പ്രതിബന്ധങ്ങളെ അതിജീവിക്കുന്ന വിശ്വാസം (മർക്കൊ. 2:1-12).
യേശു അവളുടെ വിശ്വാസം കണ്ടിട്ട് പക്ഷവാതക്കാരനോട്: മകനെ, നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു” (വാ. 5).
പ്രതിബന്ധങ്ങളുടെ മുമ്പിൽ പകച്ചു നിൽക്കുന്നവരാണു നമ്മിൽ പലരും. എന്നാൽ, പ്രതിബന്ധങ്ങളെ അതിലംഘിച്ചു മുമ്പോട്ടു പോകാനാണു വിശ്വാസം നമ്മോട് ആവശ്യപ്പെടുനത്. പ്രതിബന്ധങ്ങളുടെ മുമ്പിൽ അന്ധാളിച്ചു നിൽക്കാതെ,
വിശ്വാസത്തിന്റെ ദാർഢ്യം വെളിപ്പെടുത്തിയ നാലാളുകളുടെ പ്രവർത്തന ചിത്രമാണു ധ്യാന ഭാഗം വരച്ചു കാണിക്കുന്നത്. പ്രതിബന്ധങ്ങളെ തട്ടി മാറ്റി, പക്ഷ
വാതക്കാരനുമായി യേശുവിനെ സമാപിച്ച ആ നാല് ആളുകളെ, യഥാർത്ഥ സഭയുടെ പ്രതിനിധികളായി കാണുന്നതിൽ തെറ്റില്ല. “യേശു അവരുടെ വിശ്വാസം കണ്ടു” (വാ.5) എന്ന രേഖപ്പെടുത്തൽ ചിന്തോദ്ദീപകമാണ്. വിശ്വാസത്തിൽ നിന്നുത്ഭവിച്ച അവരുടെ പ്രവൃത്തിയാണ് യേശു ദർശിച്ചത്. വിശ്വാസം, വിശ്വാസമാകുന്നതു അതു പ്രവൃത്തിയിലേക്കു നയിക്കുമ്പോൾ ആണ്. അതിനാലാണ്, “പ്രവൃത്തി ഇല്ലാത്ത വിശ്വാസം നിഷ്ഫലം” (ചത്തത്) എന്നു വി. യാക്കോബ് അപ്പൊസ്തലൻ പ്രഖ്യാപിച്ചിരിക്കുന്നത്! (യാക്കോ.2:20).
വീട്ടിൽ ഇടമില്ല എന്നതിനാൽ അവർ അവരുടെ ഉദ്യമം ഉപക്ഷിച്ചില്ല. പരിശ്രമിക്കുന്നതു കൊണ്ടു ഫലമില്ല എന്നു പറഞ്ഞു അവർക്കു പിന്മാറാമായിരുന്നു. അതും അവർ ചെയ്തില്ല. വേണമെങ്കിൽ, ഇതു ദൈവഹിതമല്ല എന്ന് അവർക്കു പറയാമായിരുന്നു. അതുമല്ല അവർ ചെയ്തത്. തികച്ചും അസാദ്ധ്യം എന്നു വിശേഷിപ്പിക്കാകുന്ന കാര്യമാണ് അവർ ചെയ്തത്. പുരയുടെ മേൽക്കൂര പൊളിച്ചു തുറന്നു പക്ഷവാതക്കാരനെ കിടക്കയോടെ യേശുവിന്റെ മുമ്പിൽ ഇറക്കി വയ്ക്കുകയാണ് അവർ ചെയ്തത്! (വാ. 4). ഇടമില്ല എന്നു പറഞ്ഞു പിന്തിരിയുന്നതിനു പകരം, അതിസാഹസകമായി, പക്ഷവാതക്കാരനായ അവരുടെ സുഹൃത്തിനെ അവർ യേശു സന്നിധിയിൽ എത്തിച്ചു! നമ്മുടെ വിശ്വാസത്തെയും വിശ്വാസ പ്രതികരണങ്ങളെയും പുന:പരിശോധിക്കാൻ നമ്മെ നിർബ്ബന്ധിക്കുന്ന വിശ്വാസവും പ്രവൃത്തിയുമാണ് അവർ കാഴ്ച വെച്ചത്.
പക്ഷവാതക്കാരൻ സൗഖ്യമായതിലാണു നാം അത്ഭുതം കാണുക? എന്നാൽ, പക്ഷവാതക്കാരൻ സൗഖ്യമായ അത്ഭുതത്തിന്റെ പുറകിലെ അത്ഭുതം കൂടി
കാണാൻ നമുക്കു കഴിയണം? “എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും” (സങ്കീ.18: 29) എന്നാണു സങ്കീർത്തകൻ പറയുന്നത്. ദൈവമെ, മതിൽ ചാടിക്കടക്കുന്ന, മേല്ക്കൂര പൊളിക്കുന്ന വിശ്വാസം ഞങ്ങൾക്കു തരണമെ എന്നു നമുക്കു പ്രാർത്ഥിക്കാം? നമുക്കു സൗഖ്യ മുഖാന്തരങ്ങളായി രൂപാന്തരപ്പെടാം? ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: അസാദ്ധ്യ കാര്യങ്ങളെ സാദ്ധ്യമാക്കുന്ന വിശ്വാസമാണ്, യഥാർത്ഥ
വിശ്വാസം!