാളികളും പി.ജയചന്ദ്രൻ എന്ന ഗായകനെ ഹൃദയത്തിലേറ്റിയിരുന്നുവല്ലോ.1958-ലെ സ്കൂൾ യുവജനോത്സവം നാടിന് സമ്മാനിച്ച അതുല്യ പ്രതിഭകളായി രുന്നു കെ.ജെ.യേശുദാസും പി.ജയചന്ദ്രനും. യേശുദാസിൻ്റ ആലാപനത്തിന് മൃദംഗം വായിക്കുന്ന ജയചന്ദ്രൻ. നാടിൻ്റെ മനസ്സിൽ പതിഞ്ഞതാണാ ചിത്രം.
“മഞ്ഞലയിൽ മുങ്ങി തോർത്തി മധു മാസ ചന്ദ്രിക വന്നു ”
മറക്കുമോ നാം ആദ്യ ഗാനം. മറക്കാനാകുമോ പിന്നെ വന്ന ഏതെങ്കിലും ഗാനം … സംസ്ഥാന പുരസ്കാരം അഞ്ച് തവണ ദേശീയ പുരസ്കാരം കെ.സി ഡാനിയൽ പുരസ്കാരം എല്ലാ പുരസ്കാരങ്ങൾക്കും മുകളിൽ ആ ഗാനങ്ങൾ .
കരിമുകിൽ കാട്ടിലെ പാടിയ ശബ്ദം അതേ മധുരത്തോടെ തന്നെ നാം അറിയാതെയറിയാതെ പവിഴവാർതിങ്കളറിയാതെയിൽ കേട്ടില്ലേ പിന്നെ ശാരദാംബരം ചാരു ചന്ദ്രികയിൽ അറിഞ്ഞില്ലേ….
“ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണർത്തരുതേ ”
കേട്ട് മധുരസ്വപ്നങ്ങളിലേക്ക് മനസ്സുകൊണ്ട് മടങ്ങാത്തവരാര്. ഉണർന്നിരുന്നു കേൾക്കാത്തവരാര് …
1944 മാർച്ച് മൂന്നിന് കൊച്ചി രവിപുരത്ത് രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ്റെയും സുഭദ്ര കുഞ്ഞമ്മയുടേയും മകനായാണ് പാലിയത്ത് ജയചന്ദ്രൻ കുട്ടൻ എന്ന പി.ജയചന്ദ്രൻ്റെ ജനനം .മലയാളം ,തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പതിനാറായിരത്തോളം മധുര ഗാനങ്ങൾ ജയചന്ദ്രൻ പാടി .അല്ലെങ്കിൽ
ജയ ചന്ദ്രൻ്റെ ശബ്ദത്താൽ അത്രയും മധുരഗാനങ്ങൾ പിറന്നു. എത്ര കാലം കഴിഞ്ഞാലും എത്ര തലമുറകൾ പിന്നിട്ടിലും ഈ ഗാനങ്ങൾ ആരാധക മനസ്സുകളെ പുളകമണിയിച്ചു കൊണ്ടേയിരിക്കും. ചിലർ ജീവിതത്തിൽ നിന്നും പടിയിറങ്ങി എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ നമുക്ക് പ്രയാസമാണ്.അവർ നമുക്കിടയിൽ സജീവമായി തന്നെ ഉണ്ടാവും. അവരുടെ ശബ്ദം നാം നിത്യവും കേൾക്കും. ആ ശബ്ദത്തിന് കാതോർക്കും. കാത്തിരിക്കും. അത്തരമൊരു ശബ്ദമേതെന്നൊരു ചോദ്യമുയർന്നാൽ ഉത്തരമായി വരും പി.ജയചന്ദ്രൻ എന്ന അനശ്വരനായ പാട്ടുകാരൻ്റെ ശബ്ദമെന്ന്. അത്രക്കിഷ്ടഭായിരുന്നല്ലോ നമുക്ക് …….
പ്രായം തളർത്താതെ പാടി പതിപ്പിച്ച പ്രണയഭാവങ്ങൾക്ക് മുന്നിൽ സുന്ദര ചിന്തകൾക്ക് മുന്നിൽ വിസ്മയ ശബ്ദത്തിന് മുന്നിൽ നമിക്കുന്നു.
അദ്ദേഹത്തിൻ്റെ എൺപതാം പിറന്നാൾ ദിനത്തിൽ എഴുതിയ ഒരു കുറിപ്പ് പങ്കുവെക്കുന്നു.
……………………
മലയാളത്തിൻ്റെ ഭാവഗായകൻ എൺപതു പിന്നിടുമ്പോൾ..
……………………………………
ചിലരങ്ങനെയാണ്. നാടിൻ്റെ നാട്ടുകാരുടെ ഹൃദയത്തിൽ ആഴത്തിൽ വേരുകളൂന്നി വളർന്ന് പടർന്ന് പൂത്തുലഞ്ഞ് എങ്ങുംസൗരഭ്യം പ്രസരിപ്പിച്ചങ്ങനെ നിൽക്കും. അത്തരത്തിൽ മലയാളി അവൻ്റെ ഇഷ്ടങ്ങളിൽ എന്നും ചേർത്തു വെച്ചിട്ടുള്ള ഒരു പേരാണ് പി.ജയചന്ദ്രൻ. അദ്ദേഹം എൺപതാം പിറന്നാളിൻ്റെ നിറവിലാണ് .എൺപതു വയസ്സ് തികയുന്നത് അദ്ദേഹത്തിനാണ്. ഏത് മനസ്സിലേക്കും വിവിധ വികാരങ്ങളായി പ്രവേശിക്കാൻ കഴിവും പ്രാപ്തിയും കൈവരിച്ച ആ ശബ്ദമധുരത്തിനല്ല. ആ ശബ്ദത്തിന് എന്നും നിറയൗവനം .തേൻ കിനിയുന്ന എത്രയെത്ര ഗാനങ്ങളാണ്
മലയാളക്കരയാകെ സ്നേഹവും പ്രണയവും വിരഹവും പകർന്ന് എക്കാലത്തേക്കുമായി ആ അനുഗൃഹീത ശബ്ദത്തിൽ പിറന്നു വീണത്.ഒരു സാധാരണമലയാളിയുടെ ഉള്ളിൻ്റെയുള്ളിൽ സ്വന്തമെന്ന ചിന്തയുണർത്തി ആ പാട്ടുകളും പാട്ടുകാരനും മാറി .
പാടിയ പാട്ടുകളുടെ എണ്ണമെടുത്താൽ ജയചന്ദ്രൻ എന്ന ഗായകൻ ഏറ്റവും മുന്നിലൊന്നും സ്ഥാനം നേടിയിട്ടുണ്ടാകില്ല.എന്നാൽ നാടാകെയേറ്റു പാടിയ ഹിറ്റുകളിൽ എത്രയെത്ര ജയചന്ദ്രഗാനങ്ങൾ . കുറഞ്ഞ ഗാനങ്ങളിൽ തന്നെ എത്രയോ മഹാഹിറ്റുകൾ. ആ ഗാനങ്ങൾ ജന്മസാഫല്യം പോലെയായിരുന്നു ആരാധകർക്ക് . അവർക്ക് ആനന്ദിക്കാൻ ആഘോഷിക്കാൻ എത് വേദിയിലും ആർക്കു മുന്നിലും ശിരസ്സുയർത്തിപറഞ്ഞു നിൽക്കാൻ പാടി നടക്കാൻ അത്തരം നാടാകെയുണർത്തിയ ഹിറ്റുകൾ സമയാസമയങ്ങളിൽ വന്നു കൊണ്ടേയിരുന്നു.
പി. ജയചന്ദ്രൻ എന്ന ആ പേരിനോളം തന്നെ പെരുമയുണ്ട് മഞ്ഞലയിൽ മുങ്ങി തോർത്തി, നീലഗിരിയുടെ സഖികളേ, ഹർഷ ബാഷ്പം തൂകി,കരിമുകിൽ കാട്ടിലെ എന്നീ പാട്ടുകൾക്കെല്ലാം .അതത് തലമുറകളെ ത്രസിപ്പിച്ച് അടുത്ത തലമുറകളിലേക്കും വളർന്ന വിസ്മയങ്ങളെ പോലും വിസ്മയിപ്പിച്ച ശബ്ദ സൗന്ദര്യം . ശ്രീകുമാരൻ തമ്പി എഴുതിയ പോലെ ജയചന്ദ്രൻ പാടിയപോലെ തിരുവാഭരണം ചാർത്തി വിടർന്ന തിരുവാതിര നക്ഷത്രം .അതെ അത് തന്നെയാണ് ജയചന്ദ്രൻ എന്ന പ്രതിഭാസമ്പന്നനായ ഗായകൻ. .തിരുവാതിര നിലാവിൻ്റെ ചന്തമാണ് തെളിമയാണ് മനോഹാരിതയാണ് എന്നും ആ ശബ്ദത്തിന്, ജീവിതത്തിന്.
“മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോ ലഭാവം” എന്ന മനോഹര വരികൾ ജയചന്ദ്രൻ പാടി കേൾക്കുമ്പോൾ അദ്ദേഹത്തോട് മലയാളം തിരിച്ചു പാടുന്നത് “മറക്കാതെയെന്നും മനസ്സിൽ നിറയും
മലയാളത്തിൻ ആദരാവർന്നൊരു സ്നേഹ ഭാവം” എന്നു തന്നെയാണ്.
ഭാവഗായകന് പിറന്നാൾ ആശംസകൾ നേരുന്നു. യുവത്വം വിടാത്ത ആ ശബ്ദ സൗന്ദര്യം ഇനിയും ഏറെ കാലം ആസ്വാദകരിൽ വിസ്മയങ്ങൾ തീർക്കട്ടെ.