സിംഗപ്പൂർ നിന്ന് ജൂലി ഇത്തവണ അവധിക്ക് നൂറിരട്ടി സന്തോഷത്തോടെയാണ് തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സ്കൂൾ തലം തൊട്ട് കോളേജ് കാലഘട്ടം വരെ തൻറെ കൂടെ ഒന്നിച്ചു പഠിച്ച ഉറ്റസുഹൃത്തിന്റെ മകളുടെ കല്യാണം കൂടാൻ ഇത്തവണ സാധിക്കുമല്ലോ എന്നതായിരുന്നു സന്തോഷത്തിനു കാരണം. കല്യാണത്തിൽ പങ്കെടുക്കു ന്നതിനേക്കാൾ സന്തോഷം ആയിരുന്നു ആ സമയത്ത് തന്നോടൊപ്പം പഠിച്ച മിക്കവാറും എല്ലാ കൂട്ടുകാരികളെയും കാണാൻ ഒരു അവസരം കിട്ടുമല്ലോ എന്നത്. ബന്ധുക്കളയൊക്കെ കണ്ടു കഴിഞ്ഞ ഉടനെ തന്നെ ജൂലി തൻറെ സുഹൃത്തായ ശ്രീവിദ്യയുടെ വീട്ടിൽ ഓടിയെത്തി കല്യാണ വിശേഷങ്ങൾ ഒക്കെ അറിയാൻ. എന്നും വീഡിയോ കോളിൽ സംസാരിക്കാറുണ്ട് എങ്കിലും നേരിട്ട് ഒന്ന് കാണാൻ കൊതിച്ചിരുന്നു. ശ്രീവിദ്യയ്ക്ക് ഒരേയൊരു മകളെ ഉള്ളൂ.പഠനം കഴിഞ്ഞ ഉടനെ ടെക്നോപാർക്കിൽ ഐടി കമ്പനിയിൽ ജോലിയും തരമായി. കൂടെ ജോലിചെയ്യുന്ന നോർത്തിന്ത്യൻ പയ്യനെയാണ് അവൾക്ക് വിവാഹം കഴിക്കാൻ താല്പര്യം എന്ന് പറഞ്ഞപ്പോൾ ആരും എതിർത്തില്ല എല്ലാം മക്കളുടെ ഇഷ്ടം,സന്തോഷം അത് മാത്രമാണല്ലോ ഇപ്പോൾ മാതാപിതാക്കന്മാർ നോക്കുന്നത്.
മകളുടെ ആവശ്യപ്രകാരം സേവ് ദ ഡേറ്റ്, ഉറപ്പിക്കൽ ചടങ്ങ്, ഫോട്ടോഷൂട്ട്,മധുരം വെപ്പ്,മെഹന്തി,സംഗീത് വേദി, കന്യാദാനം, ഗൃഹപ്രവേശം, വിവാഹം, വിവാഹ റിസപ്ഷൻ,പോസ്റ്റ് വെഡിങ് ഷൂട്ട്….. ഇതെല്ലാം ശ്രീവിദ്യയും ഭർത്താവും അറേഞ്ച് ചെയ്തുകൊണ്ടിരിക്കുന്ന തിരക്കിലായിരുന്നു.
മൂന്നാല് ദിവസം കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി ജൂലിയ്ക്ക് ശ്രീവിദ്യയുടെ ഒരു ഫോൺ വരുന്നത്. “അത്യാവശ്യമായി നീ ഇവിടം വരെ ഒന്ന് വരണം. എനിക്കത് ഫോണിലൂടെ പറയാൻ പറ്റില്ല. എൻറെ മോള് തന്നെ നിന്നോട് സംസാരിക്കാം എന്ന് ഏറ്റിട്ടുണ്ട്. എല്ലാം മുഖദാവിൽ പറയാം. “ എന്നും പറഞ്ഞ് ശ്രീവിദ്യ ഫോൺ കട്ട് ചെയ്തു.
കല്യാണം മാറി പോയിട്ട് ഉണ്ടാകുമോ? ഇവരുടെ ബന്ധം ബ്രേക്ക് അപ്പ് ആയി കാണുമോ? എന്തായിരിക്കും സംഭവിച്ചത്.ജൂലിക്ക് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. എന്തായാലും ശ്രീവിദ്യയെ നേരിൽ കാണുക തന്നെ.ജൂലി ഊബറും ബുക്ക് ചെയ്ത് നേരെ ശ്രീവിദ്യയുടെ വീട്ടിലെത്തി.
കരഞ്ഞുകലങ്ങിയ മുഖവുമായി ശ്രീവിദ്യ ജൂലിയുടെ കയ്യിൽ പിടിച്ചിട്ടു പാർവ്വതി ജയറാം ചതിച്ചു എന്ന് പറഞ്ഞു. ചെന്നൈയിൽ ഇരിക്കുന്ന പാർവതിജയറാമും ഈ കല്യാണവുമായി എന്തു ബന്ധം? ജൂലി അന്തംവിട്ടുപോയി. അപ്പോഴാണ് ശ്രീവിദ്യയുടെ മകൾ വന്ന് കാര്യം പറഞ്ഞത്.
“ അത് ആൻറി, വെരി സോറി. ആൻറിക്ക് എൻറെ കല്യാണം കൂടാൻ പറ്റും എന്നു തോന്നുന്നില്ല.കല്യാണം മൂന്നുമാസത്തേക്ക് മാറ്റിവെച്ചു. ആൻറിക്ക് 25 ദിവസത്തെ അവധി അല്ലേ ഉള്ളൂ അതിനുള്ളിൽ അമ്മയെക്കൊണ്ട് ഈ ഡാൻസ് പഠിപ്പിച്ചെടുക്കാൻ പറ്റുമെന്നു തോന്നുന്നില്ല.”
ജൂലിക്ക് ഒന്നും മനസ്സിലായില്ല. മോളുടെ കല്യാണത്തിന് ശ്രീവിദ്യ എന്തിനാണ് ഡാൻസ് പഠിക്കുന്നത്? മോൾ വലിയ നർത്തകി ആണല്ലോ നിങ്ങൾ രണ്ടുപേരും കൂട്ടുകാരുംകൂടി സിനിമാറ്റിക് ഡാൻസ് ചെയ്താൽ പോരേ അതല്ലേ ഇപ്പോൾ പതിവ്.
“അതൊക്കെ പണ്ടായിരുന്നു ആന്റി.പാർവതിയുടെ മകളുടെ കല്യാണത്തിന് സംഗീത് വേദിയിൽ മകളോടുള്ള അമ്മയുടെ സ്നേഹത്തെ കുറിച്ച് വിവരിക്കുന്ന ഒരു ഡാൻസ് പാർവതിജയറാം ചെയ്തു.
*ഒരു ദൈവം തന്ത പൂവേ
കണ്ണിൽ തേടൽ എന്നെ തായേ
വാഴ് തുടങ്ങുനീ താനെ
വാനം മുടിയുമിടം നീ താനെ
മാട്രൈ പോലെ നീ വന്തയെ
കന്നത്തിൽ മുത്തമിട്ടാൽ……*
ഈ ഡാൻസ് പാർവതി ചെയ്തുകഴിയുമ്പോൾ മകൾ കരഞ്ഞു കൊണ്ടു വന്ന് അമ്മയെ കെട്ടിപ്പിടിക്കും. ഇപ്പോൾ എല്ലാ കല്യാണങ്ങൾക്കും പെൺകുട്ടികളുടെ അമ്മമാർ ഇങ്ങനെ നൃത്തം ചെയ്യുന്നതാണത്രേ പുതിയ ട്രെൻഡ്.”
അതല്ലെങ്കിൽ കൂട്ടുകാരികളൊക്കെ അവളെ കളിയാക്കും അതുകൊണ്ട് അമ്മ ആ ഡാൻസ് പഠിക്കാൻ ഒരു ഡാൻസ് മാസ്റ്ററെ വീട്ടിൽ വരുത്തി പഠിച്ചു കൊണ്ടിരിക്കുകയാണ്. അമ്മയ്ക്ക് നൃത്തത്തിന്റെ എബിസിഡി അറിയാത്തതും തടിയും രണ്ടും പ്രധാന തടസ്സങ്ങളാണ്. നർത്തകിക്ക് ആദ്യം വേണ്ടത് നല്ല ശരീരഘടന ആണല്ലോ. അതുകൊണ്ട് വ്യായാമം, യോഗ ഒക്കെ ചെയ്ത് അമ്മയുടെ തടി ആദ്യം കുറയ്ക്കണമെന്ന് പറഞ്ഞു നൃത്താധ്യാപകൻ. അത് കഴിഞ്ഞു രണ്ടോ മൂന്നോ ആഴ്ച കൊണ്ട് അമ്മയെ പഠിപ്പിച്ചെടുക്കാം എന്ന് അധ്യാപകൻ വാക്ക് കൊടുത്തിട്ടുണ്ടത്രേ!
മോൾടെ ഒരു ആഗ്രഹത്തിനും ഇന്നുവരെ എതിരു നിൽക്കാത്തതുകൊണ്ട് കല്യാണം അതനുസരിച്ച് മാറ്റിവച്ചിരിക്കുകയാണ്. ഭാവി മരുമകനും ഈ നൃത്തം അമ്മ ചെയ്യണം എന്ന് നിർബന്ധം ആണ്. ഇതെല്ലാം കേട്ട് അത്ഭുതപരതന്ത്രയായി ജൂലി പറഞ്ഞു. “എൻ്റെ ദൈവമേ ഞാൻ രക്ഷപ്പെട്ടു. എനിക്ക് രണ്ട് ആൺമക്കൾ ആയത്. അല്ലെങ്കിൽ ഞാൻ ഇനി ഈ വയസ്സുകാലത്ത് ഡാൻസ് പഠിക്കേണ്ടി വരില്ലേ.? “
എന്നാ നീ അത്രയധികം സന്തോഷിക്കുകയും ഒന്നും വേണ്ട പാർവതി മകൻ കാളിദാസിന്റെ കല്യാണത്തിന്
*ചിന്ന ചിരു കിളിയെ കണ്ണമ്മ
സിൽവാനകലഞ്ചിനിയമേയെ
എന്നെയേ കാളി തീർത്ഥ യ് ഉലകിൽ
യെത്രം പൂരിയ വന്തായി പിള്ള കാണി അമൃതെയു കണ്ണമ്മ പേസും പൊൻ ചിത്തിരമേ ……*
എന്ന് പറഞ്ഞ് ഡാൻസ് ചെയ്തിരുന്നുവത്രേ. അതോടെ ജൂലിയുടെ മനസ്സമാധാനവും തകർന്നു.
വിവരങ്ങളൊക്കെ അറിഞ്ഞപ്പോൾ പ്രശ്നപരിഹാരത്തിനായി AI യെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു എന്ന് ജൂലിയുടെ ഭർത്താവ് അഭിപ്രായപ്പെട്ടു. അദ്ദേഹം IT പ്രൊഫഷനലും ഒരു AI വിദഗ്ധനും ആയിരുന്നു. ആ സമയത്ത് ശ്രീവിദ്യ സ്റ്റേജിൽ വരിക. എല്ലാവരുടെയും ശ്രദ്ധയിൽ പെടുന്നതിനുമുമ്പുതന്നെ വീഡിയോ പ്ലേ ചെയ്യുക. രവിവർമ്മയുടെ പെയിൻറിങ്ങിൽ ദമയന്തി അരയന്നത്തിന്റെ പുറകെ ഓടുന്നത് പോലെയും ട്രമ്പ് മലയാളത്തിൽ “എൻറമ്മേടെ ജിമിക്കി കമ്മൽ”….. എന്ന പാട്ട് പാടുകയും ചെയ്യുന്നതുപോലെ AI ഉപയോഗിച്ച് ശ്രീവിദ്യയെ കൃശഗാത്രി ആക്കുകയും നൃത്തം ചെയ്യിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സ്റ്റേജിൽ പ്രദർശിപ്പിക്കുകയും ചെയ്യാമെന്ന ജൂലിയുടെ ഭർത്താവിൻറെ നിർദേശം എല്ലാവർക്കും സ്വീകാര്യമായിരുന്നു.
ഇതു താൻ ഭംഗിയായി കൈകാര്യം ചെയ്തു തരാം എന്ന് പറഞ്ഞതോടെ ശ്രീവിദ്യ ആനന്ദ തുന്തിലയായി. അങ്ങനെ വിവാഹം മാറ്റിവെക്കാതെ രക്ഷപ്പെട്ടു. എല്ലാം വിചാരിച്ചതിനേക്കാൾ മംഗളമായി നടന്നു.നിർമിതബുദ്ധി ക്ക് നന്ദി! കാലം പോയ പോക്കേ!എല്ലാം നിർമ്മിതബുദ്ധി മയം!
ഇനിയും എന്തൊക്കെ മാറ്റം…
Ha…ha…. കലക്കി ….. എന്തായാലും AI രക്ഷക്കെത്തിയത് ഭാഗ്യം

ഇത്രയും ഇഷ്ടമുള്ള സിനിമാനടിയായ പാർവ്വതി ഇങ്ങനെയൊക്കെ ചെ
യ്യുമെന്ന് ആര് വിചാരിച്ചു. എന്തായാലും ഡാൻസ് പഠിച്ചിട്ടില്ലാത്ത അമ്മമാർക്ക് ഈ ഐ
ഡിയ ഉപകാരപ്രദം
ഈ വായനക്കും അഭിപ്രായത്തിനും രണ്ടു പേർക്കും നന്ദി.
ആഹാ
A I Super 
