മുറിക്കപ്പെടാം, മിനുക്കപ്പെടാം? (എബ്രാ. 2:6-13)
“സകലത്തിനും ലക്കും കാരണഭൂതനുമായവൻ, അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോൾ, അവരുടെ രക്ഷാ നായകനെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവനാക്കുന്നതു യുക്തം ആയിരുന്നു” (വാ.10).
വലുതാകാനും വലിയവരാകാനുമാണ് എല്ലാവരും ആഗ്രഹിക്കുക? ചെറുതാകുക എന്നതു മനുഷ്യസ്വഭാവത്തിനു വിപരീതമായ കാര്യമാണ്. എന്നാൽ ഇതിനു വിപരീതമായ പ്രക്രീയയാണു വജ്ര സൃഷ്ടിയിൽ നടക്കുന്നത്. ഒരു വജ്രക്കല്ല്
ആദ്യമായി ഖനിയിൽ നിന്നും കണ്ടെടുക്കുമ്പോൾ, അതു പ്രാകൃതവും വളരെ വലിപ്പം ഉള്ളതുമായ അവസ്ഥയിലായിരിക്കും? വളരെ വിലയുള്ള വജ്രമായി അതു
രൂപന്തരപ്പെടുന്നതു നീണ്ടുനിൽക്കുന്നതും വേദനാജനകവുമായ ചെത്തിമിനുക്കൽ പ്രക്രീയയിലൂടെയും, പൊട്ടിച്ചു കളയൽ പ്രക്രീയയിലൂടെയും അതു കടന്നു പോകുന്നതു മൂലമാണ്.
ദിവസങ്ങളും ഒരു പക്ഷെ ആഴ്ചകളും നീണ്ടു നിൽക്കുന്ന ഈ പ്രക്രീയ കൊണ്ടാണ്, ഒരിക്കൽ അനാകർഷകമായിരുന്ന വജ്രക്കല്ല്, തിളങ്ങുന്ന അമൂല്യ രത്നമായി രൂപാന്തരപ്പെടുന്നത്. ഇവിടെ, നഷ്ടങ്ങൾ നൂറിരട്ടി ലാഭമായി മാറുന്നു; സഹനങ്ങൾ മാറ്റു വർദ്ധിപ്പിക്കുന്ന പ്രക്രീയയായി രൂപാന്തരപ്പെടുന്നു. വജ്രത്തെ മുറിക്കുന്നവർ, അതിനെ മിനുക്കുന്നുമുണ്ടായിരിക്കും? മുറിക്കലും മിനുക്കലുമെല്ലാം അവസാനിക്കുമ്പോൾ, അതു പഴയതിനേക്കാൾ പതിനായിരം ഇരട്ടി വിലയുള്ള തനി വജ്രമായി രൂപാന്തരപ്പെട്ടിരിക്കും എന്നു മാത്രമല്ല, മഹാരാജന്റെ മോതിരത്തിന്റെയോ, കിരീടത്തിന്റെയോ ഭാഗമാകാനും അതിനു ഭാഗ്യം ലഭിച്ചു എന്നു വരാം.
ധ്യാന ഭാഗത്ത് എഴുത്തുകാരൻ പറയുന്നതു നമ്മുടെ രക്ഷാ നായകനായ ക്രിസ്തു, തന്റെ കഷ്ടാനുഭവങ്ങളാൽ തികഞ്ഞവൻ ആയ വനാണ് എന്നാണ്. മറ്റുള്ളവർക്കൊന്നും അനുഭവിക്കേണ്ടി വരാത്ത സഹനങ്ങളിലൂടെയും കഷ്ടതകളിലൂടെയും നാം കടന്നുപോകുമ്പോൾ, “ദൈവമേ ഇത്രയും അനുഭവിക്കാൻ ഞാൻഎന്തു ചെയ്തു” എന്നു ചോദിച്ചു പോയേക്കാം? എന്നാൽ, ഓർക്കുക: അവിടുന്നു നമ്മെ മുറിക്കുന്നതു രത്നങ്ങളാക്കാനാണ്; മിനുക്കാനും ശോഭ പകരാനുമാണ്! നമ്മുടെ രക്ഷാ നായകൻ: “താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി, തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായി തീർന്നവൻ” ആണ് (എബ്രാ. 5:8,9). നമുക്കും അവനെ അനുകരിക്കുന്നവർ ആയിരിക്കാം. ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: കഷ്ടതയുടെ ഗുഹയിലാണ്, അനുഗ്രഹത്തിന്റെ നിധി കിടക്കുന്നത്!



