മലങ്കര യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി മലങ്കര മെത്രാപ്പോലീത്തയും, നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ ഇന്ന് (2025 മാർച്ച് 25 ചൊവ്വാഴ്ച്ച) വാഴിക്കും. ഇന്ത്യൻ സമയം രാത്രി 8.30ന് ലബനോൻ തലസ്‌ഥാനമായ ബെയ്റൂട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയർക്കാ അരമന കത്തീഡ്രലിലാണ് ചടങ്ങുകൾ നടക്കുന്നത്.
വിശുദ്ധ കുർബ്ബാനമധ്യേയുള്ള ചടങ്ങുകൾക്ക് അകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കാർമികത്വം വഹിക്കും. യാക്കോബായ സഭയുടേതടക്കം സിറിയൻ ഓർത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാർ സഹകാർമികരാകും. മറ്റ് ഇതര ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരും, പ്രതിനിധികളും പങ്കെടുക്കും.
ആഗോള സുറിയാനി സഭയിലെ മുഴുവൻ മെത്രാപ്പോലീത്താമാരും, കോപ്റ്റിക് ഓർത്തഡോക്‌സ് സഭ, അർമേനിയൻ ഓർത്തഡോക്‌സ് സഭ, സിറിയൻ കാത്തോലിക്ക സഭ. അർമേനിയൻ കത്തോലിക്ക സഭ, കൽദായ സുറിയനി സഭ തുടങ്ങി വിവിധ ക്രൈസ്‌തവ സഭാ മേലദ്ധ്യക്ഷന്മാർ പങ്കെടുക്കും.
കേരളത്തിൽ നിന്നും മലങ്കര കത്തോ ലിക്ക സഭായുടെ തലവനായ കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവാ, മാർത്തോമ സഭയെ പ്രതിനിധീകരിച്ച് ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, മറ്റ് സഭാ പ്രതിനിധികൾ, സഭാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
ലെബനോൻ പ്രസിഡൻ്റ് ശ്രീ. ജോസഫ് ഖലീൽ അവോം, വിവിധ രാജ്യങ്ങളിലെ അംബാസിഡർമാർ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ പ്രതിനിധി സംഘം എന്നിവരും ഈ അനുഗ്രഹീത ചടങ്ങിൽ സംബന്ധിക്കും.
ബഹു.. കേരള ഗവൺമെന്റിന്റെ പ്രതിനിധികളായി കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിയോഗിച്ച നിയമവകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നയിക്കുന്ന ഏഴംഗ സംഘവും പങ്കെടുക്കും.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ആയിരക്കണക്കിന് വിശ്വാസികളും, വൈദീകരും ശ്രേഷ്ഠ കതോലിക്കാ വാഴ്ച ചടങ്ങുകൾ ദർശിക്കാനായി ബെയ്റൂട്ടിൽ എത്തിച്ചേരും.
മാർച്ച് 30-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.15 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന നവാഭിഷിക്ത ശ്രേഷ്ഠ കാതോലിക്കാ ബാവായെ സഭയിലെ മെത്രാമപ്പാലീത്താമാരും. സഭാ ഭാരവാഹികളും, ചേർന്ന് സ്വീകരിക്കും. തുടർന്ന് അനേകം വാഹനങ്ങളുടെ അകമ്പടിയോടു കൂടി പുത്തൻകുരിശ് പാത്രിയർക്കാസെൻ്ററിലേക്ക് ആനയിക്കും. മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന തൻ്റെ മുൻഗാമി ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ പ്രാർത്ഥനകൾ നടത്തും.
അതിനുശേഷം പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായി മലങ്കരയിൽ എത്തുന്ന ബേയ്‌റൂട്ടിൻ്റെ ആർച്ച് ബിഷപ്പ് മോർ ഡാനിയേൽ ക്ലിമീസ് മെത്രാപ്പോലീത്തായുടേയും, ഹോംസിൻ്റെ ആർച്ച് ബിഷപ്പ് മോർ തീമോത്തിയോസ് മത്താ അൽഖുറിയുടേയും നേതൃത്വത്തിലും, മലങ്കരയിലെ എല്ലാ സുറിയാനി സഭാ മെത്രാപ്പോലീത്താമാരുടെയും കാർമ്മികത്വത്തിലും സ്ഥാനാരോഹണ ശുശ്രൂഷ (സുന്ത്രോണീസോ) നടക്കും.
വൈകീട്ട് 4.30 ന് ബസ്സേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കുന്ന അനുമോദന സമ്മേളനം ബഹു. കേരള ഗവർണർ ആദരണീയനായ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക നേതാക്കന്മാരും വിവിധ മതമേലദ്ധ്യക്ഷന്മാരും പങ്കെടുക്കും.
ആശംസകൾ,

