പഴമയുടെ പുസ്തകത്താൾ മറിക്കാൻ
വീണ്ടു-
മൊരു മയിൽപ്പീലിയുടെ
പിറവികാണാൻ
ഒരുപൊതിച്ചോറിന്റെ രുചി മണക്കാൻ
കൂട്ടി-
നിടവഴിയിലാരെയോ
കാത്തുനിൽക്കാൻ.
കൊതിയോടെയോർമ്മകൾ
വാരിപ്പുണർന്നു,
ഞാനാപ്പഴയ ബാല്യം തിരഞ്ഞുപോകേ,
തെളിയുന്നതാദ്യമായാത്മാവിലെന്നുമെ-
ന്നച്ഛന്റെ മണമുള്ളൊരോലക്കുടിൽ.
മറയുന്ന സൂര്യന്റെ
മഞ്ഞപ്രകാശത്തിലു-
യരുന്ന ചിതയിലെ ജ്വാല കാണാം
തണലിന്റെ ശിഖരങ്ങളടരുന്ന
നോവിലാ-
ത്തളരുന്ന കുടിലിന്റെ തേങ്ങൽ
കേൾക്കാം.
രാമായണത്തിന്റെ വിറയാർന്ന
ശീലുകൾ
രാമച്ചഗന്ധം പുതച്ചുനിൽക്കേ
വിരഹംവിതുമ്പുന്ന രാത്രിമഴയിൽ
അച്ഛ-
നൊരു കുഞ്ഞുകാറ്റിൻതലോടലായി.
ഉരുകുന്ന
കദനത്തിലിരുളിൽക്കൊളുത്തി-
യെൻ വിജനമാംമുറിയിൽ
പ്രകാശനാളം
പരതി ഞാനച്ഛന്റെയവസാനസമ്മാന-
മുലയുന്ന മെഴുതിരിവെളിച്ചത്തിലും.
എപ്പോളോ ചൊല്ലിയൊരു മോഹം
മറക്കാതെ
രണ്ടുനാൾ മുൻപെനിക്കേകിയച്ഛൻ
തൂവെള്ളവസ്ത്രം ധരിച്ചവർ പത്തുപേർ
നീലത്തലപ്പാവണിഞ്ഞ കൂട്ടർ.
ഉത്തരത്താളുകളിലക്ഷരങ്ങൾക്കവർ
ആകാശനീലിമച്ചന്തമേകി
ഉത്തരേ
നിൻപ്രണയപുസ്തകത്താളിലെൻ
ഭാവനകൾ പനിനീർദളങ്ങളാക്കി.
പിന്നെയെൻ ചിന്തകൾക്കൊപ്പം
ചലിച്ചെത്ര
മുനയുള്ള കവിതകൾ, ലേഖനങ്ങൾ
വിദ്യാർത്ഥിരാഷ്ട്രീയവീഞ്ഞിന്റെ
ലഹരിയിൽ
വാളായി വാക്കിൻവിമർശനങ്ങൾ.
ഒൻപതും നഷ്ടമായ് കാലപ്രവാഹത്തി-
ലൊന്നു ഞാൻ ഭദ്രമായ് മാറ്റിവച്ചു
ഓർമ്മച്ചിതൽപ്പുറ്റു
പൊട്ടിക്കുവാനെൻറെ-
യച്ഛന്റെ ഗന്ധം നുകർന്നെടുക്കാൻ.
കാലങ്ങളേറെയെന്നാശപോൽ
പ്രൗഢിയിൽ
കീശയിൽ സ്ഥാനംപിടിച്ച സ്‌നേഹം
കൈവിരൽത്തുമ്പോടു
ചേർന്നിരുന്നാത്മാവി-
ലിറ്റിച്ചു താതന്റെ ഭൂതകാലം.
തിരികേ തുഴഞ്ഞു ഞാൻ
തീരത്തടുക്കവേ
ഓർമ്മക്കടൽ ശാന്തമായി പിന്നിൽ
ഖദറിട്ടവർ കാത്തുനിൽക്കുന്നു
വാതിലിൽ
നിഴൽപോലുമൊപ്പുവാൻ മാധ്യമങ്ങൾ.
സത്യപ്രതിജ്ഞയ്ക്കു
പോകുവാൻനേരമാ-
യുത്തരേ നിൻമുഖം കണ്ടിറങ്ങാം
പുഞ്ചിരിച്ചെത്തിയവൾനല്ലപാതി എന്റെ
യനുരാഗവനിയിലെ ചെമ്പരത്തി.
പ്രിയമോടെ സൂക്ഷിച്ചൊരച്ചന്റെ
സമ്മാന-
മവളെന്റെ കീശയിൽ തിരുകിവച്ചു
റയനോൾഡ്സുപേനയല്ലച്ഛനാണച്ഛന്റെ-
യാത്മാവിലൂറുന്ന കരുതലാണ്.
വെള്ളയിൽ നീലത്തലപ്പാവണിഞ്ഞവൻ
അച്ഛന്റെ സ്നേഹമായ് ചേർന്നിരിക്കേ
അറിയുന്നു ഞാനാ നിലാവിന്റെ
സാന്നിധ്യ-
മുണരുന്നു സിരകളിൽ
പുതിയൊരൂർജ്ജം.
മനസ്സിൽ തട്ടുന്ന കവിത… അച്ഛൻ പേനയിലൂടെ ജീവിക്കുന്നു 🥰😔