Logo Below Image
Friday, April 4, 2025
Logo Below Image
Homeഅമേരിക്കഗണതന്ത്ര (റിപ്പബ്ലിക്) ദിനം . ✍അഫ്സൽ ബഷീർ തൃക്കോമല

ഗണതന്ത്ര (റിപ്പബ്ലിക്) ദിനം . ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു ജനാധിപത്യ പരമാധികാര രാഷ്ട്രമായി പരമാധികാരം ജനങ്ങളിൽ നിക്ഷിപ്‌തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മുഖേന അത്‌ വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായം നിലവിൽ വന്നതാണ് 1950 ജനുവരി 26 ,നാം റിപ്പബ്ലിക് ദിനം അഥവാ ഗണതന്ത്ര ദിനമായി ആചരിക്കുന്നത് .

പൊതുകാര്യം എന്നർഥം വരുന്ന റെസ് പബ്ലിക്ക (Res Publica)എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിപ്പബ്ലിക് എന്ന പദം രൂപപ്പെട്ടത് . ഒരു ഗണതന്ത്ര രാജ്യത്തിൽ രാഷ്ട്രത്തലവനും ഭരണത്തലവനും ഒരേ വ്യക്തിയായാൽ അത് രാഷ്ട്രപതി സമ്പ്രദായം എന്നറിയപ്പെടുന്നു അമേരിക്കയിൽ . അത്തരം ഭരണ സംവിധാനമാണ് നിലനിൽക്കുന്നത്. ഗണതന്ത്ര രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത വ്യക്തികളായിരിക്കും. ഇത്തരം രാജ്യങ്ങളിൽ ഭരണത്തലവൻ പ്രധാനമന്ത്രി എന്നറിയപ്പെടുന്നു. ചില രാജ്യങ്ങളിൽ രാഷ്ട്രത്തലവനും ഭരണത്തലവനും വ്യത്യസ്ത രാഷ്ട്രീയപാർട്ടികളിൽ നിന്നാകണമെന്ന് നിർബന്ധമുണ്ട്‌.ഇതെല്ലാം രാജ്യത്തിന്റെ ഭരണഘടനക്ക് വിധേയമായിരിക്കും .

1946-ലെ കാബിനെറ്റ്‌ മിഷന്റെ നേതൃത്വത്തിൽ (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) ഇന്ത്യൻ ഭരണഘടന രൂപവത്കരണത്തിനുള്ള തീരുമാനത്തിലെത്തുകയും ,തുടർന്ന് പതിമൂന്നു കമ്മിറ്റികളിലായി പ്രാദേശിക നിയമസഭകളിൽ നിന്നും തിരഞ്ഞെടുത്തവരും,നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും അടങ്ങുന്ന 389 അംഗങ്ങളുണ്ടായിരുന്ന ഈ സഭയുടെ അംഗത്വം ഇന്ത്യ വിഭജനത്തോടെ 299 അംഗങ്ങളായി ചുരുങ്ങി. സഭയുടെ ആദ്യ യോഗം 1946, ഡിസംബർ 9-നും ചേരുകയും ഡോ.സച്ചിദാനന്ദ സിൻഹയെ താത്കാലിക ചെയർമാനായി തീരുമാനിക്കുകയും 1949, നവംബർ 26 വരെ അദ്ദേഹം തുടരുകയും ചെയ്തു .1946 ഡിസംബർ 11-നു് ‍ഡോ. രാജേന്ദ്രപ്രസാദിനെ സഭയുടെ പ്രസിഡന്റായും നിയമോപദേഷ്ടാവായി ശ്രീ ബി.എൻ. റാവുവുനേയും തെരഞ്ഞെടുത്തു.
1947ഓഗസ്റ്റ്, 29-നു് സഭ, അന്നത്തെ നിയമമന്ത്രിആയിരുന്ന ഡോ.ബി.ആർ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്‌) കമ്മിറ്റി രൂപവത്കരിച്ചു. .
ഇന്ത്യൻ ഭരണഘടന പൂർത്തിയാക്കാൻ കൃത്യം രണ്ടു വർഷം, പതിനൊന്ന് മാസം, പതിനെട്ട് ദിവസം വേണ്ടി വന്നു.കരടു ഭരണഘടനയിൽ 7,635 ഭേദഗതികൾ നിർദ്ദേശിക്കപ്പെടുകയും അവയിൽ 2,437 ഭേദഗതികൾ അംഗീകരിക്കുകയും ചെയ്തു . ഭരണഘടനയുടെ ആദ്യപകർപ്പ്‌ 1948 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു.
1949 നവംബർ 26-ന്‌ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിച്ചു . ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാ വർഷവും നവംബർ 26-ാം തീയതി ഇന്ത്യയിൽ നിയമ ദിനമായി ആചരിക്കുന്നത്.ഇന്ത്യയുടെ ഭരണഘടന സഭയുടെ അംഗങ്ങൾ 1950 ജനുവരി 25-നു ഒപ്പുവച്ചു . തുടർ‍ന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്‌തത്‌ 1950 ജനുവരി 26-നായിരുന്നു. തുടർന്ന് എല്ലാ വർഷവും ജനുവരി 26-ാം തീയതി ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു.ഘടകസഭയുടെ അംഗീകാരം ലഭിച്ച , ഇന്ത്യൻ ഭരണഘടനയിൽ 395 വകുപ്പുകളും, 8 പട്ടികകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോൾ, 444-ലേറെ വകുപ്പുകളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌. ഏറ്റവും അധികം ഭേദഗതികൾക്കു വിധേയമായ ഭരണഘടനയും നമ്മുടേതാണ് .

1954 ജനുവരി 2-ന് ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസിൽ നിന്ന് രണ്ട് സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയും ത്രിതല പത്മവിഭൂഷണും പ്രഖ്യാപിച്ചു .1955 ജനുവരി 15-ന്, പത്മ വിഭൂഷണിനെ മൂന്ന് വ്യത്യസ്ത പുരസ്കാരങ്ങളായി പുനഃക്രമീകരിച്ചു ഒന്നാമതായി പത്മവിഭൂഷൺ, തുടർന്ന് പത്മഭൂഷണും പത്മശ്രീയും. ഈ പുരസ്‌കാരങ്ങൾ റിപ്പബ്ലിക് ദിന തലേന്ന് പ്രഖ്യാപിക്കുന്നു .മൊറാർജി ദേശായി ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ “ഈ പുരസ്കാരങ്ങൾ വിലയില്ലാത്തതും രാഷ്ട്രീയവൽക്കരിക്കപ്പെട്ടതുമാണ്” എന്ന നിരീക്ഷണത്തിൽ നിർത്തി വെച്ചതും ചരിത്രം .വീണ്ടും 1980 ജനുവരി 25ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതിന് ശേഷം ഇത് പുനസ്ഥാപിച്ചുവെങ്കിലും നിരവധി വ്യവഹാരങ്ങളാണ് ഇതിനെ ചോദ്യം ചെയ്തു ഇന്ത്യയിലെ വിവിധ ഹൈകോടതികളിലും സുപ്രീം കോടതിയിലും സമർപ്പിച്ചിട്ടുള്ളത്.ഇതിനെ തുടർന്ന് 1992 ഓഗസ്റ്റ് 25-ന് മധ്യപ്രദേശ് ഹൈക്കോടതി എല്ലാ സിവിലിയൻ അവാർഡുകളും താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് നോട്ടീസ് പുറപ്പെടുവിച്ചു .പിന്നീട് 1995 ഡിസംബർ 15-ന് എ.എം. അഹമ്മദി സി.ജെ., കുൽദീപ് സിംഗ്, ബി.പി. ജീവൻ റെഡ്ഡി, എൻ.പി. സിംഗ്, എസ്. സഗീർ അഹമ്മദ് എന്നിവരടങ്ങുന്ന അഞ്ച് ജഡ്ജിമാർ ഉൾപ്പെടുന്ന സുപ്രീം കോടതി സ്പെഷ്യൽ ഡിവിഷൻ ബെഞ്ച് അവാർഡുകൾ പുനഃസ്ഥാപിക്കുകയും .”ഭാരത് രത്ന, പത്മ പുരസ്കാരങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 18 പ്രകാരമുള്ള പദവികളല്ല” എന്ന് വിധിന്യായത്തിൽ പ്രസ്താവിക്കുകയും ചെയ്തു .കാല കാലങ്ങളിൽ അനര്ഹര്ക്കും സർക്കാരിന്റെ പിണിയാളുകൾക്കും പരമോന്നത ബഹുമതിയുൾപ്പടെ യാതൊരു മാനദണ്ഡങ്ങളും നോക്കാതെ കൊടുക്കുകയും അത് ഇത്തരം പുരസ്‌കാരങ്ങളുടെ വില ഇല്ലാതാക്കി എന്നത് പറയാതെ വയ്യ .

റിപ്പബ്ലിക്കാനന്തര രാജ്യം നേരിട്ട പ്രതിസന്ധികൾ തരണം ചെയ്യുന്നതിലും രാജ്യത്തിന്റെ വികസനവും മാനവ വിഭവ ശേഷി പ്രയോജനപ്പെടുത്തുന്നതിലും കാലാകാലങ്ങളിൽ ഭരണനിർവഹണം നടത്തിയവർ വിജയിച്ചോ എന്നതും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിച്ചിട്ടുണ്ടോ എന്നതുമാണ് പ്രധാന ചോദ്യം . ഭരണഘടനാ തത്വങ്ങളെ കാറ്റിൽ പറത്തി സ്വജനപക്ഷപാതവും ചേരിതിരിവുമുണ്ടാക്കി ഭരണം ഉറപ്പിക്കാൻ മുതിർന്നാലും രാജ്യത്തെ അധസ്ഥിത വർഗ്ഗത്തെയും ന്യൂന പക്ഷങ്ങളെയും രാജ്യത്തിന്റെ നട്ടെല്ലായ കർഷകരെയും തെരുവിൽ കൈകാര്യം ചെയ്യാൻ ശ്രമിച്ചാലും രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കുകയും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരെ അപമാനിക്കുകയും ഭരണഘടനയെ നോക്കുകുത്തിയാക്കാൻ ശ്രമിക്കുകയും ഒക്കെ ചെയ്യുന്പോഴും രാജ്യത്തിനകത് അശാന്തി പടരുക മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ മാനം നഷ്ടപെടുമെന്നുകൂടി ഭരണകർത്താക്കൾ ബോധവാന്മാരാകണം .

പരമാധികാരം ജനങ്ങളിൽ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മുഖേന അത് വിനിയോഗിക്കുകയും ചെയ്യുന്ന ഭരണ സമ്പ്രദായമാണ് “ഗണതന്ത്രം” അഥവാ റിപ്പബ്ലിക് അത് പ്രഭു ഭരണത്തിനും രാജവാഴ്ചക്കുമെതിരാണെന്നും ഭരണാധികാരികൾ ഓർമ്മിക്കണം.

ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി തുടരാൻ ഭരണാധികാരികളും പ്രതിപക്ഷ കക്ഷികളും ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് പൗരന്മാരെ ഐക്യത്തോടും പരസ്പര സ്നേഹത്തോടും രാജ്യത്തിനകത് ജീവിക്കാൻ അനുവദിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയും മത നിരപേക്ഷതയും കാത്തു സൂക്ഷിക്കാൻ ജാഗ്രത പുലർത്തുകയും നാനാത്വത്തിൽ ഏകത്വവും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുകയും ,പൊതു ജനം രാജ്യത്തിന്റെ വ്യവസ്ഥിതികളെയും ഭരണ ഘടനയെയും അനുസരിക്കുകയും ഭരണാധികാരികളുടെ മൗലീകാവകാശ ലംഘനങ്ങളെ അഹിംസയിലൂന്നിയ സമര മുറകളിലൂടെ തിരുത്തുകയും ചെയ്‌താൽ നമ്മുടെ രാജ്യം ശാന്തിയുടെയും സമാധാനത്തിന്റെയും ജനാധിപത്യ രാജ്യമായി തുടരും.

റിപ്പബ്ലിക് ദിനാശംസകൾ …

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments