പ്രകാശം പരത്തുന്നവരാകാം? (മത്താ. 5:13 – 16)
“നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മല മേൽ ഇരിക്കുന്ന പട്ടണം
മറഞ്ഞിരിക്കാൻ പാടില്ല” (വാ.14).
പാപാന്ധകരത്തിൽ ലക്ഷ്യം തെറ്റി അലയുന്ന മനുഷ്യരെ ക്രിസ്തുവാകുന്ന സത്യവെളിച്ചത്തിലേക്കു നയിക്കുവാനാണു വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നത്.
അതിനെക്കുറിച്ചാണ് യേശു കർത്താവ് ധ്യാന ഭാഗത്ത് തന്റെ ശിഷ്യരോടു
പറഞ്ഞിരിക്കുന്നത്. വി. പത്രൊസും തന്റെ ലേഖനത്തിൽ ഇതു തന്നെയാണ്
പറഞ്ഞിരിക്കുന്നത്: “നിങ്ങളോ അന്ധകാരത്തിൽ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ലോഷിപ്പാൻ തക്കവണ്ണം തെരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും, രാജകീയ പുരോഹിത വർഗ്ഗവും, വിശുദ്ധ വംശവും, സ്വന്ത ജനവുമാണ് “(1 പത്രൊ. 2:9).
സ്വയം പ്രകാശിക്കാൻ കഴിവില്ലാത്ത ചന്ദ്രൻ, സൂര്യനിൽ നിന്നും വെളിച്ചം സ്വീകരിച്ച് പ്രതിഫലിപ്പിക്കുന്നതു പോലെ, ലോകത്തിനു വെളിച്ചമായി കടന്നുവന്ന യേശു ക്രിസ്തുവിൽ നിന്നു വെളിച്ചം സ്വീകരിച്ച് അന്ധകാര ലോകത്തിനു പകർന്നു കൊടുക്കാൻ നമുക്കാകണം. അതിനു നമുക്കു കഴിയുന്നത് “തണ്ടിന്മേൽ വയ്ക്കപ്പെട്ട വിളക്കായി” (മർക്കോ. 4:21) നാം സമൂഹത്തിൽ നിലനിൽക്കുമ്പോൾ ആണ്.
വീട്ടിൽ ഉള്ളവർക്ക് പ്രകാശിക്കേണ്ടതിനാണ് വിളക്ക് കത്തിച്ച് തണ്ടിന്മേൽ
വെക്കുന്നത്. വിളക്കു കത്തിച്ചു പറയിൻ കീഴിലോ, കട്ടിൽക്കീഴിലോ വെച്ചാൽ, അതിനു അതിന്റെ ധർമ്മം നിർവ്വഹിക്കുവാൻ കഴിയില്ല. നമ്മിൽ പകരപ്പെട്ടിരിക്കുന്ന വെളിച്ചം മറ്റുള്ളവർക്കും കൂടി പകർന്നു നൽകി മുന്നേറുമ്പോഴാണ്, ദൈവം നമ്മെ വീണ്ടെടുത്ത് പ്രകാശിപ്പിച്ചിരിക്കുന്നതിന്റെ ഉദ്ദശ്യം നമുക്കു പ്രാവർത്തീകമാക്കാൻ ആകുന്നത്.നമ്മിൽ പകരപ്പെട്ടിരിക്കുന്നവെളിച്ചം, മറ്റുള്ളവർക്ക് പകർന്നു കൊടുക്കാം; പ്രകാശം പരത്തുന്നവരായിത്തീരാം? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: ഇരുളിനെ പഴിച്ചതു കൊണ്ടു കാര്യമില്ല; ഒരു മെഴുകുതിരിയെങ്കി
ലും കത്തിച്ചു വെക്കാൻ കഴിയണം.



