വിളക്കെടുക്കാം.. എണ്ണയും കരുതാം.. (മത്താ.25:1-13)
“ബുദ്ധിയില്ലാത്തവർ വിളക്ക് എടുത്തപ്പോൾ എണ്ണ എടുത്തില്ല. ബുദ്ധിയുള്ളവരോ, വിളക്കോടു കൂടി പാത്രത്തിൽ എണ്ണയും എടുത്തു” (വാ. 3, 4).
ഒരു സന്ധ്യാസമയത്തു രണ്ടു പെൺകുട്ടികൾ ഒരു കൂട്ടായ്മാ യോഗം കഴിഞ്ഞു ഭവനത്തിലേക്കു മടങ്ങുകയായിരുന്നു. ഇരുട്ടായിരുന്നതു കൊണ്ടും, തെരുവു വിളക്കുകൾ ഇല്ലാതിരുന്ന പ്രദേശമായിരുന്നതുകൊണ്ടും, അവർ മെഴുകുതിരി വെട്ടത്തിന്റെ സഹായത്താലാണ് യാത്ര ചെയ്തിരുന്നത്. ഇടയ്ക്കു ഒരു ശക്തമായ കാറ്റടിക്കുകയാൽ, മെഴുകുതിരി അണഞ്ഞു പോയെങ്കിലും, അവർ, തീപ്പെട്ടി കരുതിയിരുന്നതിനാൽ, മെഴുകുതിരി വീണ്ടും കത്തിക്കുവാനും, യാത്ര തുടരാനും ഇടയായി.
“ഞാൻ ലോകത്തിന്റെ വെളിച്ചമാണ് ” എന്നു അരുളിചെയ്ത കർത്താവിൽ നിന്നും പ്രകാശം സ്വീകരിച്ചു ലോകത്തിനു പ്രകാശം പകർന്നു കൊടുക്കാനാണ്,
വിശ്വാസികൾ വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പലപ്പോഴും നമ്മിലെ പ്രകാശം കെടാതെ സൂക്ഷിക്കുന്നതിനു നമുക്കു കഴിയാതെ പോകുന്നു. നമ്മിലെ പ്രകാശം കെടുത്തിക്കളയുന്ന പ്രശ്ന കൊടുങ്കാറ്റുകൾ, പ്രതിയോഗി, പലപ്പോഴും നമ്മുടെ നേരേ അടിപ്പിക്കാറുണ്ട്. നമ്മുടെ പ്രകാശം കെടുത്തിക്കളഞ്ഞ്, നമ്മെ ലോകത്തിന്റെ മുമ്പാകെ നിന്ദാ പാത്രങ്ങളാകുകയാണു അവന്റെ ഉദ്ദേശ്യം. നമ്മിലെ ദീപം അണഞ്ഞു പോകാതെ സൂക്ഷിക്കുവാൻ, നാം ഏറെ ജാഗ്രത പുലർത്തേണ്ടതായിട്ടുണ്ട്.
ധ്യാനഭാഗം, മണവാളന്റെ വരവിങ്കൽ, അവനെ എതിരേല്പാനായി വിളക്കുകൾ എടുത്തും കൊണ്ടു പുറപ്പെട്ട പത്തു കന്യകമാരെക്കുറിച്ചാണ്. വിളക്കുകളോടൊപ്പം, എണ്ണയും എടുക്കാഞ്ഞതിനാൽ, തക്കസമയത്തു വിക്കുകൾ തെളിയിക്കാനാകാതെ, കല്യാണ സദ്യയിൽ പങ്കെടുക്കുവാൻ കഴിയാതെ പോയ അഞ്ചു കന്യകമാരെ പോലെയാണോനാം എന്നു സ്വയം ചോദിക്കേണ്ടിയിരിക്കുന്നു.
അരുമ നാഥൻ നമ്മെ വിശ്വാസമാകുന്ന വിളക്കും, പരിശുദ്ധാത്മാവാകുന്ന എണ്ണയും ഏല്പിച്ചിട്ടാണു പോയത്. വിശ്വാസമാകുന്ന വിളക്കു കത്തിക്കൊണ്ടിരിക്കണമെങ്കിൽ, പരിശുദ്ധാത്മ സഹവാസം നമ്മിൽ തുടർച്ചയായി ഉണ്ടായിരിക്കണം. വിളക്ക് എടുത്താൽ മാത്രം പോരാ, എണ്ണയും കൂടി കരുതിയിരിക്കണം? കർത്താവിന്റെ വരവു ഏതു നേരത്തെന്നു നമുക്കു അറിവില്ലാത്തതിനാൽ, ഏതു നേരത്തു താൻ വന്നാലും, തന്നെ എതിരേല്ക്കാൻ നാം ഒരുക്കമുള്ളവരായിരിക്കണം എന്നാണു ഈ ധ്യാനഭാഗം നമ്മെ ഓർപ്പിക്കുന്നത്. അതിനാൽ വിളക്കെടുക്കാം? എണ്ണയും കരുതാം. ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: നിതാന്ത ജാഗ്രതയാണു ജീവിതത്തിലെ വെളിച്ചം നഷ്ടപ്പെടാതിരിക്കാൻ നമ്മെ സഹായിക്കുന്നത്!
വിജ്ഞാനപ്രദം
നല്ല ചിന്തകൾ പങ്കുവെച്ച ലേഖനം
ചിന്തനീയം