Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ (13) ' ഗിരീഷ് പുത്തഞ്ചേരി ' ✍അവതരണം: സുരേഷ്...

തിളക്കം കുറയാത്ത താരങ്ങൾ (13) ‘ ഗിരീഷ് പുത്തഞ്ചേരി ‘ ✍അവതരണം: സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

ഗരിമയും തനിമയും കുറയാത്ത കാവ്യഭംഗിയുടെ പുത്തൻകാലം …

2010 ഫെബ്രുവരി പത്ത്.ഗിരീഷ് പുത്തഞ്ചേരി എന്ന പ്രിയകവി, ഗാന രചയിതാവ് വിട പറഞ്ഞത് അന്നാണ്. സിനിമാരംഗത്ത് വൈകി വന്നവനാണ് താൻ എന്നദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എന്നു വന്നു എത്ര കാലം നിന്നു എന്നതിനൊന്നുമല്ലല്ലോ പ്രാധാന്യം .എങ്ങനെ നിന്നു നിന്ന കാലംഎന്ത് നൽകി എന്നതിനു തന്നെയാണ് പ്രസക്തി. അവിടെയാണ് ഈ പേരിനു തിളക്കമേറുന്നത്. ഓർമ്മകൾക്കുപോലും സുഗന്ധമുണ്ടാവുന്നത്.

ജീവിതവും സ്വപ്നവും പ്രകൃതിയും എല്ലാ വികാരങ്ങളും ചാലിച്ച് എഴുതിയതിനാൽ തന്നെയാവണം ആ വരികൾക്ക് ഒരു കാലത്തും മരണമില്ലാതാവുന്നത്. വയലാറിനു ശേഷം മലയാള സിനിമാ ഗാന രംഗത്ത് കവിതയുടെ സൗന്ദര്യം പ്രകടമായില്ല എന്നൊന്നും പറയാനാവില്ല. അത് നീതികേടാണ് . പല മഹദ് വ്യക്തികളോടും പല രചനകളോടും ചെയ്യുന്ന അനീതിയാണ്. എന്നാൽ ഒന്നുറപ്പിച്ചു പറയാം കവിത ഇത്രമേൽ നിറഞ്ഞു തുളുമ്പിയ ഒരു കാലം ഉണ്ടായിരുന്നില്ലെന്ന്. അതു കൊണ്ടു തന്നെയാണ് ആ കാലം സമ്മാനിച്ച പുത്തഞ്ചേരി ഒരു വികാരമായി ആസ്വാദക മനസ്സിലേക്ക് വളരെ പെട്ടന്ന് പടർന്നു കയറിയത്.

സിനിമയിൽ സന്ദർഭത്തിനും സാഹചര്യത്തിനും പൂർണ്ണമായി യോജിക്കുന്ന വരികൾ ഒഴുകിയെത്തിയപ്പോൾ ഈ എഴുത്തുകാരൻ പ്രതിഷ്ഠിക്കപ്പെട്ടത് മുഴുവൻ മലയാളികളുടേയും ഗൃഹാതുര മനസ്സുകളിലായിരുന്നു. അതിമനോഹരമായി ചിത്രീകരിച്ച രംഗങ്ങളിൽ ഇഷ്ടതാരങ്ങൾ നിറഞ്ഞാടുന്നത് കൗതുകം നിറയുന്ന കണ്ണുകളാൽ കണ്ടിരിക്കുമ്പോഴും ആ രംഗങ്ങളേക്കാൾ മിഴിവിൽ വരികൾ കാതിലും മനസ്സിലും കുടിയേറിയ കാലം കൂടിയായിരുന്നു അത്. വരികൾ വരദാനമായിരുന്നു ഈ പ്രതിഭയ്ക്ക്. ഇത്രമേൽ ജന്മസിദ്ധിയുള്ളവർ വിരളമായേ ഉദയം കൊള്ളാറുള്ളൂ എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയല്ല.

ഏതെങ്കിലും ഒരു ഗാനമോ ഗാനത്തിലെ വരികളോ മാത്രം എടുത്തു പറയാനാവുന്നില്ല. കാരണം എല്ലാം മനോഹരം. എല്ലാം അതീവ ഹൃദ്യം. 344 സിനിമകളിലായി പരന്നു കിടക്കുന്ന ആയിരത്തി അറന്നൂറിലധികം വിസ്മയഗാനങ്ങൾ .
കേട്ടാലും കേട്ടാലും മതിവരാതെ ആസ്വാദക ഹൃദയങ്ങളിൽ തേൻ മഴയായി പെയ്തിറങ്ങിയ പുണ്യം .ആൽബങ്ങൾക്കും മറ്റുമായി തീർത്ത അതിസുന്ദരമായ വരികൾ വേറെയും.

ചേർത്തുവെക്കുന്ന വാക്കുകളിലെ തെളിച്ചം ആ വാക്കുകൾ ചേർന്നൊഴുകുന്ന അർത്ഥങ്ങളുടെ പൂർണത .പ്രണയം, വിരഹം, സ്നേഹം, ‘ സങ്കടം, സാന്ത്വനം വാത്സല്യം, നിരാശ, പരിഭവം, നൊമ്പരം, നഷ്ടബോധം, പ്രതീക്ഷകൾ, കടമകൾ, കടപ്പാടുകൾ എല്ലാം ചേർന്നൊഴുകിയ കവിതകളുടെ കാലം. മാമരങ്ങൾ തണൽ വിരിച്ച നാട്ടുവഴികളിലൂടെ അലസമായി നടന്നുപോകുന്ന സുഖം, നോക്കെത്താ ദൂരത്തോളം പച്ചവിരിച്ച പാടങ്ങൾ, താളമിമിട്ടൊഴുകുന്ന പുഴകൾ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പഞ്ചാര മണൽപ്പുറങ്ങൾ, മനസ്സിൽ മായാതെ കിടക്കുന്ന ഗ്രാമ സന്ധ്യകൾ, തെളിഞ്ഞ പുലരികൾ, നിലാ രാവുകൾ, നക്ഷത്ര തിളക്കങ്ങൾ എല്ലാം കണ്ടും അനുഭവിച്ചും വളർന്ന തലമുറകളെ പ്രിയർക്കിടയിൽ പുത്തൻ എന്ന പേരിൽ അറിയപ്പെട്ട ആ വിളി കേൾക്കാനിഷ്ടപ്പെട്ട, അതിനായി കൊതിച്ച ഗിരീഷ് പുത്തഞ്ചേരി എന്ന ഗായകൻ കൂടിയായ എഴുത്തുകാരൻ ആ കാലത്തിൻ്റെ നന്മകളിലേക്ക് തിരികെ നടത്തി. ആ കാലം അറിയാനോ
അനുഭവിക്കാനോ കഴിയാതെ പോയവർക്കുള്ളിൽ ചിന്ത പകരുന്ന വരികളിലൂടെ ആ കാലം ചന്തത്തിൽ വരച്ചിട്ടു.

1961 മെയ് ഒന്നിന് കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കടുത്ത ഉള്ളേരി വില്ലേജിലെ പുത്തഞ്ചേരിയിൽ ജ്യോതിഷ പണ്ഡിതനായിരുന്ന പുളിക്കൽ കൃഷ്ണപണിക്കരുടേയും, മീനാക്ഷി അമ്മയുടേയും മകനായാണ് ഗിരീഷ് പുത്തഞ്ചേരിയുടെ ജനനം. ഭാര്യ ബീന മക്കൾ ജിതിൻ പുത്തഞ്ചേരി ,ദിൽ നാഥ് പുത്തഞ്ചേരി .

മലയാള സിനിമയിൽഏറ്റവും കുറഞ്ഞ കാലയളവിൽ എറ്റവും കൂടുതൽ ഗാനങ്ങൾ എഴുതി എന്ന റെക്കാർഡും പുത്തഞ്ചേരിക്കാണ്. ധാരാളം എഴുതിയപ്പോഴും ഒരു ഗാനത്തിനോ ഗാനത്തിലെ ഒരു വരിക്കോ പ്രയോഗത്തിനോ അല്പം പോലും നിലവാരം കുറഞ്ഞില്ല എന്നത് ഈ എഴുത്തുകാരനിലെ പ്രതിഭയുടെ തിളക്കത്തിൻ്റെ തെളിവായി നിൽക്കുന്നു .ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങിയ അനുഗൃഹീതനായ ഈ ഗാനരചയിതാവ് പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും മലയാള സിനിമയിൽ കഥയെഴുത്തുകാരനായും തിരക്കഥാകൃത്തായും തിളങ്ങി. മേലേ പറമ്പിൽ ആൺവീട് ,വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, അടിവാരം തുടങ്ങി ഏഴ് സിനിമകൾക്ക് കഥകളെഴുതി.അതിൽ തന്നെ വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ തുടങ്ങി നാല് ചിത്രങ്ങൾക്ക് തിരക്കഥയുമെഴുതി.

ഈ മഹാപ്രതിഭയുമായി അടുത്ത ബന്ധമുണ്ടായിരുന്ന എൻ്റെ ഒരു സുഹൃത്ത് അനുഭവത്തിൽ നിന്നും പറഞ്ഞ ഒരു കാര്യം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു .മലയാള സിനിമയിലെ ഏത് ഗാനവും ഏതെല്ലാം സിനിമയിൽ ആര് എഴുതി ആറ് സംഗീതം നൽകി ആര് ചൊല്ലി എന്ന് ഓർമ്മയിൽ നിന്നെടുത്ത് പറയാൻ കഴിയുമായിരുന്നത്രേ
ഗിരീഷ് പുത്തഞ്ചേരിക്ക്.

തിയേറ്ററുകളെ ഭാവ സാന്ദ്രമാക്കിയ നൂറു നൂറു ഗാനങ്ങളിൽ ഒന്നെങ്കിലും അതിൽ നിന്ന് അല്പമെങ്കിലും എടുത്തെഴുതാതെ ഈ കുറിപ്പ് പൂർണമാകുന്നതെങ്ങനെ. അവസാനിപ്പിക്കുന്നതെങ്ങനെ?ജീവിതം തന്നെ സംഗീതമാക്കി മാറ്റിയ അത്ഭുത പ്രതിഭകൾ സംഗീതം നൽകി മഹാഗായകരിലൂടെ നാം കേട്ട പുത്തഞ്ചേരിയുടെ മാസ്മരികത നിറഞ്ഞ വരികളിൽ ഹൃദയത്തിൽ ആഴത്തിൽ വേരോടിയ ഒരു ഗാനത്തിലെ ചില വരികൾ എടുത്തെഴുതട്ടെ. എത്ര തവണ കേട്ടാലും കൊതിതീരാതെ മതിവരാതെ മലയാളി മനസ്സിൽ മൂളുന്ന ഒരു ഗാനം. രാവണപ്രഭു എന്ന സിനിമയെ വലിയ വിജയത്തിലേക്ക് നയിച്ചതിൽ ആ സിനിമയിലെ ഗാനങ്ങൾ വഹിച്ച പങ്ക് ഏറെ വലുതാണല്ലോ.ജീവനും ജീവിതവും വരികളിൽ നിറച്ച് പുത്തഞ്ചേരി കുറിച്ച വരികൾ.മംഗലശ്ശേരി നീലകണ്ഠന് ഭാനുമതി ആരായിരുന്നു? ആ ആത്മബന്ധത്തിൻ്റെ ആഴം കാണിക്കുന്ന വരികൾ. സിനിമയുടെ കഥയാകെ കുറുക്കിയെടുത്ത വരികൾ.

………………………….
ആകാശദീപങ്ങൾ സാക്ഷി,
ആഗ്നേയശൈലങ്ങൾ സാക്ഷി…
അകമെരിയും ആരണ്യ
തീരങ്ങളിൽ ,
ഹിമമുടിയിൽ ചായുന്ന
വിൺഗംഗയിൽ, മറയുകയായി
നീയാം ജ്വാലാമുഖം,
ഹൃദയത്തിൽ നിൻ മൂക
പ്രണയത്തിൻ ഭാവങ്ങൾ,
പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നു,
തൊടുവിരലിൻ തുമ്പാൽ നിൻ
തിരുനെറ്റിയിലെന്നെനീ സിന്ദൂരരേ
ണുവായണിഞ്ഞിരുന്നു…..

മറക്കുമോ മലയാളം മറക്കാനാകുമോ മലയാളിക്ക്
ആഴമേറിയ ഹൃദയബന്ധങ്ങളുടെ ആത്മാവു തൊട്ട ഈ വരികൾ. എല്ലാ വരികളിലും ആ മാന്ത്രിക സ്പർശമുണ്ടായിരുന്നു നാടിനേയും നാട്ടുകാഴ്ചകളേയും നാട്ടിടവഴികളേയും സ്നേഹിച്ച നല്ല മനസ്സിൻ്റെ നന്മകളുണ്ടായിരുന്നു.

കത്തി ജ്വലിച്ചു നിൽക്കേ എഴുതിയ വരികളെല്ലാം കാലാകാലത്തേക്ക് ഓർമ്മിക്കാനുള്ള അടയാളങ്ങളായി ബാക്കി നിർത്തി നാൽപ്പത്തൊമ്പതാം വയസ്സിൽ പടിയിറങ്ങി പോയ കാവ്യവിസ്മയത്തിൻ്റെ അകാലത്തിൽ തിരുവരങ്ങിൽ വീണുടഞ്ഞ ആ സൂര്യ കിരീടത്തിൻ്റെ മരണമില്ലാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം .

പിന്നെയും പിന്നെയും ആരോ കിനാവിൻ്റെ പടികടന്നെത്തുന്ന പദനിസ്വനം …. പിന്നെയും പിന്നെയും ആരോ നിലാവത്തുപൊൻവേണുവൂതുന്ന മൃദു മന്ത്രണം ….. അതെ എത്ര സത്യം.
…………………………….
ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് മുന്നിൽ ഞാൻ എഴുതി സമർപ്പിക്കുന്നു ഈ വരികൾ.

……………………………….
മറക്കുവതെങ്ങനെ മലയാളം
മനസ്സിൽ നിറയും മധുര ഗാനങ്ങൾ
ഒഴുകിയെത്തിയോരക്ഷരക്കൂട്ടിൽ
ഒരുപാട്സ്വപ്നംനിറച്ചതാകാം
മണ്ണിനെവിണ്ണിനെകാറ്റിനെ പുഴയെ
മഴയെമഞ്ഞിനെപൂവിനെ
തുമ്പിയെ
മധുവൂറും ഭാഷയിൽ വരച്ചതാകാം
പ്രകൃതിഹൃദയത്തിൽ
ചേർന്നതാകാം
പ്രണയത്തെയേറെപ്രണയിച്ചതാ
കാം
ലോലമാഹൃദയഭാഷയിലെന്നും
ലോകംമുഴുവൻകാണുന്നതാകാം
കാലത്തെവെല്ലുംവരികളിലെല്ലാം
അത്രമേൽകാഴ്ചനിറച്ചതാകാം
ഇത്രമേലിത്രമേൽപ്രിയമായതെ
ന്നും
………………………………

അവതരണം: സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

4 COMMENTS

  1. മലയാളി എന്നും ഓർമിക്കുന്ന പേര്
    ഗിരീഷ് പുത്തഞ്ചേരി.
    അദ്ദേഹത്തെ കുറിച്ച് നന്നായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments