പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന, ആത്മസ്വരൂപനായ ഈശ്വരനെ തേടി, വളരെ ദൂരെയുള്ള സ്ഥലത്തേക്ക് പോകണമെന്നും, അതിനായി വളരെ സമയം യാത്ര ചെയ്യണമെന്നുമാണ് പലരുടെയും ധാരണ.
അതുകൊണ്ടാണ് ഈശ്വരനെ തേടി പല ഇടങ്ങളിലേക്കും യാത്ര ചെയ്യുന്നത്. എന്നാൽ ഒരിടത്തുനിന്നും ആത്മ സംതൃപ്തി ലഭിക്കാതെ പിന്നെയും യാത്രകളിലാണ്. കാര്യസാദ്ധ്യതകൾക്കു വേണ്ടിണ് ഈശ്വരനെ അന്വേഷിക്കുന്നതെങ്കിൽ നിങ്ങളെ വലവീശി പിടിക്കാൻ ഇരിക്കുന്നിടത്തേക്ക്
പോകാം.
ആത്മാർത്ഥമായിട്ടാണ് നിങ്ങൾ ഈശ്വരനെ അന്വേഷിക്കുന്നതെങ്കിൽ , അതിനായിട്ടുള്ള പാത ഈശ്വരൻ ഒരുക്കി തരും.
പ്രകൃതി ഉണരുന്നതിനു മുമ്പ് അത്യാവശ്യം ശുദ്ധി വരുത്തി , പൂർണ്ണ വിശ്വാസത്തോടെ, ആഗ്രഹത്തോടെ, ഈശ്വരനിൽ പൂർണമായി സമർപ്പിച്ചു കൊണ്ടും, ആശ്രയിച്ചുകൊണ്ടും, കണ്ണുകൾ അടച്ച് ധ്യാനിക്കാനിരിക്കുക. ഈശ്വര സാക്ഷാത്കാരം നേടുക എന്ന ലക്ഷ്യബോധത്തോടെ ആയിരിക്കണം ധ്യാനിക്കാൻ ഇരിക്കാൻ. ഒന്നും ചിന്തിക്കാതെ ഏകാഗ്ര മനസ്സോടെ ആയിരിക്കണം ധ്യാനിക്കാൻ . ഈശ്വരൻ മാത്രമേ ഉള്ളൂ, നമ്മൾക്ക് ഈ ലോകത്ത് ശാശ്വതമായി ആശ്രയിക്കാൻ എന്ന ബോധ്യം വേണം. ഈശ്വരനിൽ പൂർണമായി വഴങ്ങികൊണ്ടു വേണം ധ്യാനിക്കാൻ. പുറത്തുള്ള ഒന്നിനെയും ശ്രദ്ധിക്കാതെ, ഭക്തിയോടെ, മനസ്സ് നിശ്ചലമാക്കി ഇരിക്കുക.
ഈശ്വരനിൽ എന്നെ മുഴുവനായി സമർപ്പിക്കുന്നു, ഈശ്വരന്റെ സ്നേഹം എന്നിൽ നിറയട്ടെ, എന്ന് തുടങ്ങിയതും, മനസ്സിൽ രൂപപ്പെടുന്ന മറ്റു ജപങ്ങളും ഇടയ്ക്ക് വല്ലപ്പോഴും ഉരുവിടാവുന്നതാണ്.
ഇതുവരെ ആചരിച്ചുവന്നിരുന്ന, വിശ്വാസങ്ങളുടെ പ്രതിരൂപങ്ങളിൽ ശ്രദ്ധിച്ചിരുന്നാൽ വീണ്ടും അതിന്റെ അടിമയായി തീരും. മനസ്സിനെ ശൂന്യമാക്കി വേണം ഇരിക്കാൻ.
ഭയത്തോടെയൊ, അതിരുവിട്ട ബഹുമാനത്തോടെയോ അല്ല ഈശ്വരനെ സ്വീകരിക്കേണ്ടത്. ക്രമേണ ഈശ്വരനും ,ഞാനും ഒന്നാണെന്ന, പരമസത്യം വെളിവാകും.
ദിവസത്തിൽ കുറച്ചുസമയം ഈശ്വരനു വേണ്ടി ചെലവഴിക്കുക എന്നതുമാത്രമാണ് നമ്മൾ ചെയ്യേണ്ടത്. കണ്ണുകൾ അടച്ചിരിക്കുമ്പോൾ , എന്തെങ്കിലും കാണണമെന്ന ചിന്തയിൽ അതിനായി ശ്രമിക്കരുത്. പല വിചാരങ്ങൾ വന്നോട്ടെ, അത് ശ്രദ്ധിക്കാതിരുന്നാൽ മതി. ഈശ്വരനിൽ ശരണപ്പെട്ട് നിങ്ങൾക്ക് ഒരു മണിക്കൂർ കണ്ണടച്ച് ധ്യാനിക്കാൻ ഇരിക്കാൻ കഴിഞ്ഞാൽ അത് ഒരു വലിയ നേട്ടമാണ്. ഇതുവഴി ആത്മീയമായ ഒരു ഉണർവ് നിങ്ങൾ അറിയാതെ തന്നെ വന്നുചേരും. ഒരു അത്ഭുതവും പ്രതീക്ഷിക്കാതെ, നിങ്ങൾക്ക് മാത്രം വന്നുചേരുന്ന അനുഭവങ്ങൾക്ക് സാക്ഷ്യം പറയാതെ, നന്ദിയോടെ ധ്യാനം തുടരുക.




🙏