Logo Below Image
Sunday, April 6, 2025
Logo Below Image
Homeഅമേരിക്കശുഭചിന്ത - (108) പ്രകാശഗോപുരങ്ങൾ - (84) ' സത്യം ' ...

ശുഭചിന്ത – (108) പ്രകാശഗോപുരങ്ങൾ – (84) ‘ സത്യം ‘ ✍പി.എം.എൻ.നമ്പൂതിരി.

പി.എം.എൻ.നമ്പൂതിരി.

ഓം അസതോ മാ സദ് ഗമയ

തമസോ മാ ജ്യോതിർഗ്ഗമയ

മൃത്യോർമാമൃതം ഗമയ

ഓം ശാന്തി: ശാന്തി: ശാന്തി:

ബൃഹദാരണ്യകോപനിഷത്തിലെ ഒരു ശാന്തി മന്ത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. “”അസത്തിൽ നിന്നും – സത്യമല്ലാത്തതിൽനിന്നും, മാം- എന്നെ, സത്തിലേയ്ക്ക് – ബ്രഹ്മത്തിലേയ്ക്ക് നയിക്കേണമേ! തമസോ മാ ജ്യോതിർഗമയ – ഇരുട്ടിൽനിന്നും എന്നെ വെളിച്ചത്തിലേയ്ക്ക് നയിക്കേണമേ! മൃത്യോർമാ അമൃതം ഗമയ – മൃത്യുവിൽനിന്നും എന്നെ അമരത്വത്തിലേയ്ക്കു നയിക്കേണമേ!

എന്നാൽ ഒരു കാര്യം മനസ്സിലാക്കുക “ഈ പ്രപഞ്ചം സത്യമല്ല. ബ്രഹ്മം മാത്രമാണ് സത്യം.”” ബ്രഹ്മസത്യം ജഗന്മിഥ്യ ” എന്ന് ശങ്കരാചാര്യരും പറഞ്ഞിട്ടുണ്ട്. നമുക്ക് ചുറ്റും കാണുന്ന ഈ ലോകം സത്യമല്ലെന്നോ?. സത്യം എന്നതിൻ്റെ നിർവ്വചനത്തിലാണ് കുഴപ്പം. സത്യം എന്നാൽ കള്ളം പറയാതിരിക്കലല്ല. ഇന്നലെ ഉണ്ടായിരുന്നതും ഇന്നുള്ളതും നാളെയും ഉണ്ടായിരിക്കുന്നതുമാണ് സത്യമെന്ന് വേദാന്തം പറയുന്നുണ്ട്. പഞ്ചേന്ദ്രിയങ്ങൾ വഴി നാം അനുഭവിച്ചറിയുന്ന തൊന്നും സത്യമല്ല. നാം കാണുന്നതും കേൾക്കുന്നതുമായ യാതൊന്നും യഥാർത്ഥമല്ല. നമ്മുടെ കണ്ണുകൊണ്ട് കാണുന്നതെല്ലാം സത്യമല്ല. യഥാർത്ഥത്തിൽ മറ്റൊന്നാണ്. പ്രകാശരശ്മികളിൽ വയലറ്റുമുതൽ ചുവപ്പുവരെയുള്ള തരംഗങ്ങൾക്കുമാത്രമേ നമ്മുടെ നേത്ര പടലങ്ങളെ ഉദ്ദീപിപ്പിക്കാൻ കഴിയുകയുള്ളൂ. നമ്മുടെ മുജ്ജന്മത്തെയും വരാനിരിക്കുന്ന ജന്മത്തെപ്പറ്റിയും നാം അറിയാത്തതുപോലെ ഒരു പ്രിസം സ്പെക്ട്രത്തിൽ VIBGYOR ൻ്റെ രണ്ടു വശത്തും കാണാൻ കഴിയാത്ത രശ്മികളുണ്ട്. ഇവയേയും കൂടി നമ്മുടെ കണ്ണുകൾക്ക് പിടിച്ചെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ നാം കാണുന്ന ഈ വർണ്ണ പ്രപഞ്ചം മറ്റെന്തോ ആകുമായിരുന്നു. തുണിക്കടയിലെ മെർക്കുറി ലൈറ്റിൽ തിരഞ്ഞെടുക്കുന്ന സാരിയുടെ നിറം വെളിയിൽ സൂര്യപ്രകാശത്തിൽ, മാറിയതായി നാം കാണുന്നില്ലേ? ഒരു പുതിയ ബ്ലേഡിൻ്റെ വായ്ത്തല നേർവരയിലാണെന്നു നമുക്ക് തോന്നുന്നു. പക്ഷെ അൾട്രാവയലറ്റ് രശ്മിയിൽ നോക്കിയാൽ അതിന് അറക്കവാൾപോലെ പല്ലുകൾ ഉള്ളതായി ബോദ്ധ്യപ്പെടും. ഒരു മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഈ വക്രത കൂടുതൽ തെളിഞ്ഞു കാണാൻ കഴിയും. ഒരു തീപ്പന്തമെടുത്തു വേഗത്തിൽ ചുഴറ്റിയാൽ ഒരു അഗ്നിവൃത്തം നമുക്ക് കാണാൻ കഴിയുന്നു. യഥാർത്ഥത്തിൽ ഒരു സമയത്ത് പന്തവും തീയും ഒരു സ്ഥാനത്തു മാത്രമേ ഉണ്ടാവൂ എന്ന് നമുക്കറിയാം. അപ്പോൾ തീപ്പന്തം സത്യവും വൃത്തം മായികവുമാണ്.

“” അപാരസുന്ദര നീലാകാശം” ഇത് വെറും ഒരു കവി ഭാവനയല്ല. അതുപോലെ സമുദ്രത്തിൻ്റെ അഗാധനീലിമയും നമുക്ക് പരിചിതമാണ്. ഇതു രണ്ടും മായികമാണ്. വെള്ളം കൈയ്യിൽ കോരിയാൽ നീലിമ അപ്രത്യക്ഷമാകുന്നത് നമുക്ക് അനുഭവമല്ലേ. അപ്പോൾ കാണാൻ പറ്റാത്തതൊന്നും വിശ്വസിക്കില്ലെന്ന് പറയുന്നവർ വിഡ്ഢികളല്ലേ? കാരണം പ്രകൃതിയിലും പ്രപഞ്ചത്തിലും നിഗൂഢമായി പ്രവർത്തിക്കുന്ന പലതും നമ്മുടെ കണ്ണുകൾക്ക് കണ്ടെത്താൻ കഴിയാത്തവയാണ്. വിദ്യുച്ഛക്തിയും കാറ്റും ഇതിനു ശരിയായ ഉദാഹരണങ്ങളാണ്. “അപ്പോൾ കണ്ടതൊന്നും ഉള്ളതല്ല. ഉള്ളതൊന്നും കണ്ടതില്ല “ എന്ന കടംകഥ പോലുള്ള വാക്യം ഒരു മഹാസത്യത്തെയാണ് വെളിപ്പെടുത്തുന്നത്. നാം നമ്മെക്കുറിച്ച് മറ്റുള്ളവരിൽ ഉളവാക്കുന്ന അഭിപ്രായവും ജനിപ്പിക്കുന്ന പ്രതീതിയും പൂർണ്ണമായും സത്യസന്ധമാണോ എന്ന് സ്വയം പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും അല്ലന്ന്.

ആകർഷിക്കുന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായ കാഴ്ചകൾക്കു പിന്നിൽ വൈകൃതങ്ങളും വൈര്യൂപ്യങ്ങളും ഉണ്ടാകും. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴമൊഴി ഈ സത്യത്തിൻ്റെ വെളിച്ചത്തിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. ഒരേ വസ്തുവിനെ പത്തുപേർ പത്തു തരത്തിലാണ് കാണുന്നത്. ഒരു പശുവിനെ ഒരു കൃഷിക്കാരൻ കണ്ടാൽ വിചാരിക്കുക നല്ല ഐശ്വര്യമുള്ള പശു എന്നാണ്. നന്നായി തീറ്റ കൊടുത്താൽ പാലു കിട്ടുമെന്നും വിചാരിക്കുന്നു. എന്നാൽ ഒരു ഇറച്ചിവെട്ടുകാരനു കിട്ടിയാൽ അയാൾ വിചാരിക്കുകസുമാർ 200 കിലോ ഇറച്ചി കിട്ടുമെന്നാണ്. അതായാത് ഒരു കാഴ്ചയിലും യഥാർത്ഥമുഖമല്ല നാം കാണുന്നത്.നാം കേൾക്കുന്ന സത്യത്തിലും ഇതേ അവസ്ഥയുണ്ട്. നമ്മുടെ ചെവികൾക്ക് സെക്കൻഡിൽ 20-നും 20,000-ത്തിനുമിടയ്ക്കുള്ള ശബ്ദദോലനങ്ങളെ മാത്രമേ പിടിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അപ്പറവും ഇപ്പുറവും ഉള്ളവ കൂടി ചെവി യെ ഉ

ദ്ദീപിപ്പിച്ചിരുന്നുവെങ്കിൽ ശബ്ദപ്രപഞ്ചവും മറ്റൊന്നാകുമായിരുന്നു. ചുരുക്കത്തിൽ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ നമ്മെ വഞ്ചിക്കുകയാണെന്ന്‌ പറയാം. നാം കാണുന്ന നേരുകളിൽ സത്യമായത് വളരെ കുറച്ചു മാത്രം.

അടുത്തതായി ഇരുട്ടിൽ നിന്നും പ്രകാശത്തിലേയ്ക്ക് നയിക്കേണമേ എന്നും പ്രാർത്ഥിക്കുന്നു. പ്രകാശം അറിവിൻ്റെയും അന്ധകാരം അജ്ഞാനത്തിൻ്റെയും പ്രതീകമാണ്. മംഗളകർമ്മങ്ങൾക്ക് നിലവിളക്കു കൊളുത്തുന്നതിൻ്റെ പിറകിലുള്ള തത്ത്വമിതാണ്. ജഗദീശ്വരനാണ് അറിവിൻ്റെ ഉറവിടം. ദീപത്തെ ദൈവമായി സങ്കല്പിച്ചു നാം വന്ദിക്കുന്നു. ബാഹ്യസമ്പത്തു നേടാനുള്ള അകത്തെ സ്വത്താണ് അറിവ്.

മൂന്നാമത്തെ പ്രാർത്ഥന, മൃതമാകുന്ന അതായത് നശിക്കുന്ന, ഈ ശരീരത്തിൽ ആസക്തിയുണ്ടാക്കാതെ, അമരമായ അതായത് ഒരിക്കലും നശിക്കാത്ത ആത്മാവിനെ ഓർക്കാൻ എനിക്ക് കഴിവു തരണേ ! എന്നാണ്.

ത്രിവിധ താപങ്ങളിൽനിന്നും ശാന്തിതേടിക്കൊണ്ടാണ് ഈ മന്ത്രം അവസാനിക്കുന്നത്. അതു മാത്രമാണ് സത്യം എന്നും മനസ്സിലാക്കിത്തരുന്നു.

പി.എം.എൻ. നമ്പൂതിരി.

RELATED ARTICLES

10 COMMENTS

  1. അഭിപ്രായം പറഞ്ഞ ജയക്കും അരവിന്ദനും നന്ദി അറിയിക്കുന്നു.

  2. ഗുരുജിസത്യത്തെ കുറിച്ചു ഭംഗിയായി പറഞ്ഞു. നമ്മുടെ പരിമിതികൾ മനസ്സിലാക്കിയാൽ ശാസ്ത്രീയമായ നേട്ടങ്ങൾ അതായത് നമ്മൾ വളരെയധികം പുരോഗമിച്ചു എന്ന അഹങ്കാരവും മിഥ്യ തന്നെയല്ലേ. നന്ദി ഗുരുജി. നമസ്ക്കാരം

  3. അഭിപ്രായം പറഞ്ഞ സരോജിനി ,ഷീഫ , സാജി ,ജിഷ , മേരി ജോസി എന്നിവർക്ക് എൻ്റെ സന്തോഷം അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments