( Science and religion are not contradictory, but complementary )
ശാസ്ത്രവും മതവും പരസ്പര വിരുദ്ധങ്ങളല്ല. പ്രത്യുത പരസ്പര പൂരകങ്ങളാണ്. സ്വാമി രംഗനാഥാനന്ദജി പറഞ്ഞിട്ടുള്ളത്: “” ഭൗതിക ശാസ്ത്രം അവസാനിക്കുന്നിടത്ത് ആത്മീയശാസ്ത്രം ( Meta physics) ആരംഭിക്കുന്നു എന്നാണ്. ആത്മീയ ഭൗതികശാസ്ത്രങ്ങൾ തമ്മിൽ എന്താണ് വിത്യാസം? ഭൗതികശാസ്ത്രം ബാഹ്യപ്രപഞ്ചത്തെപ്പറ്റി പഠിപ്പിക്കുന്നു. ഏറ്റവും ചെറിയ അണുമുതൽ ഏറ്റവും വലിയ സൗരയൂഥം വരെ ഇതിൽ ഉൾപ്പെടും. ആ വൈവിദ്ധ്യത്തിലെ ഏകത്വം വെളിപ്പെടുത്തുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ, നാം നിവസിക്കുന്ന സൗരയൂഥത്തിൽ സൂര്യനെ കേന്ദ്രമാക്കി അനവധി ഗോളങ്ങൾ വലം വെയ്ക്കുന്നുണ്ട്.ഒരു നിശ്ചിതവേഗത്തിൽ ഒരു നിശ്ചിതപഥങ്ങളിൽ കൂടിയാണെന്നു മാത്രം. ഇതിനുള്ള ഊർജ്ജം പരസ്പരാകർഷണം എന്ന പ്രകൃതിശക്തി നൽകുന്നു. അതുതന്നെയാണ് ഒരു അണുവിൻ്റെ ഘടനയിലും കാണുന്നത്. ന്യൂക്ലിയസ്സിനു ചുറ്റും നിശ്ചിത വേഗത്തിൽ നിശ്ചിത പഥങ്ങളിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണുകൾ. അവിടെയും പരസ്പരാകർഷണ ഊർജ്ജം തന്നെയാണ് കറക്കത്തിനുപയോഗിക്കുന്നത്. അത് കൊണ്ടാണ് സ്വാമി വിവേകാനന്ദൻ പറഞ്ഞത് “ The biggest is reflected in the smallest എന്ന്.
അത്മീയശാസ്ത്രമാകട്ടെ ബാഹ്യപ്രപഞ്ചത്തെക്കാൾ സങ്കീർണ്ണമായ, നമ്മുടെ ഉള്ളിലുള്ള, മറ്റൊരു പ്രപഞ്ചത്തെപ്പറ്റിയാണ് പഠിപ്പിക്കുന്നത്. അതായത് നമ്മുടെ ഉള്ളിലുള്ള ആത്മാവിനെപ്പറ്റി. യാതൊന്നറിഞ്ഞാലാണോ ഇനി മറ്റൊന്നും അറിയേണ്ടാത്തത് ആ അറിവാണ് ആത്മജ്ഞാനം.ഇതിനെ പരാവിദ്യ എന്നും ബാഹ്യപ്രപഞ്ചത്തെപ്പറ്റി പഠിക്കുന്ന ശാസ്ത്രത്തിന് അപരാ വിദ്യ എന്നും പറയുന്നു. നാം സ്കൂളിലും കോളജിലും പഠിക്കുന്ന ഭൗതികശാസ്ത്രം, രസതന്ത്രം, ജൈവശാസ്ത്രം, സാമൂഹ്യശാസ്ത്രം മുതലായവ ഇതിൽ പെടുന്നു.
മതം മാനവ സമൂഹത്തിൻ്റെ മൊത്തം ഉയർച്ചനേടാൻ പഠിപ്പിക്കുന്ന തത്ത്വശാസ്ത്രമാണ്. ശാന്തിയും സമാധാനവും നിറഞ്ഞ നല്ല ജീവിതം കാഴ്ചവെയ്ക്കാൻ അത് നമ്മെ പഠിപ്പിക്കുന്നു. സ്നേഹം, സത്യം, ധർമ്മം , സഹിഷ്ണുത, സഹാനുഭൂതി ഇവയെ ഒക്കെ ഉൾക്കൊള്ളാൻ പഠിപ്പിക്കുന്ന ശാസ്ത്രമാണിത്. ആധുനികശാസ്ത്രം നമ്മുടെ ഭൗതികസുഖം വർദ്ധിപ്പിക്കുന്നു. അത് നമ്മുടെ ശരീരത്തെപ്പറ്റിയും പ്രപഞ്ചപ്രതിഭാസങ്ങളെപ്പറ്റിയും പഠിപ്പിക്കുമ്പോൾ ആദ്ധ്യാത്മികശാസ്ത്രം ശരീരത്തിനുള്ളിലെ എന്നെപ്പറ്റി -അതായത് ആത്മാവിനെപ്പറ്റി പഠിപ്പിക്കുന്നു.
ആധുനികശാസ്ത്രവും സാങ്കേതികജ്ഞാനവും മനുഷ്യൻ്റെ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒന്നാംതരം രമ്യഹർമ്മ്യങ്ങൾ പണിയാനും റേഡിയോ, ടെലിവിഷൻ, ഫോൺ, കാർ എന്നിവ നൽകാനും അതിനു കഴിഞ്ഞു. സാമുഹ്യ പുരോഗതി എന്ന കാഴ്ചപ്പാടോടെ ഭരിക്കുന്ന ഗവൺമെൻ്റും മനുഷ്യൻ്റെ ജീവിത സൗകര്യങ്ങൾ ശാസ്ത്രത്തിൻ്റെ സഹായത്തോടെ വർദ്ധിപ്പിക്കാൻ ശ്രമിച്ചതോടെ നമുക്ക് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ആരോഗ്യരംഗത്തും വലിയ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചു. വീടുകൾക്ക് നാം “ശാന്തിനികുഞ്ജ് , സുഖനിവാസ് എന്നൊക്കെ പേരിടുന്നു. പക്ഷെ ആ കൊട്ടാരക്കെട്ടുകളിൽ പലതും ഇന്ന് വൻ കെട്ടിടങ്ങൾ മാത്രമാണ്. അവിടെ പാർക്കുന്നവർ തമ്മിൽ പരസ്പരം ആശയവിനിമയമില്ല. അവിടെയുള്ള ആളുകൾക്ക് സുഖമോ ശാന്തിയോ എന്താണെന്നറിയില്ല. അതുകൊണ്ട് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം കെട്ടിപ്പടുക്കുവാൻ മറ്റൊരു ശാസ്ത്രത്തിൻ്റെ അതായത് – ആത്മീയശാസ്ത്രത്തിൻ്റെ അറിവാണാവശ്യം. അതു കൊണ്ടാണ് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് “മതമില്ലാത്ത ശാസ്ത്രം അന്ധനും, ശാസ്ത്രമില്ലാത്ത മതം മുടന്തനുമാണെന്ന്. എന്നാൽ രണ്ടു പേരും ഒന്ന് ചേർന്ന് പങ്കാളികളായാൽ, – പരസ്പര പൂരകങ്ങളായി വർത്തിച്ചാൽ, വ്യക്തിയേയും മൊത്തം സമൂഹത്തേയും ശാന്തിയിലേയ്ക്ക് നയിക്കാൻ കഴിയും. അതായത് അന്ധൻ്റെ മുകളിൽ മുടന്തൻ കയറിയിരുന്ന് അയാളെ നേർവഴി നയിച്ചാൽ ലക്ഷ്യത്തിലെത്തും എന്ന് സാരം. ന്യൂട്ടൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട് “ശാസ്ത്രവും മതവും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ആരേങ്കിലും എന്നോട് ആവശ്യപ്പെട്ടാൽ ഞാൻ ആത്യന്തികസത്യമായ ജഗദീശ്വരനെ തീർച്ചയായും തിരഞ്ഞെടുക്കും എന്ന്.
ഇന്ന് ആത്മീയതയുടെ അഭാവത്തിലുള്ള ശാസ്ത്രീയ പുരോഗതിയാണ് നാം കാണുന്നത്. കൈവിരലുകൾ ചലിപ്പിച്ചാൽ അമേരിക്കയിലോ ഗൾഫ്നാടുകളിലോ ഉളളവരുമായി സംസാരിക്കാം. ആർക്കും സ്വന്തം വീട്ടിലിരുന്ന് ലോകത്തിലെ ഏതു കോണിലും നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കാം. പക്ഷെ, തൊട്ട് അയൽപക്കത്ത് നടക്കുന്ന സംഭവങ്ങൾ നാം അറിയുന്നില്ല. നമുക്കതറിയാൻ താല്പര്യവും ഇല്ല. അന്വേഷിക്കാൻ സമയവുമില്ല. നാം വേഗം പോരാ എന്ന് പറഞ്ഞ് ഓടുകയാണ് ഭൗതിക സുഖങ്ങൾ വാരിക്കൂട്ടാൻ. അയൽപക്കക്കാർക്കിടയിലെ മതിലിൻ്റെ ഉയരം കൂടി കൂടി വരുകയാണ്. ഓരോരുത്തരും അവരവരുടെതായ തുരുത്തുകളിൽ കഴിയുകയാണ്. ഓരോരുത്തരും ആൾക്കൂട്ടത്തിനിടയിൽ ഒറ്റയാന്മാരായി കഴിയുകയാണ്. ഞാനും എൻ്റെ കുടുംബവും മാത്രം മതി എന്ന ചിന്ത മാത്രമായി ജീവിതം നീക്കുകയാണ്. അണുകുടുംബം വന്നതോടെ വീണ്ടും അത് ഞാൻ എന്നതിലേയ്ക്ക് ജീവിതം ചുരുങ്ങി. ആർക്കും ആരോടും ബാദ്ധ്യതയില്ല. ധനം, അധികാരം, പദവി, സുഖസൗകര്യങ്ങൾ ഇവ കൂട്ടാനുള്ള മോഹം കൂലംകുത്തി പായുകയാണ്. നാം മോഹത്തിൻ്റെ പിടിയിൽ അമർന്നിരിക്കുകയാണ്. അതിയന്ത്രിതമായ മോഹം മാത്രം. പരസ്പരസ്നേഹവും വിശ്വാസവും ഇല്ലാതായി. മാറി മാറി വരുന്ന ഓരോ ദിവസവും നിമിഷവും മരണത്തോടു നമ്മെ അടുപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന സത്യം മോഹത്തിൻ്റെ ഈ കളികൾക്കിടയിൽ മനുഷ്യൻ അറിയുന്നില്ല. ഒഴുക്കിൽ പെട്ടൊഴുകുമ്പോൾ ഒഴുക്കിനെതിരെ കുതിച്ചു കയറാമെന്ന വ്യാമോഹം അവനെ വിഭ്രമിപ്പിക്കുന്നു. കാലത്തിനുനേരേ കണ്ണടച്ചു കൊണ്ട് മനുഷ്യൻ കാട്ടിക്കൂട്ടുന്ന വിക്രിയകൾ ചിന്താശക്കിയുള്ളവരെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ബുദ്ധിയുടെയും യുക്തിയുടെയും ഇക്കാലത്ത് ഹൃദയത്തിൻ്റെ ഭാഷ നമുക്ക് നഷ്ടമായിരിക്കുന്നു. ലൗകിക സമ്പത്ത് വർദ്ധിച്ചതോടെ ആത്മീയമായി ഉയരാനുള്ള സാധ്യത കുറഞ്ഞിരിക്കുന്നു. പണ്ട് വരുമാനം പരിമിതമായിരുന്നു.പക്ഷെ സംതൃപ്തി ഉണ്ടായിരുന്നു.അന്ന് സന്ധ്യക്ക് വിളക്കു കൊളുത്തുകയും കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. വിശുദ്ധഗ്രന്ഥങ്ങൾ പാരായണം ചെയ്തിരുന്നു. മറ്റുള്ളവരുടെ വീട്ടിൽ പോയി സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെടുവാനും മറ്റുള്ളവരെ സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും സന്തോഷമായിരുന്നു.എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നു.! എല്ലാവരുടേയും ബാങ്ക് ബാലൻസ് വർദ്ധിച്ചു. എന്തും വെട്ടിപ്പിടിക്കാനുള്ള ആവേശം മാത്രം. ആർക്കും പ്രാർത്ഥിക്കാൻ സമയമില്ല. അയൽബന്ധങ്ങൾ പാടേ നിലച്ചു. സൗഹൃദം വെറും ഒരു ചടങ്ങായി. ഭീകരസ്ഫോടനങ്ങൾ, വാഹന അപകടങ്ങൾ . ചോര പുരണ്ട വാർത്തകളുമായി എന്നും പ്രഭാതത്തിൽ ദിനപത്രങ്ങളെത്തുന്നു. ധനത്തിനും പ്രതാപത്തിനും നൽകാൻ കഴിയാത്ത ഒന്നിനു വേണ്ടിയുള്ള ദാഹം അവശേഷിക്കുന്നു. ആർക്കും സന്തുഷ്ടിയില്ല. ഒരു നഷ്ടബോധം മാത്രം.ഹൃദയത്തിൽ ശൂന്യതാ ബോധം. ഇതിനെല്ലാം കാരണം ആത്മീയതയോടുള്ള അവഗണനയാണ്.
ഐൻസ്റ്റീൻ മറ്റൊരവസരത്തിൽ പറയുകയുണ്ടായി: ” നമുക്ക് ഇന്ന് പ്ലൂട്ടോണിയം സംസ്ക്കരച്ചു ശുദ്ധീകരിക്കാനറിയാം.എന്നാൽ മനുഷ്യമനസ്സിനെ ശുദ്ധീകരിക്കുന്ന ഒരു ശാസ്ത്രം കണ്ടെത്തേണ്ടിയിരിക്കുന്നു” എന്ന്.
നല്ല അറിവ്
മനോഹരം
അതെ ഗുരുജി . മതവും ശാസ്ത്രവും രണ്ടു തന്നെ ‘പരാവിദ്യയും അപരാവിദ്യയും മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കാൻ ഉള്ള ശാസ്ത്രം ഋഷിമാർ തങ്ങളുടെ അനുഭവങ്ങളിലൂടെ പഠിച്ച് നമുക്ക് വേണ്ടി രചിക്കപ്പെട്ട വേദങ്ങളും പുരാണങ്ങളും തന്നെ ‘ഭഗവദ്ഗീത പോലെയുള്ള ഗ്രന്ഥങ്ങൾ തന്നെ. നന്ദി ഗുരുജി . നമസ്ക്കാരം.
അരവിന്ദനും , ശൈമാശങ്കർക്കും , സരോജിനിക്കും നന്ദിയുണ്ട്.