Logo Below Image
Saturday, July 12, 2025
Logo Below Image
Homeഅമേരിക്കതാലപത്രം - (4) 'ദൈവാഗമം ഭാഷ' - ഭാഷാഗദ്യവികാസചരിത്രത്തിലെ അപൂർവഗ്രന്ഥം ✍ പ്രൊഫ. ആർ.ബി....

താലപത്രം – (4) ‘ദൈവാഗമം ഭാഷ’ – ഭാഷാഗദ്യവികാസചരിത്രത്തിലെ അപൂർവഗ്രന്ഥം ✍ പ്രൊഫ. ആർ.ബി. ശ്രീകല

ദൈവാഗമം ഭാഷ

ഭാഷാഗദ്യവികാസചരിത്രത്തിലെ അപൂർവഗ്രന്ഥം

കേരളസർവകലാശാല ഹസ്തലിഖിതഗ്രന്ഥശാലയിലെ അപൂർവഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ സൂക്ഷിച്ചിട്ടുള്ള പ്രാചീനഗദ്യകൃതിയാണ് ‘ദൈവാഗമം ഭാഷ’. ഭാഷ, ലിപി, വ്യാകരണം തുടങ്ങി നിരവധി കാര്യങ്ങളിൽ അപൂർവത അവകാശപ്പെടാൻ അർഹമായ കൃതിയാണിത്. എഴുതിയകാലം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നുള്ളതും ഈ ഗ്രന്ഥത്തെ വ്യതിരിക്തമാക്കുന്നു.

ഗ്രന്ഥത്തിൻ്റെ കൊളോഫോണിൽ കാലം കൊ.വ. 696 എന്ന് എഴുതിയിട്ടുണ്ട്. ക്രി.വ. 1521ൽ എഴുതിയ ഗ്രന്ഥമാണ് ദൈവാഗമം ഭാഷ’ എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. 2021-ൽ 500 വർഷം കൃത്യമായി പിന്നിട്ട ഈ ഗ്രന്ഥം ഭാഷാപഠനമേഖലയിലും ഭാഷാഗദ്യപരിണാമപഠനമേഖലയിലും ഏറെ ഗവേഷണ സാധ്യതകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഭാഷാഗദ്യത്തിന്റെ വികാസപരിണാമ ചർച്ചയിൽ ദൂതവാക്യം ഗദ്യം, അംബരീഷോപാഖ്യാനം, ബ്രഹ്മാണ്ഡപുരാണം, ഭാഷാകൗടലീയം തുടങ്ങിയ പ്രാചീന ഗദ്യമാതൃകകളുടെ തുടർച്ച എന്ന നിലയിൽ ചേർത്തുവച്ചു പരിശോധിക്കേണ്ട ഗ്രന്ഥമാണ് ‘ദൈവാഗമം ഭാഷ’. അതുപോലെ തന്നെ മലയാള ലിപിയുടെ പരിണാമത്തെക്കുറിച്ചു പഠിക്കുന്നവർക്കും ഈ ഗ്രന്ഥം വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്.

പ്രാചീനകൃതികളുടെ കൂട്ടത്തിൽ ചുരുക്കം ചിലവയിൽ മാത്രമേ കാലം രേഖപ്പെടുത്തിക്കാണുന്നുള്ളൂ. അവയിലൊന്ന്, ദൈവാഗമം ഭാഷയാണ്. ഈ ഗ്രന്ഥം ഇതുവരെ കേരള സർവകലാശാല ഹസ്തലിഖിത ഗ്രന്ഥാലയത്തിൽ നിന്ന് എഡിറ്റു ചെയ്യുകയോ പഠിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഭാഷാപരവും ലിപിപരവുമായ അസാധാരണത്വവും ക്ലിഷ്ടതയുമാകാം ഈ ഗ്രന്ഥത്തെ സമീപിക്കുന്നതിൽ നിന്ന് പഠിതാക്കളെ അകറ്റിയത്. ലൈബ്രറിയിലെ ആദ്യകാല ക്യുറേറ്റർമാരിൽ ഒരാളായിരുന്ന മഹാകവി ഉള്ളൂർ പല ഗ്രന്ഥങ്ങളക്കുറിച്ചും കേരളസാഹിത്യചരിത്രത്തിൽ പരാമർശിക്കുമ്പോഴും അവിടെയൊന്നും ‘ദൈവാഗമം ഭാഷ’യെക്കുറിച്ച് പറഞ്ഞുകാണുന്നില്ല.

ഉള്ളടക്കം

കേരള സർവകലാശാല മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ നിന്നു പ്രസിദ്ധീകരിച്ച വിഷയാധിഷ്ഠിത മലയാളഗ്രന്ഥസൂചിയിൽ ‘തന്ത്രം’ എന്ന വിഭാഗത്തിലാണ് ‘ദൈവാഗമം ഭാഷ’ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ഗ്രന്ഥത്തിലൂടെ കടന്നുപോയപ്പോൾ വേദാന്തവിഷയമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. പ്രതിപാദനവിഷയം തന്ത്രമോ വേദാന്തമോ ആയാലും വിഷയത്തിലുപരി ഏറെ സവിശേഷതകളുള്ള ഇതിലെ ഭാഷയും ലിപിയും ഗവേഷകലോകം ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്.

‘ദൈവാഗമം ഭാഷ’ എന്ന ശീർഷകത്തിൽ നിന്ന് ഇതിൻ്റെ മൂലകൃതി സംസ്കൃതത്തിലുള്ള ഗ്രന്ഥമാണെന്നു മനസ്സിലാക്കാം. ഭാഷാകൗടലീയം, തച്ചുശാസ്ത്രം-ഭാഷ, ഗണിതം,ഭാഷ തുടങ്ങിയ ഗ്രന്ഥങ്ങളെപ്പോലെ ‘ദൈവാഗമംഭാഷ’യും സംസ്കൃതത്തിൽ നിന്ന് അന്നത്തെ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തതാവാം. എന്നാൽ ലൈബ്രറിയിൽ ഇതിൻ്റെ മൂലകൃതി ലഭ്യമല്ല. കാലിക്കറ്റ്, തൃപ്പൂണിത്തുറ തുടങ്ങിയ ഹസ്തലിഖിഖിതഗ്രന്ഥശാലകളിൽ നടത്തിയ അന്വേഷണത്തിലും ഇതിന്റെ പൂർവമാതൃകയോ പകർപ്പുകളോ ലഭ്യമല്ല എന്ന വിവരമാണു ലഭിച്ചത്.

കേരള സർവകലാശാലാ ലൈബ്രറിയിലെ ഗ്രന്ഥശേഖരത്തിലുള്ള രജി. നമ്പർ സി 1700 എന്ന താളിയോല ഗ്രന്ഥമാണ് ദൈവാഗമം ഭാഷ. ഇതിൻ്റെ ഗ്രന്ഥ സംഖ്യ 3110 ആണ്. ഈ ഗ്രന്ഥത്തിന് റ്റി.968 എന്ന നമ്പറിൽ കടലാസിലുള്ള ഒരുപകർപ്പുകൂടി ലൈബ്രറിയിലുണ്ട്.

ഉറവിടം

വൈക്കം കട്ടത്തിരിത്തം കൈലാസപുരം കേശവപ്പിഷാരോടിയാണ് താളിയോല ഗ്രന്ഥത്തിന്റെ ഉടമ എന്ന് കടലാസിലുള്ള പകർപ്പിൽ കാണുന്നു. 1932ലാണ് പകർപ്പെഴുതിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെത്തന്നെ ജോലി ചെയ്തിരുന്ന എൻ. കമലാക്ഷിയമ്മ എന്ന വ്യക്തിയാണ് ഇതുപകർത്തിയത്. പക്ഷേ ഗ്രന്ഥം വായിക്കുന്നതിനെക്കാൾ പ്രയാസമാണ് കടലാസിലുള്ള പകർപ്പു വായിക്കാൻ. ലിപികൾ പലതും തെറ്റിദ്ധരിച്ച് മാറ്റിയെഴുതിയതിനാൽ അർഥക്ലിഷ്ടത പകർപ്പിൽ കടന്നുകൂടിയിട്ടുണ്ട്.

കൊളോഫോൺ

ഗ്രന്ഥാവസാനത്തിൽ കൊളോഫോൺ നൽകിയിട്ടുള്ളത് ഇപ്രകാരമാണ്:

“ഒന്നമശ്ശിവായ നമ: ഹരി – ഒന്നാരായണായ നമഃ ഹരി കൊല്ലം 696 മത മകര ഞായിറ 22നു രൊഹിണിയും വെള്ളിയാഴ്ചയും പൂർവപക്ഷത്ത ദെശമിയുമായ് എഴുതിവച്ച ദെയ് വാകമം സമസ്തം ഹരി: കൊവിന്തനാഥൻ അനുഗ്രഹത്താൽ രാമെൻ എഴുത്തിതു:ഹര”

ഈ കൊളോഫോണിൽ പല ലിപികളും വട്ടെഴുത്തിലുള്ളവയാണ്. ഈ ഗ്രന്ഥം എഴുതുന്നകാലത്ത് വട്ടെഴുത്തു ലിപിയും പ്രചാരത്തിലിരുന്നു എന്നതാണ് മനസ്സിലാക്കാൻ കഴിയുന്നത്. മാത്രമല്ല ഈ ഗ്രന്ഥം പകർത്തിയത് ഒരു ‘രാമെൻ’ ആണെന്നു കാണുന്നുണ്ട്. ലൈബ്രറിയിൽ ലഭ്യമായിട്ടുള്ള ഈ ഗ്രന്ഥം പൂർവഗ്രന്ഥം നോക്കി ‘രാമൻ’ എന്നയാൾ പകർത്തിയതാവാനാണ് സാധ്യത. പ്രാചീന ഗ്രന്ഥങ്ങൾ എല്ലാം പിൽക്കാലത്ത് പകർത്തി സൂക്ഷിക്കുക പതിവുണ്ടായിരുന്നതിനാൽ ഈ ഗ്രന്ഥത്തിനും പൂർവഗ്രന്ഥങ്ങൾ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, നമുക്ക് ഇവിടെ താളിയോലയിലുള്ള ഒരു ഗ്രന്ഥം മാത്രമാണ് നിലവിലുള്ളത്. കൊ.വ. 696 (എ.ഡി. 1521) ആണ് ഇതിൽ രേഖപ്പെടുത്തിയ കാലമെങ്കിലും ആധാരഗ്രന്ഥത്തിന് ഇതിലുമധികം പ്രാചീനത ഉണ്ടാവാം എന്ന് ഭാഷാസ്വരൂപം സൂക്ഷ്മമമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാം

പ്രാചീന ഭാഷാഗദ്യമാതൃക

ആധുനിക ഗദ്യത്തിൻ്റെ വളർച്ചയും വികാസവും 19-ാം നൂറ്റാണ്ടിലാണെന്ന് ഗദ്യസാഹിത്യ ചരിത്രങ്ങൾ അടയാളപ്പെടുത്തുമ്പോഴും ഏതാണ്ട് ഏഴു നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ശാസ്ത്ര-സാഹി ത്യ-വൈജ്ഞാനിക വിഷയങ്ങൾ മലയാളഗദ്യത്തിൽ ആവിഷ്കരിച്ചിരുന്നു എന്നതിന്റെ തെളിവായി നിരവധി ഗദ്യമാതൃകകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. നളോപാഖ്യാനം, അംബരീഷോപാഖ്യാനം, ദേവീമാഹാത്മ്യം എന്നിവയിലെ ഗദ്യമാതൃകകൾ ചേർത്ത് ‘പ്രാചീന ഗദ്യമാതൃകകൾ’ എന്ന പേരിൽ ഡോ പി.കെ. നാരായണപിള്ള 1961-ൽ ഒരു ഗ്രന്ഥം മാനുസക്രിപ്റ്റ്സ് ലൈബ്രറിയിൽ നിന്നും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ പ്രസാധനത്തിനുവേണ്ടി സ്വീകരിച്ച താളിയോല ഗ്രന്ഥങ്ങൾക്ക് കുറഞ്ഞതു നാനൂറുവർഷത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നും എന്നാൽ ഈ കൃതികൾക്ക് ഇതിലുമധികം പഴക്കമുണ്ടായിരിക്കാമെന്ന് അനുമാനിക്കാവുന്നതാണെന്നും ആമുഖത്തിൽ ഡോ.പി.കെ. നാരായണപിള്ള പറഞ്ഞിട്ടുണ്ട്. ഇതുകൂടാതെ പ്രാചീന ഗദ്യശാഖയിലെ എണ്ണം പറഞ്ഞ നിരവധി കൃതികൾ ലൈബ്രറിയിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാഷ്ട്രതന്ത്രം കൈകാര്യം ചെയ്യുന്ന ‘ഭാഷാകൗടലീയം’ എന്ന മലയാളവ്യാഖ്യാനം അവയിൽ പ്രധാനപ്പെട്ടതാണ്. വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിഷം, തന്ത്രം, വാസ്തു തുടങ്ങി നിരവധി വിഷയങ്ങൾക്ക് ഗദ്യരൂപത്തിലുള്ള വ്യാഖ്യാനങ്ങൾ ഭാഷയിലുണ്ട്. അത്തരത്തിലുള്ള അനേകം ഗ്രന്ഥങ്ങൾ നമ്മുടെ താളിയോലശേഖരത്തിലുണ്ട്.

പദ്യസാഹിത്യത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്ന കാലത്ത് പുരാണേതിഹാസ വിഷയങ്ങളോടൊപ്പം തന്നെ ഗഹനമായ മറ്റു വൈജ്ഞാനികവിഷയങ്ങളും സാധാരണക്കാർക്കു ഗ്രഹിക്കത്തക്ക വിധത്തിൽ അന്നത്തെ ഗദ്യഭാഷയിൽ എഴുതിയിരുന്നു എന്നതിന് ഇത്തരം ഗ്രന്ഥങ്ങൾ ശക്തമായ തെളിവുകളാണ്. ഇവയെല്ലാം ഗദ്യസാഹിത്യ വികാസചരിത്രപഠനത്തിന് ആധികാരിക രേഖകളാണ്. ഗൗരവതരമായ വിഷയങ്ങൾ പ്രതിപാദിക്കാൻ തക്ക ഉൾക്കരുത്ത് മലയാള ഗദ്യത്തിന് നൂറ്റാണ്ടുകൾക്ക് മുമ്പേ ഉണ്ടായിരുന്നു എന്ന വസ്തുതയാണ് ഇത്തരം ഗദ്യമാതൃകകൾ മുന്നോട്ടു വയ്ക്കുന്നത്

ഭാഷാപരമായ സവിശേഷതകൾ

ദൈവാഗമം ഭാഷയുടെ താളിയോലയിൽ നിന്നുള്ള ചിലഭാഗങ്ങൾ ഭാഷാരീതി മനസ്സിലാക്കാൻ വേണ്ടി മാതൃകയായി ചുവടെ ചേർക്കുന്നു.

“സർവവ്യാപിയായി സർവസത്ത്വമായി നിന്റെ പരമേശ്വരൻ പശുപതിയെന്ന നാമത്തിനുക്കു പ്രത്ത്യാകിയ ആനീശനെന്നും തിരുനാമത്തിനെയുടെയ ആനീശപ്രസാദം അവിദ്യാരാഗദ്വേഷാദി സമസ്ത ദോഷംകളെയും പരിത്ത്വാജിത്ത പ്രകൃതിപുരുഷ ശ്ചരാതിസമസ്ത തത്ത്വംകളിൽ സ്ഥൂല സൂക്ഷ്മ പരമ ശൈയിതന്ന്യംകളെ അസ്താമലമെൽകണ്ടുണർന്ത തത്വജ്ഞാനപ്രഭു.” (ഫോളിയോ 2)

“അഹം ബ്രഹ്‌മം അഹം തത്വംകളപ്പെട്ട സർവദേശംകളിനും സർവകാലംകളിനും പ്രവത്തിയായി നിന്റ് അണ്ഡജസദെജരായി ജയുൽവീജംകളംയിവയിറ്റിൽ നരമൃഗപശുപക്ഷി നൃപാന്ധസമസ്തയോഗികളും ചന്ദ്രശൂർയ്യ്യഗ്രഹനക്ഷത്രഗെണംകളും ദെവിഗെണമിരുഷിഗെണം ദൂതഗെണം ദൈത്യദാ നവഅസുര യക്ഷരാക്ഷസ പെപിശാശു ഭൂതാദികളും കിന്നരകിംപുരുട ഗെരുഡഗെന്ധർവ അഷ്ടാദേശം കോടിക്കണംകളും യിവറ്റിൻ രൂപിയായി അഗ്രപ്യമായ
കണ്ഡപരിപൂർണമായി വീതരാഗമ ഹാനുഭാവകരാൽ പ്രസ്ഥതം പെണ്ണപെട്ട പരമെശ്വരനതു ദിവ്യദേശത്തിനെയെന്നുടെയ ചിത്തത്തു (ഫോളിയോ 2എ)

“വിത്തിൻകെട്ടിൽ മുളൈവിത്തിട്ടൊൻ്റനാപ്പോല ശരീരം വിടുകിന്റകാലത്തുകനവുപോല ഗെതികളെ കണ്ട ഭാവാംഗചിത്തത്തെപ്പറ്റി അതിൻകെട്ടിലെ മറ്റൊരുണർവെഗെതിയിൽപ്പിറക്കുമെൻ്റ ചൊല്ലിൽ വിത്തിൻമുളൈ വിത്തിനിലൻ്റി നികഴാതപ്പോല പിറപ്പുക്കോളുണർവു മൌനവുടംപിലെ അവുണർ വിലെ പിറക്കുമത്തെനെയ്റി അന്ത്യവിടംകൾ പി റവാതൊഴിയ വേണ്ടുമൻ്റിയെയും ഭവാംഗചിത്ത ത്തിൽ കനവുപോലെ കണ്ടഗെതിയും പിറപ്പുമചെത്താക കണ്ടചിത്തകൈടപ്പിറപ്പുക്കോളുണർവുകെട്ടുമെന്റിയെറും…..”

1. ഈ ഗ്രന്ഥത്തിലെ അടിസ്ഥാന ഭാഷാരീതി,പദാവലി സംസ്കൃതത്തിൽ നിന്നും സ്വീകരിച്ചുകൊണ്ട് ഭാഷാപ്രത്യയങ്ങൾ ചേർത്ത് എഴുതിയിരിക്കുന്ന ഒരു രീതിയാണെന്നാണ് മനസ്സിലാക്കാൻ കഴിയൂ ന്നത്. മണിപ്രവാളത്തെക്കുറിച്ച് ലീലാതിലകകാരൻ പറയുന്നതുപോലെ ഭാഷീകൃതസംസ്കൃതരൂപങ്ങളായി ഇവയെ പരിഗണിക്കാം. സംസ്കൃതപദങ്ങളോട് ഭാഷാ പ്രത്യയങ്ങൾ ചേർത്ത രൂപങ്ങൾ

ഉദാ: വിഷയംകൾ, പ്രത്ത്യക്ഷവിരുദ്ധമാം, ശബ്ദാതി വിഷയംകളെ, കർമമും വിഷെയമും, വൃക്ഷംകളുക്കു, ആത്മതത്ത്വമൊന്റുണ്ടെന്റു, സ്വർഗനരകാതിദെശം

2. സംസ്കൃതപദങ്ങൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. തത്സമങ്ങളും തത്ഭവങ്ങളും ചേർന്നിട്ടുള്ള ഒരു മിശ്രിതരീതിയിലാണ് സംസ്കൃതപദങ്ങൾ ഈ ഗ്രന്ഥത്തിൽ കാണുന്നത്. തത്സമമാണോ തവമാണോ എന്നു പലപ്പോഴും വ്യവഛേദിക്കാൻ കഴിയാത്തവിധം വ്യവസ്ഥയില്ലാതെ കുഴഞ്ഞുകിടക്കുന്ന ഒരവസ്ഥയിലാണ് സംസ്കൃതപദങ്ങൾ ഉള്ളത്.

തത്സമങ്ങൾ : ലക്ഷണം, രൂപവസ്തു, ശരീരശുക്ലശോണിതം, ശബ്ദം, പ്രത്യക്ഷാനുമാനം, വർണര സഗെന്ധയോജസ്സ്, ശുദ്ധാഷ്ടകം, ഇന്ദ്രീയവിജ്ഞാ നം, പ്രത്യക്ഷവിരുദ്ധം, ആത്മതത്വം
തത്ഭവങ്ങൾ : ശരീരം – ചരീരം
വിനാശം- വിനാചം
ശുക്ലശോണിത – ചുക്കിലശ്രോണിത
ജീവൻമുക്തി – വിവൻമുത്തി
ആഗമം – ആകമം
വാങ്‌മയ- വായ്മയ

3. പലഭാഗങ്ങളിലും തുടർച്ചയായി സംസ്കൃതപദങ്ങൾ ഭാഷാപ്രത്യയങ്ങൾ ചേർത്തല്ലാതെ മൂലകൃതിയിലേതുപോലെ നിലനിർത്തിക്കൊണ്ടും ചില ഭാഗങ്ങൾ ഭാഷയിലേക്കു വിവർത്തനം ചെയ്തുകൊണ്ടും ഉള്ള ഒരു രീതിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത് എന്നുവേണം കരുതാൻ.

നരമൃഗപശുപക്ഷിനൃപാന്ധസമസ്തയോനികളും

ചന്ദ്രശുര്യ്യഗ്രഹനക്ഷത്രഗെണംകളും

ദൈവഗണമിരുഷിഗെണം ദൈത്യദാനവ

സുരയക്ഷരാക്ഷസപെപിശാശു ഭൂതാദികളും…

4. കേരളപാണിനി പിൽക്കാലത്തു പറഞ്ഞ ആറു ഭാഷാനയങ്ങൾ പൂർണമായും സംഭവിച്ചു കഴിയാത്ത ഒരു കാലഘട്ടത്തിലെ ഭാഷയാണ് ഇതിലുള്ളത് എന്നു പറയാം. അവയിൽ പുരുഷഭേദനിരാസം മാത്രമാണ് ഏകദേശം പൂർണമായും സംഭവിച്ചത്. എന്നാൽ അതിനും ‘ഉണർന്തെൻ’ പോലുള്ള രൂപങ്ങൾ അപവാദങ്ങളുണ്ട്. മറ്റുള്ളവ തമിഴിന്റെ രീതിയിലാണ് കൂടുതൽ പ്രബലമായി കാണുന്നത്, പ്രത്യേകിച്ച് സ്വരസംവരണം.

മുളെ വിട്ടുകൈ, മുതലൈ, ഉരൈക്ക്, ഇരണ്ട ഇവൈ, അവൈ, പുരുഷനെ

അനുനാസികാതിപ്രസരം :

ഒഴിന്ത, പ്രയോകംകൾ, പിറന്ത, താങ്കവില്ലെ, ഉണർന്തൻ

താലവ്യാദേശം:

ജെനിത്താൽ, കുടന്തു, പ്രസാദിത്തു രക്ഷിത്തു.പരിത്യജിത്ത

5. വിഭക്തിപ്രത്യയങ്ങൾ കൂടുതലും തമിഴിൻ്റെ രീതിയിൽ പ്രയോഗിക്കുന്നതായിട്ടാണ് മനസ്സിലാകുന്നത്.

സംബന്ധികാവിഭക്തിക്ക് ‘ഉടെയ’ ചേർന്ന രൂപമാണ് കാണുന്നത്.

എന്നടെയ, നിന്നുടെയ, തന്നുടെയ, തിരുനാരത്തിനെയുടെയ

സർവദേശങ്ങൾക്കും സർവകാലങ്ങൾക്കും എന്ന ഉദ്ദേശികാരൂപത്തിന് സർവദേശംകളിനും സർവകാലംകളിനും എന്നു പ്രയോഗിച്ചുകാണുന്നു. വൃക്ഷങ്ങൾക്ക് എന്നതിനു പകരം വൃക്ഷംകളുക്കു എന്നു കാണാം. നാമത്തിനു എന്നതിന് നാമത്തിന്ക്ക് എന്നും കാണുന്നുണ്ട്.

6. ഇരട്ടിച്ച ‘പ’കാരത്തോട് ‘റ’ കാരം ചേർന്ന’ ആകമപ്പ്രമാണമും’ എന്ന രൂപം പ്രയോഗിച്ചിരിക്കുന്നു. അപൂർവമായി കണ്ട ഒരു മാതൃകയാണിത്.

7. ‘ബ’കാര ‘വ’കാര വിനിമയം സംഭവിച്ച രൂപങ്ങൾ

ബന്ധമുക്തി – വെന്ധമുത്തി

ബുദ്ധർ – വുദ്ധർ

ബീജം – വിജം

സംബന്ധം – സംവെന്ധം

8.പൊതുവെ പ്രാചീനകൃതികളിൽ കാണുന്നപോലെ ജ, ഗ തുടങ്ങിയ മൃദുവ്യഞ്ജനങ്ങളോട് പദാദിയിൽ ‘എ’കാരം ചേർക്കുന്ന രീതികാണുന്നു. ഇന്ന് മലയാളത്തിൽ മൃദുവിൽ തുടങ്ങുന്ന ഉച്ചാരണത്തിൽ മാത്രമേ ‘എ’കാര ധ്വനി മൃദുവ്യഞ്ജനങ്ങൾക്കു നൽകാറുള്ളു.

ഗണം – ഗെണം

ജഗം – ജെഗം

ഗന്ധം – ഗെന്ധം

ജനിച്ചാൽ – ജെനിത്താൻ

9. വിഷം – വിഴം, പുരുഷൻ – പുരുഴൻ എന്നിങ്ങ നെ ‘ഷ’കാര ‘ഴ’കാര, വിനിമയം കാണുന്നുണ്ട്. ‘ഷ’കാരത്തിന് ‘ട’ കാരവും ചിലെടത്തു കാണാം.

ഉദാ: കിംപുരുഷ – കിംപുരുട

10. ‘ങ്ങ’ എന്ന കൂട്ടക്ഷരം വരുന്നിടത്തെല്ലാം അനുസ്വാരവും ‘ത’കാരവും ചേർന്ന രൂപമാണ് കാണുന്നത്. ദൂതവാക്യം ഗദ്യത്തിലാകട്ടെ അനുസ്വാര വും ‘ങ’കാരവും ചേർന്ന രൂപമാണുള്ളത്.

ദോഷങ്ങൾ – ദോഷംകൾ

ഗണങ്ങൾ – ഗണംകൾ

അവ്വിടങ്ങൾ – അവ്വിടംകൾ

അടങ്ങും- അടംകം

നരകങ്ങൾ – നരഗംകൾ

വിഷയങ്ങൾ – വിഷയംകൾ

തത്ത്വങ്ങൾ – തത്ത്വംകൾ

11. കാരിയം (കാര്യം), ചെയിത (ചെയ്ത) എന്നിങ്ങനെ മധ്യസ്വരാഗമത്തോടു കൂടിയ പദങ്ങൾ കാണുന്നുണ്ട്.

ലിപിപരമായ സവിശേഷതകൾ

മലയാള ലിപിയുടെ ചരിത്രപഠനത്തിലെ ഒരു പ്രധാനരേഖയായി ഈ ഗ്രന്ഥം കണക്കാക്കാം. പിൽക്കാലത്തെ പല ലിപിരൂപങ്ങളുടെയും പരിണാമത്തിൻ്റെ പൂർവരൂപങ്ങൾ ഇതിൽ കാണാം. ഇതിലെ ലിപികളുടെ പ്രത്യേകതകളിൽ നിന്ന് തമിഴിന്റേതുപോലെ ചതുരവടിവിലുള്ള (Angular Shape) രൂപങ്ങളായിരുന്നു മലയാളം ലിപികൾക്ക് മുൻപുണ്ടായിരുന്നത് എന്നുവേണം കരുതാൻ. ലിപികളുടെ വലതുഭാഗത്തു കൂടുതൽ കാണുന്ന ചതുരവടിവ് തമിഴ് ഗ്രന്ഥാക്ഷരത്തോടു സാദൃശ്യം പുലർത്തുന്നു. മലയാള ലിപികൾ വൃത്തവടിവിലേക്കു (Rounded Shape) മാറുന്നതിനു മുമ്പ് തമിഴിലേതുപോലെ ചതുരവടിവുതന്നെ ഉണ്ടായിരുന്നതിന്റെ സൂചന ഇതിലെ പല ലിപികളും നൽകുന്നു.

കേരള സാഹിത്യചരിത്രമുൾപ്പെടെയുള്ള സാഹിത്യചരിത്രങ്ങളും ഗദ്യസാഹിത്യ ചരിത്രങ്ങളും പരിശോധിച്ചതിൽ നിന്ന് ‘ദൈവാഗമം ഭാഷ’ എന്ന ഗ്രന്ഥം എവിടെയും പരാമർശിച്ചു കാണുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയുടെ ക്യൂറേറ്ററായിരുന്ന മഹാകവി ഉള്ളൂരിനുശേഷമാകാം ഈ ഗ്രന്ഥം ലൈ ബ്രറിയിൽ ലഭിച്ചത്. അദ്ദേഹം സ്വന്തം സാഹിത്യചരിത്രത്തിൽ ഇതിനെപ്പറ്റി സൂചിപ്പിക്കാത്തതിന്റെ കാരണം അതാകാം. കാലം കൃത്യമായി രേഖപ്പെടുത്തിയതുകൊണ്ടും ആദ്യകാല ഗദ്യമാതൃകകളുടെ തുടർച്ചയെന്ന നിലയിൽ 16ാം നൂറ്റാണ്ടിൽ പകർത്തപ്പെട്ട ഗ്രന്ഥം എന്ന നിലയിലും നിശ്ചയമായും മലയാള ഗദ്യചരിത്രത്തിൽ സ്ഥാനമുണ്ടാവേണ്ട കൃതിയാണിത്. ഇതിലെ ലിപികളുമായി പരിചയം സ്ഥാപിച്ചു കഴിഞ്ഞാൽ വായനയിൽ ആദ്യം അനുഭവപ്പെടുന്ന പ്രയാസം മാറിക്കിട്ടും. തുടർന്നുള്ള പഠനത്തിൽ വിഷയം, ഭാഷ, ലിപി, വ്യാകരണം, ശൈലി തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമായി പറയാൻ കഴിയും. ‘ദൈവാഗമം ഭാഷ’ എന്ന ഈ ഗ്രന്ഥം കേരളസർവകലാശാല ഹസ്തലിഖിതഗ്രന്ഥാലയത്തിൽ നിന്നും ഭാഷാഗവേഷകരുടെ ശ്രദ്ധയിലേക്ക് അവതരിപ്പിക്കുന്നു.

‘ദൈവാഗമം ഭാഷ’യുടെ താളിയോലഗ്രന്ഥത്തിന്റെ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ലേഖനം എഴുതുന്നത്. ആദ്യത്തെ കുറച്ച് താളിയോലകൾ മാത്രമേ ഇതിനുവേണ്ടി നോക്കിയിട്ടുള്ളു. ഇനിയും തുടർന്ന് പരിശോധിക്കുമ്പോൾ ഭാഷാപരവും വ്യാകരണപരവുമായ പല സവിശേഷതകളും. ഇതിലെ ഭാഷയിൽ കണ്ടെത്താൻ സാധിക്കും.

പ്രൊഫ. ആർ.ബി. ശ്രീകല

RELATED ARTICLES

8 COMMENTS

  1. ദൈവാഗമം ഭാഷ യെ കുറിച്ചുള്ള എഴുത്തു
    വളരെ വിജ്ഞാനപ്രദം.

  2. ഭാഷയെയും ഗദ്യത്തെയും കുറിച്ചുള്ള പഠനത്തിൽ ഉപകാരപ്രദമായ കൃതി. മികച്ച എഴുത്ത്….. നന്ദി ടീച്ചർ ❤️❤️❤️❤️❤️

  3. വിജ്ഞാനപ്രദം. നമ്മുടെ പ്രാചീനഗ്രന്ഥ ശേഖരത്തിൽ അറിയപ്പെടാത്ത ഗ്രന്ഥങ്ങൾ എത്രയോ ഉണ്ട്. ഈ ശ്രമം അഭിനന്ദനീയം.

  4. താലപത്രം നാലാമത്തെ ലേഖനം മറ്റു ലേഖനങ്ങളിൽ നിന്നും കുറച്ചുകൂടെ ബൃഹത്തും എത്ര പരിചിതമല്ലാത്ത ഒരു കൃതിയെക്കുറിച്ചുള്ള പ്രതിപാദനവുമാണ് ശ്രീകല ടീച്ചർ നടത്തിയിട്ടുള്ളത്. കൃതിയുടെ ഉള്ളടക്കത്തെ കുറിച്ചും ഭാഷാപരമായ പ്രത്യേകതകളെ കുറിച്ചും സാമാന്യമായ അറിവ് പകർന്നു നൽകുന്ന ഈ ലേഖനം തീർച്ചയായും ഭാഷാ കുതുകികളുടെ ശ്രദ്ധയിൽ പെടുകയും ഇതുമായി ബന്ധപ്പെട്ട പുതിയ ഗവേഷണ സാധ്യതകൾ തുറന്നു നൽകുകയും ചെയ്യും എന്നതുകൊണ്ട് തന്നെ വളരെ അഭിനന്ദനാർഹമായ ഒരു പ്രവർത്തിയാണ് ഗ്രന്ഥകാരി നടത്തിയിരിക്കുന്നത്. തീർച്ചയായും തുടർന്നും ഇത്ര ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ