ഭാരതീയരുടെ സമയനിഷ്ഠയില്ലായ്മ പരക്കെ പറയപ്പെടുന്ന സംഗതിയാണ്. ഇവിടെ മിക്കവരും കയ്യിൽ വാച്ച് ധരിച്ചിട്ടുള്ളവരാണ്. കൂടാതെ എല്ലാ വീടുകളിലും, പൊതുസ്ഥലങ്ങളിലും ക്ലോക്കുകൾ ഉണ്ട്. മാത്രമല എല്ലാവരുടെ കൈയ്യിലുമുണ്ട് സ്മാർട്ട് ഫോണുകൾ. ഇതിനുപുറമെ സമയം അറിയാൻ പല സംവിധാനങ്ങൻ വേറെയുമുണ്ട്. എന്നിട്ടും ആരും തന്നെ സമയനിഷ്ഠ പാലിക്കുന്നില്ല. ഇവിടെയുള്ളവർ വാച്ച് ധരിക്കുന്നത് വെറും അലങ്കാരത്തിനു വേണ്ടിയോ അവസ്ഥയ്ക്ക് വേണ്ടിയോ മാത്രമാണ്. ഒന്നു മനസ്സിലാക്കുക! ഈ അവസ്ഥയിൽ തന്നെ നാം മുന്നോട്ടു പോവുകയാണെങ്കിൽ, സമൂഹത്തിനും രാജ്യത്തിനും കാര്യമായ പുരോഗതി കൈവരിയ്ക്കാൻ സാധിക്കുകയില്ല. ശരവേഗത്തിൽ പുരോഗതിയിലേയ്ക്ക് കുതിച്ചു പായുന്ന പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം നമുക്ക് തലയുയർത്തി നിൽക്കണമെങ്കിൽ നമുക്ക് ലഭ്യമായ സമയത്തെ നന്നായി ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
“സമയമൊഴിച്ച് യാതൊന്നും നമ്മുടേതായിട്ടില്ല” എന്ന് പ്രസിദ്ധ റോമൻ തത്ത്വചിന്തകനായ സെനെക്ക പറഞ്ഞിട്ടുണ്ട്. സമയം വളരെ അമൂല്യമായ ഒന്നാണെന്ന് സെനെക്കയുടെ വാക്കുകൾ വ്യക്തമാക്കുന്നു. ഇത്രമാത്രം വിലപ്പെട്ട സമയത്തെ എന്ത് ത്യാഗം സഹിച്ചിട്ടാണെങ്കിലും നിയന്ത്രിച്ചേ പറ്റൂ. സമയത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ പല കാര്യങ്ങളും നാം അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടതായിട്ടുമുണ്ട്. സമയത്തെ നിയന്ത്രിക്കാൻ ആത്മാർത്ഥമായ പരിശ്രമം ഏറ്റവും അത്യാവശ്യമാണ്. മിനിറ്റുകളും സെക്കൻഡുകളുമായിട്ടാണ് നമ്മുടെ സമയത്തിൽ ഏറിയ പങ്കും നഷ്ടപ്പെടുന്നത്. ചെറിയ നിമിഷങ്ങളും വിലപ്പെട്ടതാണെന്ന കാര്യത്തിൽ സംശയം വേണ്ട. സമയത്തെ കാര്യക്ഷമമായി നിയന്ത്രിക്കുവാനും, ഏറ്റവും മികച്ചരീതിയിൽ ഉപയോഗപ്പെടുത്തുവാനും, പഠിച്ചാൽ മാത്രമേ ജീവിതവിജയം നേടാനും, നേട്ടങ്ങൾ കൈവരിക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. സമയത്തെ നിയന്ത്രിക്കുവാൻ സഹായകമായ ചില പ്രധാനപ്പെട്ട മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.
ലക്ഷ്യബോധം.
ജിവിതത്തിൽ നമുക്ക് ലഭിച്ചിരിക്കുന്ന സമയം കൊണ്ട് എന്താണ് നേടിയെടുക്കേണ്ടത് എന്ന വ്യക്തമായ ലക്ഷ്യബോധം നമുക്ക് ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ ലഭ്യമായിട്ടുള്ള സമയം അങ്ങേയറ്റം പ്രയോജനകരമായി ചിലവഴിക്കാൻ നമുക്ക് സാധിയ്ക്കുകയുള്ളൂ. സമയത്തെ ലക്ഷ്യബോധത്തോടെ കൈകാര്യം ചെയ്യുമ്പോൾ അത് നമ്മുടെ ജീവിതത്തെ ആയാസരഹിതമാക്കുന്നു. നല്ലൊരു ജീവിതലക്ഷ്യം രൂപപ്പെടുത്തിയെടുക്കുവാൻ ജീവിതത്തെ ക്കുറിച്ച് സമഗ്രമായൊരു വീക്ഷണം നമുക്ക് ഉണ്ടായിരിക്കണം. ജീവിത ലക്ഷ്യം നേടുവാൻ സമയത്തെ വേണ്ടവിധം നിയന്ത്രിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നുമില്ല. കൂടുതൽ നേട്ടങ്ങൾ നേടുക എന്നതായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം. ഉന്നതമായ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് സമയത്തെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയാണെങ്കിൽ നമുക്ക് നേട്ടങ്ങളുടെ കൊടുമുടി കീഴടക്കാൻ സാധിക്കും. വിജയത്തിനു വേണ്ടി പ്രവർത്തിക്കുവാൻ തുടങ്ങുന്നതിനു മുമ്പ് വ്യക്തമായൊരു ലക്ഷ്യം രൂപീകരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. ലക്ഷ്യമില്ലെങ്കിൽ ശരിയായ വിധത്തിൽ മുന്നോട്ട് പോകാൻ സാധിക്കുകയില്ല. നമ്മുടെ ജീവിതലക്ഷ്യം എന്താണെന്ന് അറിഞ്ഞിരിക്കുകയാണെങ്കിൽ അനാവശ്യമായി സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും. നമ്മുടെ ലക്ഷ്യം ഏതു തരത്തിൽപ്പെട്ടതാണെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ നിശ്ചിത മാർഗ്ഗത്തിലൂടെ പ്രവർത്തിച്ചു മുന്നേറുകയാണ് വേണ്ടത്. ഹ്രസ്വകാലത്തേയ്ക്കും ദീർഘകാലത്തേയ്ക്കുമുള്ള ലക്ഷ്യങ്ങൾ നമുക്കുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ആസൂത്രണം
നമുക്ക് ലഭ്യമായിട്ടുള്ള സമയം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തണമെങ്കിൽ, നമ്മുടെ സമയത്തെ നന്നായി ആസൂത്രണം ചെയ്തേ മതിയാകൂ. ഒരു ദിവസം നമുക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കുവാനുണ്ടാകാം. ഇതിൽ എല്ലാം തന്നെ തുല്ല്യപ്രാധാന്യമുള്ളതായിരിക്കുകയില്ല. അവിടെയാണ് ആസൂത്രണത്തിൻ്റെ പ്രാധാന്യം വരുന്നത്. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുമ്പ്, അടുത്ത ദിവസം ചെയ്യാനുള്ള കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യുകയും പിറ്റേ ദിവസം അതു അനുസരിച്ച് പ്രവർത്തിക്കുകയും വേണം. ഉറങ്ങാൻ പോകുന്നതിനു മുമ്പ് പദ്ധതി തയ്യാറാക്കാൻ സാധിച്ചില്ലെങ്കിൽതന്നെ, ഓരോ ദിവസവും പ്രഭാതത്തിൽ അന്നു ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും പ്ലാൻ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. മുൻകൂട്ടി പ്ലാൻ ചെയ്യുന്നതു വഴി പലതരത്തിലുള്ള ആശയകുഴപ്പങ്ങൾ ഒഴിവാക്കുവാനും സമയം ലാഭിക്കുവാനും നമുക്ക് സാധിയ്ക്കും. എല്ലാ കാര്യങ്ങളും ഒരേ ദിവസം തന്നെ ചെയ്തു തീർക്കുവാൻ ശ്രമിക്കാതെ, പ്രധാനപ്പെട്ട കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ കൊടുക്കുകയും അവ ചെയ്തു തീർക്കുകയുമാണ് വേണ്ടത്.
ഏകാഗ്രത
സമയാധിഷ്ഠിത പരിപാടികളുമായി നാം മുന്നോട്ടു പോകുമ്പോൾ പ്രവർത്തിയിൽ പൂർണ്ണമായി ശ്രദ്ധിക്കുവാനുള്ള കഴിവ് നമുക്കു ണ്ടാകുന്നു. ഇതു മൂലം നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നമ്മുടെ കഴിവ് അനേക മടങ്ങ് വർദ്ധിക്കുകയും ചെയ്യും. നാം ഒരു പ്രവർത്തി ചെയ്യുമ്പോൾ മുഴുവൻ ശ്രദ്ധയും അതിൽ തന്നെ കേന്ദ്രീകരിച്ചു കൊണ്ട് ചെയ്യണം. മനസ്സ് പല ദിശകളിലേയ്ക്കും പതറി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇത് ഏകാഗ്രതയ്ക്ക് തടസ്സമാകും. ചെയ്യുന്ന ജോലി അവസാനിപ്പിക്കുവാൻ കൂടുതൽ സമയം വേണ്ടിവരുകയും, സമയനഷ്ടം സംഭവിയ്ക്കുകയും ചെയ്യും. തുടർച്ചയായി എത്ര സമയം ചിലവഴിച്ചു എന്നതിലല്ല കര്യം; മറിച്ച് ഏകാഗ്രതയോടും ശ്രദ്ധയോടും കൂടി എത്ര സമയം ചിലവഴിക്കാൻ നമുക്ക് സാധിച്ചു എന്നതാണ് ഏറ്റവും പ്രധാനം. പഠിക്കുന്ന വിദ്യാർത്ഥികൾ ഏകാഗ്രതയോടെ പഠനകാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം.
ലക്ഷ്യത്തെ വിഭജിക്കുക .
ലക്ഷ്യത്തെ പലതായി വിഭജിക്കുന്നതുവഴി നമുക്കതിനെ എളുപ്പം കൈകാര്യം ചെയ്യുവാനും, കാര്യക്ഷമയായി ചെയ്തു തീർക്കുവാനും കഴിയും. ആദ്യം ലക്ഷ്യം തീരുമാനിക്കുകയും, പിന്നീട് അതിനെ പലതായി വിഭജിക്കുകയും ചെയ്തു കഴിഞ്ഞാൽ, പിന്നെയുള്ള ഓരോ നിമിഷവും അതിലേയ്ക്കുള്ള പ്രയാണമാണ്. ലക്ഷ്യത്തെ വിഭജിക്കാതെ നാം അതിനെ വീക്ഷിക്കുമ്പോൾ അത് വളരെ ഭാരിച്ചതായി നമുക്ക് തോന്നിയേക്കാം. അത് നമ്മെ നിരുത്സാഹപ്പെടുത്തുകയും, നമ്മളിൽ ഭയം ജനിപ്പിക്കുകയും നാം ലക്ഷ്യത്തിൽ നിന്ന് പിൻമാറുവാൻ പ്രേരിതരാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് ലക്ഷ്യത്തെ പലതായി വിഭജിച്ച് ചെയ്തു തീർക്കണമെന്ന് പറയുന്നത്. വളരെ വലിയ കാര്യങ്ങൾ ചെറിയ ഘടകങ്ങളായി വിഭജിച്ച് ചെയ്യുമ്പോൾ അവ എളുപ്പത്തിൽ ചെയ്തു തീർക്കുവാൻ നമുക്ക് സാധിയ്ക്കുന്നു എന്നതാണ് വാസ്തവം. വളരെ മഹത്തരമായ കാര്യങ്ങൾപോലും ഇതുപോലെ നമുക്ക് നിഷ്പ്രയാസം ചെയ്തു തീർക്കുവാൻ നമുക്ക് കഴിയും.
(തുടരും)




👍
വളരെ ഉപയോഗപ്രദമായ അറിവ് ഗുരുജി. സമയം എങ്ങിനെ വിനിയോഗിക്കണമെന്നും അതിനു ലക്ഷ്യബോധവും പ്ലാനും അതിനനുസരിച്ച് ഏകാഗ്രതയോടെ പ്രവർത്തിക്കണമെന്നും ഭംഗിയായി പറഞ്ഞു. നന്ദി ഗുരുജി. നമസ്ക്കാരം
Saji thank you 🙏1
സരോജിനി ! അഭിപ്രായം വളരെ ഇഷ്ടപ്പെട്ടു. 🙏🙏🙏